കൊച്ചി: സാധാരണക്കാരായ ജനങ്ങളെ മത നിയമത്തിന്റെ പേരില്‍ കുടിയിറക്കാന്‍ അധികാരം നല്‍കുന്ന ജനവിരുദ്ധ വഖഫ് നിയമം ഉടച്ച് വാര്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് ഫാദര്‍ ജോഷി മെയ്യാറ്റില്‍ പറഞ്ഞു. ദേശീയ നിയമദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ വഖഫ് നിയമം ജനവിരുദ്ധമോ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2008-ല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുഖപത്രമായ തേജസില്‍ വന്ന ലേഖന പരമ്പരയിലൂടെ തുടങ്ങിയ വന്‍ ഗൂഢാലോചനയാണ് ഇന്ന് മുനമ്പത്തെ വഖഫ് അധിനിവേശത്തില്‍ വന്നു നില്‍ക്കുന്നത്. മുനമ്പത്ത് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്ന ഭൂമി വഖഫ് അല്ലെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിന് പകരം സമ്പൂര്‍ണമായി റദ്ദ് ചെയ്യണമെന്ന് സെമിനാറില്‍ സംസാരിച്ച അഡ്വ. ശങ്കു ടി. ദാസ് പറഞ്ഞു. വഖഫ് ബോര്‍ഡിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്ന നിലവിലെ വഖഫ് നിയമം ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും മനുഷ്യാവകാശ ലംഘനവും ആണ്. നിലവിലെ ഒരു മത വിഭാഗത്തിന് അനുകൂലമായ രീതിയില്‍ നിയമനിര്‍മാണം നടത്തിയിരിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡോ. എം. രാജേന്ദ്ര കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എം. എന്‍ മന്മഥന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം. എസ്. കിരണ്‍, ജില്ലാ സെക്രട്ടറി അഡ്വ. എം. ബി. സുദര്‍ശന കുമാര്‍, ഹൈക്കോര്‍ട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ. ഐ.ഷീല ദേവി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ്. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: