India

ശശി തരൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ലളിത് മോദി; ഭീഷണി കൊച്ചി ടസ്‌കേഴ്സ് ടീം ഉടമകളില്‍ ഒരാളായി സുനന്ദ പുഷ്‌കറിനെ കൊണ്ടുവരാന്‍

Published by

മുംബൈ: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ ഗുരുതര ആരോപണവുമായി ഐപിഎല്‍ മുന്‍ ചെയര്‍മാനും ബിസിസിഐയുടെ മുന്‍ വൈസ് പ്രസിഡന്റുമായ ലളിത് മോദി. കൊച്ചി ടസ്‌കേഴ്സ് ടീം ഉടമകളില്‍ ഒരാളായി സുനന്ദ പുഷ്‌കറിനെ കൊണ്ടുവരാന്‍ ശശി തരൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും രേഖകളില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിടിച്ചുവെന്നും ലളിത് മോദി ആരോപിക്കുന്നു.

അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ ഇടപെട്ടുവെന്നും സോണിയ ഗാന്ധി താമസിക്കുന്ന 10 ജന്‍പഥില്‍ നിന്ന് വരെ സ്വാധീനിക്കാനുള്ള ശ്രമം നടന്നെന്നും മോദി വെളിപ്പെടുത്തി. രാജ് ഷമാനിക്ക് നല്‍കിയ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലളിത് മോദി.

കൊച്ചി ടസ്‌ക്കേഴ്സില്‍ സുനന്ദ പുഷ്‌കറിന്റെ ഓഹരികളെക്കുറിച്ച് സംശയം തോന്നിയപ്പോള്‍ കരാര്‍ ഒപ്പിടില്ലെന്ന് അറിയിച്ചെന്ന് ലളിത് മോദി പറയുന്നു. ഉടനെ തന്നെ ശശി തരൂര്‍ വിളിച്ചെന്നും ഇ ഡിയെക്കൊണ്ട് റെയ്ഡ് ചെയ്യിക്കുമെന്നും ജയിലില്‍ അടയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ലളിത് പറഞ്ഞു.

അതേസമയം അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് എക്കാലവും ഏറെ താരങ്ങളുണ്ടെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു. കോണ്‍ഗ്രസിലെ അഴിമതിക്കാരില്‍ ‘ചിലര്‍ വിശ്വപൗരന്മാര്‍, ചിലര്‍ ഇറ്റാലിയന്‍ പൗരത്വമുള്ളവര്‍, പിന്നെ ഇംഗ്ലീഷ് മാന്ത്രികന്മാരും. അഴിമതിക്കാര്യത്തില്‍ അവരെല്ലാം മാന്ത്രികര്‍ തന്നെ യെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക