Editorial

കേരള സര്‍ക്കാരിന്റെ അലസത വഴി വികസനം മുടക്കരുത്

Published by

കേരള സര്‍ക്കാരിന്റെ അലസത മൂലം സംസ്ഥാനത്ത് റെയില്‍വേ വികസനം ഇഴഞ്ഞുനീങ്ങുന്നു എന്ന കേന്ദ്ര റെയില്‍വേ മന്ത്രിയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. കേരളത്തിലെ റെയില്‍വേയുടെ മുഖച്ഛായ മാറ്റാനുള്ള അവസരമാണ് ഇതുവഴി നഷ്ടമാകുന്നത്. കേരളത്തില്‍ റെയില്‍വേ വികസനത്തിന് ഗതിവേഗമുണ്ടായത് എ.ബി. വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. അന്ന് റെയില്‍വേ മന്ത്രിയായിരുന്ന ഒ.രാജഗോപാല്‍ കേരളത്തിലെ റെയില്‍വേ വികസനത്തിന് ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കിയത്. പാത ഇരട്ടിപ്പിക്കലിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കലിനും ആക്കംകൂട്ടി. റെയില്‍വേ സ്റ്റേഷനുകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതും കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ചതുമെല്ലാം അക്കാലത്താണ്. കേരളത്തില്‍ റെയില്‍വേയുടെ സുവര്‍ണ കാലഘട്ടമായിരുന്നു രാജഗോപാല്‍ മന്ത്രിയായിരുന്ന കാലമെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പക്ഷെ, വാജ്പേയ് സര്‍ക്കാരിനു ശേഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ആ വികസനത്തിനൊപ്പം ഓടിയെത്താനായില്ല.

ആവശ്യത്തിന് പണം അനുവദിക്കാതെയും പദ്ധതികള്‍ നടപ്പിലാക്കാതെയും കേരളത്തിലെ റെയില്‍വേ വികസനത്തെ അട്ടിമറിക്കുന്ന സമീപനമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റേത്. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരണം ഏറ്റ ശേഷം ഗതാഗത രംഗത്ത് വന്ന പരിവര്‍ത്തനം അമ്പരപ്പിക്കുന്നതാണ്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ഗതാഗത മേഖലയിലെ മുന്നേറ്റത്തെ ആശ്രയിച്ചുള്ളതാണെന്നത് എല്ലാവരും ചൂണ്ടിക്കാട്ടുന്നതുമാണ്. റെയില്‍വേയിലും ഇതു സാധ്യമായി. വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും രാജ്യമെങ്ങും ഏതാണ്ട് പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ്. അതിനൊപ്പമാണ് പുതിയ ട്രെയിനുകള്‍ എത്തുന്നത്. ലോക നിലവാരത്തിലുള്ള സൗകര്യങ്ങളുമായി ട്രെയിനുകള്‍ നമ്മുടെ പാളങ്ങളിലൂടെ ഓടുമ്പോള്‍ ട്രെയിന്‍ യാത്ര ഏറ്റവും സുഖകരവും സുരക്ഷിതവുമാകുന്നു. അത്രത്തോളം പ്രാധാന്യം ഗതാഗത മേഖലയില്‍ ട്രെയിന്‍ യാത്രയ്‌ക്കുണ്ട്.

ഒരു സംസ്ഥാനത്തോടും വിവേചനമില്ലാതെയാണ് മോദി സര്‍ക്കാര്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. കേരളത്തിനുവേണ്ടിയും ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ പദ്ധതികള്‍ സാക്ഷാത്കരിക്കുന്നത്ര വേഗത്തില്‍ കേരളത്തില്‍ സംഭവിക്കുന്നില്ല. അതിനു കാരണക്കാര്‍ കേരളത്തിലെ ഭരണകൂടം തന്നെയാണെന്നാണ് വ്യക്തമാകുന്നത്. കേരളം റെയില്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതില്‍ വിമുഖത കാട്ടുന്നു എന്നതാണ് സത്യം. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചതിലൂടെ വെളിവാക്കപ്പെട്ടത്, കേരളത്തിന് ഇക്കാര്യത്തിലുള്ള മെല്ലപ്പോക്കാണ്. ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക റെയില്‍വെ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്തെ പ്രധാന റെയില്‍വെ വികസനത്തിനാവശ്യമായ 470 ഹെക്ടര്‍ ഭൂമിയില്‍ 64 ഹെക്ടര്‍ മാത്രമാണ് ഇതുവരെ ഏറ്റെടുത്തു നല്‍കിയത്. ആവശ്യമായ ഭൂമിക്കുള്ള 2100 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു കേന്ദ്രം നല്‍കിയിട്ടും ഇതാണ് അവസ്ഥ. സംസ്ഥാനത്താകെ 12,350 കോടി രൂപ ചെലവിട്ടുള്ള അടിസ്ഥാന സൗകര്യ വികസനമാണ് റെയില്‍വെ നടത്തുന്നത്. എക്കാലത്തെയും വലിയ തുകയായി 3011 കോടി രൂപ 2024-25ല്‍ സംസ്ഥാനത്തിനു ബജറ്റില്‍ വകയിരുത്തിയിരുന്നു.

കേരളം ആവശ്യത്തിന് ഭൂമി ഏറ്റെടുത്തു നല്‍കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നത് ഇതാദ്യമല്ല. എന്നിട്ടും കേരളസര്‍ക്കാര്‍ മെല്ലപ്പോക്ക് തുടരുകയാണ്. റെയില്‍വെ വികസനം കേരളത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന നല്‍കുമെന്നതില്‍ സംശയമില്ല. അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കേരളം തയ്യാറാകണം. മറ്റു സംസ്ഥാനങ്ങള്‍ ഹൈ സ്പീഡ് ട്രെയിനിന്റെ വേഗതയില്‍ വികസനം നടപ്പിലാക്കുമ്പോള്‍ കേരളം പാസഞ്ചര്‍ ട്രെയിനായി ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്കു ലഭിക്കേണ്ട സൗകര്യങ്ങളും വികസനപദ്ധതികളും ഇല്ലാതാക്കുന്ന സമീപനം ഇടതു സര്‍ക്കാര്‍ തുടരുന്നത് ഒട്ടും ആശാസ്യമല്ല. മെല്ലെപ്പോക്ക് വഴി വികസനം നഷ്ടമാക്കുന്നത് സംസ്ഥാനത്തെ ജനങ്ങളോട് ചെയ്യുന്ന വഞ്ചനയായിരിക്കും. അത് മറക്കരുത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by