Kerala

നാട്ടിക അപകടം: പ്രതിക്കൂട്ടില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും

Published by

തൃശൂര്‍: നാട്ടികയില്‍ ലോറി കയറി അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിക്കൂട്ടിലായി മോട്ടോര്‍ വാഹന വകുപ്പും പോലീസും. ലോറിയുടെ ഡ്രൈവറും ക്ലീനറും മാഹി മുതല്‍ അമിതമായി മദ്യപിച്ചിരുന്നതായാണ് വ്യക്തമായത്. എന്നിട്ടും ഒരു പരിശോധനയും ഇല്ലാതെ കൂറ്റന്‍തടികള്‍ കയറ്റിയ ലോറിയുമായി ഇവര്‍ തൃപ്രയാര്‍ വരെ എത്തിയത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. തിരക്കേറിയ ദേശീയപാതയിലൂടെ ഒരു പരിശോധനയും കൂടാതെ ഇത്രയും ദൂരം ഇവര്‍ക്ക് സഞ്ചരിക്കാനായത് മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അപകടം നടക്കുമ്പോള്‍ ലോറിയുടെ ഡ്രൈവര്‍ ജോസിന് സ്വബോധം പോലും ഉണ്ടായിരുന്നില്ല. മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലായിരുന്നു ഇയാള്‍. വാഹനം ഓടിച്ചിരുന്ന ക്ലീനര്‍ അലക്‌സ് ആകട്ടെ പൂര്‍ണ്ണ മദ്യ ലഹരിയിലും. വാഹനത്തില്‍ അമിതമായ ലോഡ് കയറ്റിയിരുന്നതായും വ്യക്തമായിട്ടുണ്ട്. അപകടം നടന്ന ശേഷം ഉണര്‍ന്ന മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കി. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്‌ക്കാണ് കേസെടുത്തിട്ടുള്ളത്.

തെരുവോരങ്ങളില്‍ ആളുകള്‍ കിടന്നുറങ്ങുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ഇന്നലെ മുതല്‍ രാത്രി പോലീസ് ചെക്കിങ് ആരംഭിച്ചിട്ടുണ്ട്. റോഡരികില്‍ കിടന്നുറങ്ങുന്നവരെ എഴുന്നേല്‍പ്പിച്ചു വിടുകയാണ്. എന്നാല്‍ ഇവര്‍ എവിടേക്ക് പോകും എന്ന കാര്യത്തില്‍ പോലീസിനും അധികാരികള്‍ക്കും ഉത്തരമില്ല.

രാത്രികാലങ്ങളില്‍ ദേശീയപാത ഉള്‍പ്പെടെ റോഡുകളില്‍ വാഹന പരിശോധന ശക്തമാക്കാന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഒന്നും നടന്നിട്ടില്ല. പരിശോധനയ്‌ക്ക് പോകാന്‍ ആവശ്യമായ ജീവനക്കാരോ വാഹനങ്ങളോ ഇല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും ജോലിയില്‍ ഇല്ല എന്നതാണ് വസ്തുത.

റോഡില്‍ പരിശോധന നടത്തുന്നത് പോലീസുകാരാണ്. മദ്യപിച്ച് വാഹനമോടിക്കുന്നത് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ക്ക് കാരണമാകാവുന്ന കുറ്റമാണെങ്കിലും പിടികൂടുന്നവരെ ചെറിയ പിഴ ചുമത്തി പോലീസ് വിട്ടയക്കുകയാണ്. ഇതാണ് ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കാന്‍ ധൈര്യം കാണിക്കുന്നതിന് പിന്നിലെ കാരണം.

പോലീസ് ചെക്കിങ് പലപ്പോഴും പ്രഹസനമാവുന്നു. പണം ശേഖരിക്കുക മാത്രമാണ് പോലീസുകാരുടെ പരിശോധനയുടെ ഉദ്ദേശം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by