India

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: ഐഐടി ബോംബെ വിദ്യാർഥിക്ക് 7 ലക്ഷം നഷ്ടപ്പെട്ടു

Published by

മുംബൈ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ബോംബെ ഐഐടിയിലെ ഒരു വിദ്യാർഥിക്ക് 7.29 ലക്ഷം രൂപയാണ് നഷ്ടമായത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ജീവനക്കാരനെന്ന് പറഞ്ഞാണ് തട്ടിപ്പുകാരൻ സമീപിച്ചത്.

വിദ്യാർഥിയുടെ നമ്പരിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിരവധി പരാതികൾ ലഭിക്കുന്നുണ്ടന്നും നമ്പർ ബ്ലോക്ക് ചെയ്യുമെന്നും ഇയാൾ പറഞ്ഞു. നമ്പർ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പോലീസിൽ നിന്ന് എൻഒസി വേണമെന്നും ഇയാൾ വിദ്യാർഥിയോട് പറഞ്ഞു. തുടർന്ന് പോലീസ് വേഷത്തിലെത്തിയ മറ്റൊരാൾ വിദ്യാർഥിയെ വീഡിയോ കോൾ ചെയ്തു. പോലീസ് ഉദ്യോ​ഗസ്ഥൻ വിദ്യാർഥിയെ ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ഒഴിവാക്കാൻ 29,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ശേഷം വിദ്യാർഥിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്തുവെന്നും ആരെയും ഫോൺ ചെയ്യരുതെന്നും നിർദേശിച്ചു. അടുത്ത ​ദിവസം വിദ്യാർഥിയെ വിളിച്ച തട്ടിപ്പുകാർ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥി വിവരങ്ങൾ കൈമാറിയതോടെ അക്കൗണ്ടിൽ നിന്ന് 7 ലക്ഷം രൂപ നഷ്ടമായി.

സമാനമായ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെ കുറിച്ച് ഇൻ്റർനെറ്റിൽ വായിച്ചതിന് ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ടതായി വിദ്യാർഥി തിരിച്ചറിഞ്ഞത്. ഇതേ തുടർന്നാണ് ഇയാൾ പരാതി നൽകിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക