Kerala

ഉത്സവനടത്തിപ്പിനുള്ള നിയമ തടസം സര്‍ക്കാരുകള്‍ ഇടപെടണം: ഹിന്ദു ഐക്യവേദി

Published by

തൃശൂര്‍: ക്ഷേത്ര ഉത്സവങ്ങളും ആഘോഷങ്ങളും നടത്തുന്നതിലുള്ള നിയമ തടസം ഒഴിവാക്കുന്നതിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് നിയമഭേദഗതി വരുത്തണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

നൂറ്റാണ്ടുകളായി നടന്നു വരുന്ന ക്ഷേത്ര ഉത്സവങ്ങള്‍ നടത്തുന്ന ക്ഷേത്ര സമിതി ഭാരവാഹികള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിയമലംഘനം നിരന്തരം നടക്കുന്ന നാട്ടില്‍ ഉത്സവങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള കോടതിയുടെ ഇടപെടല്‍ ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. ഉത്സവ ആഘോഷങ്ങള്‍ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരന്റെ ഉപജീവനമാര്‍ഗ്ഗമാണ്. ഉത്സവങ്ങളുടെ പകിട്ട് കുറയുന്നത് ഇവരുടെ ജീവിതത്തെ ദുരിതമയമാക്കും. തൃപ്പൂണിത്തുറ ക്ഷേത്രോത്സവം പതിവു പോലെ നടത്തിയാല്‍ സംഘാടകര്‍ ജയിലില്‍ പോകുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ക്ഷേത്ര ഉത്സവങ്ങള്‍ ആചാരങ്ങളുടെ നടത്തിപ്പ് മാത്രമല്ല. ആചാരങ്ങളോടൊപ്പം ക്ഷേത്രകലകളും, താളമേളങ്ങളും ഘോഷയാത്രകളും എല്ലാം അടങ്ങുന്ന ഭക്തജനങ്ങള്‍ ഒരുമിച്ചുകൂടി ആഹ്ലാദവും സന്തോഷവും പങ്കുവെക്കുന്നതാണ്.

ആന എഴുന്നള്ളിപ്പ് നൂറ്റാണ്ടുകളായി ഉത്സവത്തിന്റെ ഭാഗമാണ്. ഹിന്ദു സമൂഹത്തില്‍ ഉത്സാഹവും ഉണര്‍വും ഏകതയും ഉണ്ടാക്കുന്നതില്‍ ഉത്സവങ്ങള്‍ക്ക് വലിയ പങ്കുണ്ട്. തൃശൂര്‍ പൂരം ഉള്‍പ്പടെ ലോകപ്രശ്സതമായ ഉത്സവങ്ങളെയും ഗ്രാമഗ്രാമാന്തരങ്ങളിലുള്ള ക്ഷേത്രോത്സവങ്ങളേയും കോടതിയുടേയും, ഉദ്യോഗസ്ഥരുടേയും നടപടി പ്രതികൂലമായി ബാധിക്കും.

ക്ഷേത്രോത്സവങ്ങളുടെ സുഗമമായ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ നടപടി കൈക്കൊള്ളാത്ത പക്ഷം ക്ഷേത്ര സമിതികള്‍, ഭക്തജന സംഘടനകള്‍, ക്ഷേത്ര കലാകാരന്മാര്‍, പൊതുജനങ്ങള്‍ എന്നിവരെ ഏകോപിപ്പിച്ച് ജനകീയ പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക