ബെംഗളൂരു ; ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നവർക്ക് വ്യാജ തിരിച്ചറിയൽ കാർഡ് നൽകുന്ന പ്രതിയെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു . പശ്ചിമ ബംഗാൾ സ്വദേശി അർണബ് മണ്ഡലാണ് അറസ്റ്റിലായത്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്തുള്ള സൂര്യാസിറ്റിക്ക് സമീപം സൈബർ സെൻ്റർ തുടങ്ങിയിരുന്നു അർണബ്.
സംസ്ഥാനത്ത് അനധികൃതമായി സ്ഥിരതാമസമാക്കിയ ബംഗ്ലാദേശി പൗരന്മാർക്കെല്ലാം വ്യാജ ഇന്ത്യൻ ഐഡൻ്റിറ്റി കാർഡുകളുണ്ടെന്ന് അടുത്തിടെ പോലീസ് കണ്ടെത്തിയിരുന്നു . ഈ വ്യാജ തിരിച്ചറിയൽ കാർഡുകളെല്ലാം പശ്ചിമ ബംഗാൾ വിലാസത്തിലുള്ളതാണ്.ഇതിൽ സംശയം തോന്നിയ പോലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് സൈബർ സെൻ്ററിൽ നടക്കുന്ന അനധികൃത ഇടപാടിനെക്കുറിച്ച് അറിയുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച പോലീസ് സൈബർ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ നിരവധി വ്യാജ ആധാർ കാർഡുകൾ കണ്ടെത്തി. 18 വീടുകളുടെ വാടക കരാറും കണ്ടെത്തിയിട്ടുണ്ട്.ചോദ്യം ചെയ്തപ്പോൾ 8000 രൂപയ്‌ക്ക് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുകയാണെന്ന് അർണബ് മണ്ഡല് വെളിപ്പെടുത്തി.കഴിഞ്ഞ ഒരു വർഷമായി ഇത്തരത്തിൽ വ്യാജരേഖകൾ ഉണ്ടാക്കുകയായിരുന്നു.
55 ആധാർ കാർഡുകൾ, 40 ബാങ്ക് രേഖകൾ, 2 കമ്പ്യൂട്ടറുകൾ, 2 മൊബൈലുകൾ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക