തിരുവനന്തപുരം: ക്ഷേമ പെന്‍ഷനില്‍ തട്ടിപ്പ് നടത്തിയവരെ കണ്ടെത്തിയാലുടൻ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പെന്‍ഷന്‍ കൈപറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ നിയോഗിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.
പെന്‍ഷന്‍ തുക പലിശ സഹിതം തിരിച്ചുപിടിക്കും. സാങ്കേതിക പിഴവ് മൂലമാണോ അപേക്ഷിച്ചതിനാല്‍ പെൻഷൻ ലഭിക്കുന്നതാണോയെന്ന് പ്രാഥമികമായി പരിശോധിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് 1458 സര്‍ക്കാര്‍ ജീവനക്കാർ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. തദ്ദേശ സ്ഥാപനങ്ങളാണ് പെന്‍ഷന് അർഹരായവരെ കണ്ടെത്തുന്നത് എന്നതിനാല്‍ അനര്‍ഹരെ ഒഴിവാക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് വീഴ്‌ച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.
ആരോഗ്യവകുപ്പിലാണ് കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ -373 പേര്‍. പൊതുവിദ്യാഭ്യാസവകുപ്പില്‍ 224 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നു. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: