അമൃതപുരി (കൊല്ലം): കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മൾട്ടിലാബ് സംവിധാനമായ സസ്‌റ്റെയ്‌നബിൾ ഇക്കോസിസ്റ്റം ആന്റ് എൻവയോൺമെന്റൽ റെസ്‌ലിയൻസ് (എസ് ഇ ഇ ആർ) ലാബ് അമൃതയിൽ പ്രവർത്തനമാരംഭിച്ചു. വാട്ടർ സസ്‌റ്റെയ്‌നബിലിറ്റി ലാബ്, സോയിൽ ഇക്കോസിസ്റ്റം ലാബ്, മൈക്രോബയോളജി ലാബ്, മറൈൻ ഇക്കോസിസ്റ്റം ലാബ് എന്നിങ്ങനെ നാല് ലാബുകൾ ചേർന്നതാണ് എസ് ഇ ഇ ആർ ലാബ്.
അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയ്‌നബിൾ ഫ്യൂചേഴ്‌സിന്റെ നേതൃത്വത്തിൽ ആരംഭിച്ച എസ് ഇ ഇ ആർ ലാബ് സുസ്ഥിര വികസനത്തിനായി ഒന്നിലധികം മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ വച്ചുനടന്ന ചടങ്ങിൽ യൂറോപ്പ് മാതാ അമൃതാനന്ദമയി സെന്റർ ഡയറക്ടർ സ്വാമി ശുഭാമൃതാനന്ദ പുരി എസ് ഇ ഇ ആർ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അമൃതപുരി ക്യാമ്പസിൽ ആരംഭിച്ചിട്ടുള്ളത് കേവലം ഒരു ലാബ് എന്നതിലുപരി സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഒരു ഉത്തമ മാതൃകയാണെന്നും സുസ്ഥിര വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് വരുന്ന തലമുറക്ക് പ്രചോദനമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. സർവകലാശാലയുടെ പ്രൊവോസ്റ്റും അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയ്‌നബിൾ ഫ്യൂചേഴ്‌സ് ഡീനുമായ ഡോ. മനീഷ വി രമേശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയ്‌നബിൾ ഫ്യൂചേഴ്‌സ് പ്രിൻസിപ്പാൾ ഡോ. എം രവിശങ്കർ, ഗവേഷണവിഭാഗം മേധാവി ഡോ. സുധ അർലിക്കട്ടി എന്നിവർ സംസാരിച്ചു.
ജലം, സമുദ്രം, മണ്ണ് തുടങ്ങിയ ഘടകങ്ങളിൽ വരുന്ന മാറ്റങ്ങൾ മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നിരീക്ഷിക്കുന്നതിനും പഠനവിധേയമാക്കുന്നതിനു വേണ്ടിയുമാണ് സർവകലാശാലയുടെ ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടെ നിർദ്ദേശപ്രകാരം എസ് ഇ ഇ ആർ ലാബ് പ്രവർത്തനമാരംഭിച്ചത്. ജലത്തിന്റെ ഗുണനിലവാര പരിശോധന അവയുടെ വിശകലനം തുടങ്ങിയ സൗകര്യങ്ങളാണ് വാട്ടർ സസ്‌റ്റെയ്‌നബിലിറ്റി ലാബിൽ ഒരുക്കിയിരിക്കുന്നത്. ഭാവിയിൽ പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ലാബിന്റെ പ്രവർത്തനം. മണ്ണിന്റെ ഗുണനിലവാര പരിശോധനയും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതാണ് സോയിൽ ഇക്കോസിസ്റ്റം ലാബ്. ഇതിനു പുറമെ ആവാസവ്യവസ്ഥയുടെ ആരോഗ്യം, രോഗ പരിപാലനം എന്നിവയിൽ സൂക്ഷ്മാണുക്കളുടെ പങ്ക് കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന മൈക്രോബയോളജി ലാബ്, സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ മറൈൻ ഇക്കോസിസ്റ്റം ലാബ് എന്നിവയാണ് എസ് ഇ ഇ ആർ ലാബിന്റെ മറ്റു രണ്ട് ഘടകങ്ങൾ.
പുതിയ തലമുറക്കിടയിൽ സുസ്ഥിരതയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുക, ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിലൂടെ സുസ്ഥിര വികസനം സാധ്യമാക്കുക എന്നതൊക്കെയാണ് എസ് ഇ ഇ ആർ ലാബിന്റെ പ്രഥമ ലക്ഷ്യങ്ങളെന്നും ലാബിന്റെ പ്രവർത്തനങ്ങളിലൂടെ സുസ്ഥിരവികസനത്തിന്റെ നേതൃനിരയിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ കഴിയുമെന്നും എസ് ഇ ഇ ആർ ലാബ് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക