Kerala

വത്തിക്കാൻ സർവമത സമ്മേളനം ആരംഭിച്ചു; മാർപാപ്പ ഇന്ന് ആശീർവദിക്കും

വത്തിക്കാൻ : ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിലുള്ള സർവ്വമത സമ്മേളനം വത്തിക്കാനിൽ ആരംഭിച്ചു. ഇന്ന് ഇന്ത്യന്‍  സമയം ഉച്ചയ്‌ക്ക് 1.30 ന് ഫ്രാൻസിസ് മാർപ്പാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

കർദിനാൾ ലസാരു ഉദ്ഘാടനം ചെയ്യും സ്വാമി സച്ചിതാനന്ദ അദ്ധ്യക്ഷത വഹിക്കും. കർണ്ണാടക സ്പീക്കർ യു.ടി.ഖാദർ ഫരീദ്, കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, ചാണ്ടി ഉമ്മൻ എം എൽ എ, ശിവഗിരി തീർത്ഥാടനം ചെയർമാൻ കെ.മുരളിധരൻ,സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർ പ്രസംഗിക്കും.

ശിവഗിരി മഠത്തില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഇന്നലെ തന്നെ എത്തിച്ചേര്‍ന്നു. മതങ്ങളുടെ ഏകതയും സൗഹാര്‍ദ്ദവും സമത്വവും പ്രചരിപ്പിക്കുക എന്നതാകും ലോകമതപാര്‍ലമെന്‍റിന്റെ മുഖ്യലക്ഷ്യം.സമ്മേളന തുടക്കത്തില്‍ ഗുരുദേവന്‍ രചിച്ച ദൈവദശകം പ്രാര്‍ത്ഥന ഇറ്റാലിയന്‍ ഭാഷയില്‍ മൊഴിമാറ്റം ചെയ്തു ആലപിക്കും.

ശിവഗിരിമഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിലാകും സമ്മേളന തുടക്കം. പാണക്കാട് സാദ്ദിഖ് അലി തങ്ങള്‍, കര്‍ണാടക സ്പീക്കര്‍ യു. ടി. ഖാദര്‍, ഫാ. ഡേവിഡ് ചിറമേല്‍, രഞ്ജിത് സിംഗ് (പഞ്ചാബ്), ഡോ. എ. വി ആനൂപ്, കെ. മുരളീധരന്‍ മുരള്യ, ഡോ. സി. കെ. രവി (ചെന്നൈ), ഗോപുനന്ദിലത്ത്, മണപ്പുറം നന്ദകുമാര്‍, ഫൈസല്‍ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സച്ചിദാനന്ദ സ്വാമി തയ്യാറാക്കിയ സര്‍വ്വമതസമ്മേളനം എന്ന ഇറ്റാലിയന്‍ പരിഭാഷയും ഗുരുവും ലോകസമാധാനവും എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പും പ്രകാശനം ചെയ്യും.

മതസമ്മേളനത്തില്‍ റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്സിറ്റി ഇന്‍റര്‍ഫെയ്സ് ഡയലോഗിന്റെ അധ്യക്ഷന്‍ ഫാ. മിഥിന്‍. ജെ. ഫ്രാന്‍സിസ് മോഡറേറ്ററായിരിക്കും. ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം, ജൂത മതപ്രതിനിധികള്‍ക്കു പുറമെ സച്ചിദാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, ഋതഭംരാനന്ദ സ്വാമി, വിശാലാനന്ദ സ്വാമി, ധര്‍മ്മചൈതന്യ സ്വാമി, അസംഗാനന്ദഗിരി സ്വാമി, സംഘാടക സെക്രട്ടറി വീരേശ്വരാനന്ദ സ്വാമി, ഹംസതീര്‍ത്ഥ സ്വാമി, സ്വാമിനി ആര്യാനന്ദാദേവി തുടങ്ങിയവര്‍ ശിവഗിരിമഠത്തെ പ്രതിനിധീകരിച്ചു പ്രസംഗിക്കും.

ഇന്ത്യയില്‍ നിന്നുളളവര്‍ക്കു പുറമെ ഇറ്റലി, ബഹറിന്‍, ഇന്‍ഡോനേഷ്യ, അയര്‍ലന്‍റ്, ദുബായ്, അബുദാബി, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി പതിനഞ്ചില്‍പരം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ വത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക