ആന്‍ഫീല്‍ഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചാം മത്സരവും ജയിച്ച് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂളിന്റെ കുതിപ്പ്. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ വീണ്ടും മുന്നിലെത്തിയത്.
അഞ്ചാം റൗണ്ട് മത്സരങ്ങളുടെ ആദ്യ ദിനം ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാന്‍ നാലാം ജയവുമായി ലിവറിനെ മറികടന്ന് മുന്നിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസമാണ് ലിവര്‍ തകര്‍പ്പന്‍ ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളില്‍ എല്ലാം ജയിച്ച ലിവര്‍പൂള്‍ 15 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇത്രയും കളികളില്‍ നിന്ന് നാല് വിജയം നേടി ഇന്റര്‍ 13 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. തൊട്ടുപിന്നില്‍ മൂന്നാമതുള്ള സ്പാനിഷ് ടീം എഫ്‌സി ബാഴ്‌സിലോണയ്‌ക്ക് 12 പോയിന്റുണ്ട്. ഇത്രയും തന്നെ പോയിന്റുകളുള്ള ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഗോള്‍ വ്യത്യാസത്തില്‍ നാലാമതാകുകയായിരുന്നു. പുതിയ ഫോര്‍മാറ്റിലുള്ള ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക റൗണ്ടില്‍ ആദ്യ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തോല്‍വി അറിയാത്ത മൂന്ന് ടീമുകളേ ഉള്ളൂ. എല്ലാ കളികളും ജയിച്ച ലിവര്‍പൂള്‍, ഒരു കളിയില്‍ സമനില വഴങ്ങേണ്ടിവന്ന ഇന്റര്‍മിലാന്‍, അഞ്ചില്‍ മൂന്ന് ജയവും രണ്ട് സമനിലയും സ്വന്തമാക്കിയിട്ടുള്ള ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റ ഇതുവരെ ഈ ചാമ്പ്യന്‍സ് ലീഗില്‍ തോറ്റിട്ടില്ല.
ഇന്നലെ റയലിനെതിരെ സ്വന്തകം തട്ടകമായ ആന്‍ഫീല്‍ഡിലാണ് ലിവര്‍ അഞ്ചാം വിജയം നേടിയത്. ആദ്യപകുതി വിരസമായാണ് കടന്നുപോയത്. എങ്കിലും ലിവറിന്റെ മികച്ച മുന്നേറ്റങ്ങള്‍ കാഴ്‌ച്ചക്കാരെ പിടിച്ചിരുത്തിയപ്പോള്‍ റയല്‍ വല്ലാതെ മടുപ്പുളവാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും വീണത്. 52-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ അലെക്‌സിസ് മാക് അലിസ്റ്റര്‍ ലിവറിനായി ആദ്യ ഗോള്‍ നേടി. 76-ാം മിനിറ്റില്‍ ടീം വിജയം ഉറപ്പിച്ചുകൊണ്ടാണ് കോഡി ഗാക്‌പോയിലൂടെ രണ്ടാം ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക