കൊൽക്കത്ത: ബംഗ്ലാദേശിലെ കാവൽ സർക്കാർ പ്രമുഖ ഹിന്ദു നേതാവ് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ മോചിപ്പിച്ചില്ലെങ്കിൽ ബംഗ്ലാദേശികൾക്ക് വിസ നൽകുന്നത് ഇന്ത്യ ഉടൻ നിർത്തണമെന്ന് ബിജെപി നേതാവും പശ്ചിമ ബംഗാൾ നിയമസഭാ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ആവശ്യപ്പെട്ടു. കൃഷ്ണ ദാസിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ നിവേദനം സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അധികാരി.
ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് വരെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതിയും കയറ്റുമതിയും താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ബംഗ്ലാദേശിൽ ഹിന്ദുക്കൾ എങ്ങനെയാണ് പീഡിപ്പിക്കപ്പെടുന്നത് എന്ന് നിങ്ങൾക്കറിയാം. ഇത്തരത്തിലുള്ള പീഡനം തുടരാനാവില്ല. പ്രഭു ചിൻമോയ് കൃഷ്ണദാസ് ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹത്തിനെതിരെ കള്ളക്കേസുകൾ ചുമത്തിയിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല” – അധികാരി പറഞ്ഞു.
കൂടാതെ ഹിന്ദുക്കൾക്കെതിരെയുള്ള പീഡനങ്ങൾ ആരോപിക്കപ്പെടുന്ന സംഭവങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ നോർത്ത് 24 പർഗാനാസ് ജില്ലയിലെ പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഉപരോധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങളിൽ പ്രതിഷേധിച്ച് ഡിസംബർ 16ന് നഗരത്തിൽ ബിജെപി മെഗാ റാലി നടത്തും. കൂടാതെ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ വളരെ നല്ല ബന്ധമാണ്. എന്നാൽ മുമ്പൊരിക്കലും ഇല്ലാത്ത ഒരു ഇന്ത്യാ വിരുദ്ധ വികാരം നിലവിലെ ഭരണകൂടം വളർത്തിയെടുക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ വർഷവും ധാരാളം ബംഗ്ലാദേശികൾ ഇന്ത്യൻ ആശുപത്രികൾ തിരഞ്ഞെടുക്കുന്നതിനുപകരം ചികിത്സയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകണമെന്ന് അദ്ദേഹം ബംഗ്ലാദേശികളോട് ആവശ്യപ്പെട്ടു. ചികിത്സയ്‌ക്കായി ഇവിടെ വരരുത്. കറാച്ചിയിലേക്കോ ലാഹോറിലേക്കോ പോകൂവെന്നും അധികാരി പറഞ്ഞു. ദാസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹിന്ദു ജാഗരൺ മഞ്ച് വ്യാഴാഴ്ച സീൽദയിൽ നിന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അധികാരി കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗരൺ ജോട്ടെയുടെ വക്താവ് കൃഷ്ണ ദാസ് തിങ്കളാഴ്ച ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു റാലിയിൽ പങ്കെടുക്കാൻ ചാട്ടോഗ്രാമിലേക്ക് പോകാനിരിക്കെയാണ് അറസ്റ്റിലായത്. തുടർന്ന് ചൊവ്വാഴ്ച രാജ്യദ്രോഹക്കേസിൽ ചാട്ടോഗ്രാം കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ജയിലിലേക്ക് അയയ്‌ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക