ഷാജി കെ.വി
നബാര്‍ഡ് ചെയര്‍മാന്‍
പൊതുവായ സാമ്പത്തിക അഭിവൃദ്ധി വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്ര വികസനതന്ത്രമെന്ന നിലയില്‍ ‘സഹകാര്‍ സേ സമൃദ്ധി’ (സഹകരണത്തിലൂടെയുള്ള അഭിവൃദ്ധി) രാജ്യത്ത് ശ്രദ്ധേയ ഫലങ്ങളാണ് ഇതുവരെ പ്രദാനം ചെയ്തത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍, ആവര്‍ത്തിച്ചുള്ള വരള്‍ച്ചയും പലിശക്കാരുടെ ചൂഷണവും കാരണമുണ്ടാകുന്ന കര്‍ഷകരുടെ ദാരിദ്ര്യം എങ്ങനെ ലഘൂകരിക്കാം എന്ന വെല്ലുവിളിയാണ് ഇതിനു പ്രേരണ നല്‍കിയത് എന്നു കാണാം. ഗ്രാമീണ സഹകരണ വായ്പാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ സുസ്ഥിരവും ലക്ഷ്യബോധമുള്ളതുമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സംരംഭങ്ങള്‍ കാരണം, ഗ്രാമീണ കുടുംബങ്ങള്‍ പണമിടപാടുകാരെയും ഭൂവുടമകളെയും ആശ്രയിക്കുന്നത് ഇപ്പോള്‍ 4.2% ആയി കുറഞ്ഞു.
രാജ്യത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥയ്‌ക്ക് പുതിയതും സങ്കീര്‍ണവുമായ നിരവധി വെല്ലുവിളികളുള്ളതിനാല്‍, സഹകരണ പ്രസ്ഥാനത്തിന് പുതിയ ദിശയും വലിയ ശ്രദ്ധയും ആവശ്യമാണ്. ഇത്, 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ ഏവര്‍ക്കും മികച്ച ഭാവി പ്രാപ്തമാക്കും. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍; കാര്യക്ഷമമായ ഗ്രാമീണ വിതരണ ശൃംഖല സൃഷ്ടിക്കല്‍, ഭക്ഷ്യവിലപ്പെരുപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറയ്‌ക്കല്‍, കാര്‍ഷികേതര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കാര്‍ഷിക ഉല്‍പ്പാദനക്ഷമതയും കാലാവസ്ഥാ അതിജീവനശേഷിയും വര്‍ധിപ്പിക്കല്‍ ഡിജിറ്റല്‍ ലോകത്ത് അവസരങ്ങള്‍ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയവയാണു പുതിയ വെല്ലുവിളികള്‍. പ്രാദേശികമായുള്ള മികച്ച അറിവ്, മുന്നോട്ടും പിന്നോട്ടുമുള്ള ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനുമുള്ള കഴിവ്, പുതിയ വാണിജ്യ പരിതസ്ഥിതിയുമായി പൊരുത്തപ്പെടാനുള്ള സന്നദ്ധത എന്നിവയാല്‍ സഹകരണ സ്ഥാപനങ്ങള്‍ ഈ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിന് അനുയോജ്യമാകും. സഹകരണ സ്ഥാപനങ്ങള്‍ക്കായി പിന്തുണാ നയങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന്, സാമൂഹിക വികസനത്തിലെ സഹകരണങ്ങളെക്കുറിച്ചുള്ള സെക്രട്ടറി ജനറലിന്റെ (ജൂലൈ 2023) യുഎന്‍ പൊതുസഭ റിപ്പോര്‍ട്ടില്‍ നിന്ന് ഉള്‍ക്കാഴ്ചകള്‍ നേടുന്നത് ഉപയോഗപ്രദമാകും. ഇത് ‘വിപണി പരാജയങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ശാക്തീകരിക്കുന്നതിലൂടെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും സുസ്ഥിര വികസനത്തെ പിന്തുണയ്‌ക്കുന്നതിലൂടെയും സഹകരണ സ്ഥാപനങ്ങള്‍ ദേശീയ സമ്പദ് വ്യവസ്ഥയ്‌ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്നു” എന്ന് ഊന്നിപ്പറയുന്നു. പ്രധാനമായും, ഈ റിപ്പോര്‍ട്ട് സഹകരണ സ്ഥാപനങ്ങള്‍ക്കായി സംരംഭക ആവാസവ്യവസ്ഥയുടെ സമീപനം ശുപാര്‍ശ ചെയ്യുന്നു; എല്ലാ പങ്കാളികളെയും പരസ്പര ബന്ധിത ശൃംഖലയിലൂടെ പ്രാദേശിക പരിതസ്ഥിതിയില്‍ ഒന്നിപ്പിക്കുന്നു.
സഹകരണ മേഖലയില്‍ പാല്‍, പഞ്ചസാര എന്നീ മേഖലകളില്‍ ഭാരതം കൈവരിച്ച വിജയം സംയോജിത സമീപനത്തിന്റെ പ്രാധാന്യം സാക്ഷ്യപ്പെടുത്തുന്നു. 2024 ല്‍ ശതാബ്ദി ആഘോഷിക്കുന്ന, അടിസ്ഥാനസൗകര്യവികസനമേഖലയിലെ ഭാരതത്തിലെ ഏറ്റവും പഴക്കം ചെന്ന തൊഴിലാളി സഹകരണ സംഘമായ, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് വിജയം കൈവരിച്ച മറ്റൊരു പ്രധാന സംരംഭം. ഇത് ബദല്‍ സംരംഭക മാതൃകയുടെ ഉദാഹരണമാണ്. സഹകരണത്തിന്റെ രണ്ട് പ്രത്യേക വശങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്: ഒന്നാമതായി, ”സഹകരണസംഘങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ” പ്രാധാന്യം:- റോഡ് പദ്ധതിക്കായി എടുത്ത വലിയ വായ്പയുടെ ഗഡുക്കള്‍ തിരിച്ചടയ്‌ക്കേണ്ടി വന്നപ്പോള്‍, 38 പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുകയും അവരില്‍ നിന്ന് ഊരാളുങ്കലിന് വലിയ തുക സമാഹരിക്കുകയും ചെയ്തു. അതുവഴി അതിന്റെ വായ്പാ യോഗ്യത സംരക്ഷിക്കുകയും ഗണ്യമായി ഉയര്‍ത്തുകയും ചെയ്തു; രണ്ടാമതായി, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രതിസന്ധികള്‍ക്കിടയിലും തൊഴിലാളി സഹകരണ സംഘത്തിന് തൊഴില്‍ സംരക്ഷണം ഉറപ്പാക്കാം.
ഭാരത സര്‍ക്കാരിന്റെ പുതിയ സഹകരണ മന്ത്രാലയം (എംഒസി) രൂപീകരിച്ചതിന്റെ ഫലമായി സഹകരണ സംഘങ്ങള്‍ക്കായി അടുത്തിടെ നടപ്പാക്കിയ നയങ്ങള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളുടെ വിശാലവും സങ്കീര്‍ണവുമായ സ്വഭാവം കണക്കിലെടുത്തും കാര്യക്ഷമതയിലും ഫലങ്ങളിലും ഊന്നല്‍ നല്‍കിയും രൂപകല്‍പ്പന ചെയ്തതാണ്. അത്തരം ചില പ്രധാന സംരംഭങ്ങളില്‍ പൊതു സേവന കേന്ദ്രങ്ങളായി പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ (പിഎസിഎസ്); പിഎസിഎസ് കമ്പ്യൂട്ടര്‍വല്‍ക്കരണം; കര്‍ഷക ഉല്‍പ്പാദക സംഘടന (എഫ്പിഒ), പിഎസിഎസുകള്‍ക്കായി റീട്ടെയില്‍ പെട്രോള്‍/ഡീസല്‍ ഔട്ട്‌ലെറ്റുകള്‍/ എല്‍പിജി ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പ് രൂപീകരണം; സഹകരണ മേഖലയിലെ സംഭരണശാലകളുടെ വലിയ ശൃംഖല; മത്സ്യക്കര്‍ഷക ഉല്‍പ്പാദക സംഘടന (എഫ്എഫ്പിഒ) രൂപീകരണം; സഹകരണസംഘങ്ങളുടെ പരിരക്ഷയില്ലാത്ത പഞ്ചായത്തുകളില്‍ പുതിയ വിവിധോദ്ദേശ്യ പിഎസിഎസ്/ക്ഷീരവികസന/മത്സ്യബന്ധന സഹകരണസംഘങ്ങള്‍; പിഎസിഎസിനുള്ള മാതൃക ബൈ-ലോകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ദേശീയ കാര്‍ഷിക – ഗ്രാമീണ വികസന ബാങ്ക് (നബാര്‍ഡ്), സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള ബഹുതല-ചലനാത്മക-പിന്തുണാധിഷ്ഠിത ചട്ടക്കൂട് ഉപയോഗിച്ച് സഹകരണമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം, തുടര്‍ച്ചയായ പ്രക്രിയയിലൂടെ ഇനി പറയുന്ന കാര്യങ്ങള്‍ സജ്ജമാക്കി ആവശ്യക്കാര്‍ക്ക് പിന്തുണയേകുന്നു : (1) ഗ്രാമീണ സഹകരണ സംഘങ്ങള്‍ക്ക് തുടര്‍ധനസഹായം നല്‍കലും കൃഷി, അനുബന്ധ, ഗ്രാമീണ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഹ്രസ്വകാല- ദീര്‍ഘകാല വായ്പകള്‍ നല്‍കുന്നതിന് അവരുടെ വിഭവങ്ങള്‍ നല്‍കലും; (2) സഹകരണ വികസനനിധിയിലൂടെയുള്ള വികസന പിന്തുണയും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ഫണ്ടിലൂടെ ഗ്രാമീണ മേഖലകളില്‍ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കലും; (3) പിഎസിഎസിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും 300-ലധികം ഇ-സേവനങ്ങള്‍ നല്‍കുന്ന പൊതു സേവന കേന്ദ്രങ്ങളായി പിഎസിഎസിനെ മാറ്റുന്നതിനുമുള്ള നയവും നടപ്പാക്കല്‍ പിന്തുണയും; കൂടാതെ (4) സാമ്പത്തിക സ്ഥിരതയ്‌ക്കും മുന്‍കരുതലിനുമുള്ള മേല്‍നോട്ടം.
താരതമ്യപരമായ നേട്ടങ്ങളില്‍നിന്ന് പ്രയോജനം നേടുന്നതിന് സഹകരണ സംഘങ്ങളെ പ്രാപ്തമാക്കി, പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് ”സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം” പ്രോത്സാഹിപ്പിക്കുന്നതിലും നബാര്‍ഡ് ഇടപെടലുകള്‍ നടത്തുന്നു. വിവിധ വാണിജ്യ ബാങ്കുകളിലെ സഹകരണ സംഘങ്ങളുടെയും അവരുടെ അംഗങ്ങളുടെയും നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഏകീകരിക്കുകയും അവയെ കേന്ദ്രീകൃത ജില്ലാ / സംസ്ഥാന സഹകരണത്തിന് കീഴില്‍ കൊണ്ടുവരികയും ചെയ്യുക എന്നതും ഈ സംരംഭത്തില്‍ സാമ്പത്തികവശത്ത് നിന്നുള്ള പ്രധാന ഘടകമാണ്. ഇത് സഹകരണ സംവിധാനത്തിന്റെ വിഭവങ്ങള്‍ ഈ വ്യവസ്ഥിതിക്കുള്ളില്‍ത്തന്നെ നിലനില്‍ക്കുന്നതിലേക്ക് നയിക്കുന്നു.
ചില പ്രത്യേക മേഖലകള്‍ക്ക് നയപരമായ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം. തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലയുടേതില്‍ ഉള്‍പ്പെടെ, സമീപവര്‍ഷങ്ങളില്‍ ഭക്ഷ്യ വിലക്കയറ്റം അനുഭവപ്പെടുന്ന സാഹചര്യത്തില്‍, ഈ മൂന്ന് ഇനങ്ങള്‍ക്കുമായി കൂടുതല്‍ കര്‍ഷക ഉല്‍പ്പാദക സംഘടനകളും ക്ഷീരമാതൃകയില്‍ സംയോജിത വിതരണ ശൃംഖലയും വരുന്നത് സഹായകമാകും. ഉല്‍പ്പാദനക്ഷമതയുടെയും കാലാവസ്ഥാ അതിജീവനത്തിന്റെയും വര്‍ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, സഹകരണ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും നവീകരണത്തിനും സഹായിക്കുന്ന ആന്തരിക മൂലധന രൂപീകരണം അഥവാ സഹകരണ സ്ഥാപനങ്ങള്‍ക്കുള്ളിലെ വരുമാനം നിലനിര്‍ത്തുന്നത് ഉപയോഗപ്രദമാകും. ഹോര്‍ട്ടികള്‍ച്ചര്‍ വിളകളില്‍ സമ്പദ് വ്യവസ്ഥയുടെ നേട്ടങ്ങള്‍ കൈവരിക്കുന്നതിന്, പ്രത്യേകിച്ചും ലഭ്യമായ കൃഷിയോഗ്യമായ ഭൂമി ശിഥിലീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ബഹുസംസ്ഥാന സഹകരണസംഘങ്ങള്‍ ഉല്‍പ്പാദകരുടെ വിപുലമായ ശൃംഖല കെട്ടിപ്പടുക്കേണ്ടതുണ്ട്. അത് ചെലവ് കുറയ്‌ക്കാനും വിലപേശല്‍ശേഷി മെച്ചപ്പെടുത്താനും സഹായിക്കും. ഭൂവുടമസ്ഥതയ്‌ക്ക് നഷ്ടസാധ്യതയേതുമില്ലാതെ വലിയ തോതിലുള്ള സമ്പദ്വ്യവസ്ഥകള്‍ പ്രാപ്തമാക്കുന്നതിനായി ഭൂമി സമാഹരിക്കുന്നത്, സഹകരണസംഘങ്ങള്‍ വിപുലമായ തോതില്‍ പര്യവേക്ഷണം ചെയ്യേണ്ടതായി വന്നേക്കാം.
കരുത്തുറ്റ കാര്‍ഷിക-കയറ്റുമതി ഉല്‍പ്പന്നനിര കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതിന് ലോക വ്യാപാര സംഘടനാമാനദണ്ഡങ്ങള്‍ പാലിക്കുന്ന സംസ്‌കരിച്ച ഉല്‍പ്പന്നങ്ങള്‍; സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലൂടെയും കൂടുതല്‍ സുതാര്യതയിലൂടെയും കച്ചവടം ചെയ്യല്‍ എളുപ്പമാക്കല്‍; പരിശീലനത്തിലൂടെയുള്ള ശേഷി വര്‍ധിപ്പിക്കല്‍; സംരംഭക ആവാസവ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളായ അഗ്രി സ്റ്റാര്‍ട്ടപ്പുകളുമായുള്ള പരസ്പരബന്ധം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക സ്രോതസ്സുകളിലേക്കുള്ള പ്രവേശനം പ്രവര്‍ത്തനഫലങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിന് ഉറവിടങ്ങളുടെ അന്തിമ ഉപയോഗത്തെയും പ്രകടനഫലങ്ങളെയും കുറിച്ചുള്ള വിവരങ്ങളോടെ കരുത്തുറ്റ വിവരശേഖരം വികസിപ്പിക്കേണ്ടതുണ്ട്. വായ്പാ സാധ്യതകളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി, കാര്‍ഷിക വായ്പയ്‌ക്കുള്ള നിലവിലെ വിതരണ-നേതൃത്വ സമീപനം, അന്തിമ ഉപയോഗവും ഫലങ്ങളും സംബന്ധിച്ച പ്രതിബദ്ധതകളെ അടിസ്ഥാനമാക്കി, വായ്പയ്‌ക്കായുള്ള ഫലപ്രദമായ ആവശ്യകത ക്രമേണ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.
മികച്ച നൂതനാശയങ്ങളെയോ പുതിയ വാണിജ്യ ആശയങ്ങളെയോ തിരിച്ചറിയാനും ആവശ്യമായ സാമ്പത്തികവും സേവനങ്ങളും നല്‍കി അവയെ പരിപോഷിപ്പിക്കാനും, അതുവഴി, പ്രവര്‍ത്തനത്തിലൂടെ നവീകരണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും സഹകരണസംഘങ്ങള്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. നയപരമായ അനുകൂലഘടകങ്ങളാല്‍ ഉത്തേജിപ്പിക്കപ്പെടുന്ന, പുനരുജ്ജീവിപ്പിക്കപ്പെട്ട സഹകരണ പ്രസ്ഥാനം, ഭാരതത്തിലെ കൂടുതല്‍ സമഗ്രവും ഉള്‍ച്ചേര്‍ന്നതുമായ ഗ്രാമീണ സാമ്പത്തിക അഭിവൃദ്ധിക്കു സമാരംഭം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക