ന്യൂദല്‍ഹി: ഭാരതത്തിന്റെ രണ്ടാമത്തെ ആണവ മിസൈല്‍ അന്തര്‍വാഹിനി ഐഎന്‍എസ് അരിഘാതില്‍ നിന്ന് ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം. അരിഘാതില്‍ നിന്നുള്ള ആദ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമായിരുന്നു ഇത്.
3500 കിലോമീറ്റര്‍ ദൂര പരിധിയുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പരീക്ഷിച്ചത്. ഇതോടെ ഐഎന്‍എസ് അരിഘാതും കെ4 മിസൈലും പ്രതിരോധ സേനയുടെ കരുത്തായി.
ആഗസ്തിലാണ് ഐഎന്‍എസ് അരിഘാത് നാവികസേനയുടെ ഭാഗമായത്. ഐഎന്‍എസ് അരിഹന്താണ് സൈന്യത്തിന്റെ ആദ്യ അന്തര്‍വാഹിനി. 2018ല്‍ ഇത് സൈന്യഭാഗമായി. മൂന്നാമത്തെ അന്തര്‍വാഹിനി അടുത്ത വര്‍ഷം കമ്മിഷന്‍ ചെയ്യും.
ഇത്തരം അന്തര്‍വാഹിനികളില്‍ നിന്നു തൊടുത്തുവിടാനാകുന്ന രീതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തവയാണ് കെ4 ബാലിസ്റ്റിക് മിസൈല്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ രൂപ കല്‍പ്പന ചെയ്ത കെ4 മിസൈലിനെ സമ്പൂര്‍ണ സജ്ജമാക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘാത്, മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ കഴിയുന്ന രീതിയിലാണ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്. 112 മീറ്ററോളം നീളമാണ് അന്തർവാഹിനിക്കുള്ളത്. വിശാഖപട്ടണത്തെ കപ്പൽ നിർമാണ കേന്ദ്രത്തിൽ അതീവ രഹസ്യമായാണ് അരിഘാതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഐഎന്‍എസ് അരിഘാതിന് നാല് വിക്ഷേപണ ട്യൂബുകളാണുള്ളത്. 12 കെ-15 സാഗരിക അന്തർവാഹിനി ബാലിസ്റ്റിക് മിസൈലുകൾ വരെ വഹിക്കാൻ അരിഘാതിന് കഴിയും. ഇതിന് 750 കിലോമീറ്റർ ദൂരപരിധി ഉണ്ട്. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള നാല് കെ-4 എസ്എല്‍ബിഎമ്മുകളും അരിഘാതിലുണ്ട്.
നൂതന സാങ്കേതിക വിദ്യയും എന്‍ജിനിയറിങ് രീതികളും ഉപയോഗിച്ചാണ് അരിഘാത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉപരിതലത്തിൽ പരമാവധി 12-15 നോട്ട് (മണിക്കൂറില്‍ 22-28 കിലോമീറ്റര്‍) വേഗത കൈവരിക്കാനും വെള്ളത്തിനടിയിൽ 24 നോട്ട് (മണിക്കൂറില്‍ 44 കിലോമീറ്റര്‍) വരെയും കൈവരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.
‘ശത്രുക്കളെ സംഹരിക്കുന്നവൻ’ എന്നർഥമുള്ള സംസ്‌കൃത പദത്തിൽ നിന്നാണ് അരിഘാത് എന്ന് അന്തര്‍ വാഹിനിക്ക് പേര് നല്‍കിയിരിക്കുന്നത്. പൂര്‍ണതോതില്‍ പരീക്ഷണം നടത്തും മുമ്പ് ഡിആര്‍ഡിഒ നിരവധി പരീക്ഷണ വിക്ഷേപണങ്ങള്‍ കടലിനടിയില്‍ വച്ച് നടത്തിയിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. മിസൈല്‍ സംവിധാനങ്ങളുടെ കൂടുതല്‍ പരീക്ഷണങ്ങള്‍ നാവികസേന ആലോചിക്കുന്നുണ്ട്.
ഇന്ത്യന്‍ നാവികസേനയുടെ രണ്ട് മുങ്ങിക്കപ്പലുകള്‍ക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുണ്ട്. ഐഎന്‍എസ് അരിഹന്തിനും അരിഘാതിനുമാണ് മിസൈല്‍ വിക്ഷേപണ ശേഷിയുള്ളത്. അടുത്ത വര്‍ഷത്തോടെ ഇത്തരം ശേഷിയുള്ള ഒരു മുങ്ങിക്കപ്പല്‍ കൂടി സേനയില്‍ ഉള്‍പ്പെടുത്താനും നീക്കം നടന്ന് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക