World

കുട്ടികൾക്ക് സമൂഹമാദ്ധ്യമ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ; നിയമം ലംഘിച്ചാല്‍ 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ

Published by

മെൽബൺ: 16 വയസിൽ താഴെയുളള കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ. ഇത്തരത്തിൽ വിലക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ്, ടിക് ടോക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലാണ് നിരോധനം. രണ്ട് പാര്‍ലമെന്ററി ചേംബറുകളും ബില്‍ പാസാക്കി ഉത്തരവിറക്കി.

നിയമം ലംഘിച്ചാല്‍ 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ് പിഴ. പിഴ നല്‍കേണ്ടത്, ഉപയോഗിക്കുന്നവരല്ല, മറിച്ച് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന കമ്പനിയാണ് എന്നതും ശ്രദ്ധേയമാണ്. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ കുട്ടികളെ സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ തന്നെ മുന്നിട്ട് ഇറങ്ങേണ്ടി വരും.

കഴിഞ്ഞ ബുധനാഴ്ച ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ലോവര്‍ ചേംബര്‍ അംഗീകരിച്ച ബില്‍ വ്യാഴാഴ്ച സെനറ്റും അംഗീകാരം നല്‍കുകയായിരുന്നു. കനത്ത പിഴ ഈടാക്കുന്ന നിയമം അവ്യക്തവും പ്രശ്‌നമുള്ളതുമാണെന്നാണ് സോഷ്യല്‍മീഡിയ കമ്പനികള്‍ വിശേഷിപ്പിച്ചത്.

സ്വകാര്യതയ്‌ക്ക് വേണ്ടി വാദിക്കുന്ന ചിലരും കുട്ടികളുടെ ചില അവകാശ സംരക്ഷണ ഗ്രൂപ്പുകളും വിലക്കിനെ എതിർത്തിരുന്നു. എന്നാൽ സർവെ പ്രകാരം ഓസ്‌ട്രേലിയയിലെ 77 ശതമാനം ആളുകളും നിയന്ത്രണത്തെ അനുകൂലിക്കുകയാണ്.

അതേസമയം കുട്ടികൾക്ക് സാമൂഹികമാദ്ധ്യമം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയ ബില്ലിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്. കുട്ടികളുടെ സുരക്ഷയ്‌ക്ക് മുൻഗണന കൊടുക്കുന്നതിൽ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്കും ഉത്തരവാദിത്വം ഉണ്ടെന്നും, കുട്ടികളിൽ ഇതിന്റെ ദോഷഫലങ്ങളുടെ സ്വാധീനം കുറയ്‌ക്കാനാകുമെന്നും അൽബാനീസ് പറയുന്നു. ” ഇത് ശരിയായ തീരുമാനമാണെന്ന് ഉത്തമമായ ബോധ്യമുണ്ട്. ഈ നിയമം നടപ്പാക്കുന്നതിന് വേണ്ടി ഞങ്ങൾക്ക് വലിയ രീതിയിൽ പിന്തുണ ലഭിച്ചു, പ്രത്യേകിച്ച് മാതാപിതാക്കളിൽ നിന്ന്. കുട്ടികളുടെ സുരക്ഷയ്‌ക്കാണ് നിയമം മുൻഗണന കൊടുക്കുന്നതെന്നും” അദ്ദേഹം പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക