Kerala

സെക്രട്ടേറിയറ്റ് ധര്‍ണ 30ന്: വാടകയില്‍ ജിഎസ്ടി ഒഴിവാക്കണം: ഭാരതീയ വ്യാപാരി വ്യവസായി സംഘം

Published by

തിരുവനന്തപുരം: വാടകയ്‌ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുന്ന അശാസ്ത്രീയ നടപടി അവസാനിപ്പിക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വിലക്കയറ്റത്തിന് കാരണമാകുന്ന ഈ നീക്കം നിരവധി ചെറുകിട കച്ചവടക്കാരുള്ള കേരളത്തെ സാരമായി ബാധിക്കും. ജിഎസ്ടി കൗണ്‍സിലില്‍ കേരളം ഇക്കാര്യം ഗൗരവമായി ഉന്നയിക്കണമെന്ന് ബിവിവിഎസ് നേതാക്കള്‍ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി സംഘത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജിഎസ്ടി കൗണ്‍സിലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുന്നതിന് 30ന് സെക്രേട്ടറിയറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും ബിവിവിഎസ് ധര്‍ണ നടത്തും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ സംസ്ഥാന അധ്യക്ഷന്‍ എന്‍. അജിത് കര്‍ത്ത ഉദ്ഘാടനം ചെയ്യും.

33 അംഗ ജിഎസ്ടി കൗണ്‍സിലില്‍ വ്യാപാരികളുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമല്ലിത്. ജിഎസ്ടി കൗണ്‍സില്‍ വ്യാപാ
രികളുടെയും പൊതുജനങ്ങളുടെയും പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി നയരൂപീകരണ സമിതി രൂപീകരിക്കണം. കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ഷിക മേഖലയ്‌ക്ക് വായ്പകള്‍ നല്‍കുന്നതുപോലെ വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വായ്പകള്‍ ലഭ്യമാക്കണം.

ഭാരതത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വ്യാപാരി വ്യവസായി മേഖലയിലുള്ളവരുടെ ക്ഷേമനിധി കാലാനുസൃതമായി പരിഷ്‌കരിക്കണം. ഇഎസ്‌ഐ പരിധിയില്‍ ചെറുകിട വ്യാപാരി വ്യവസായികളെയും ഉള്‍പ്പെടുത്തണം. ഓണ്‍ലൈന്‍ വ്യാപാരത്തിന് കടിഞ്ഞാണിടണം. വ്യാപാരി വ്യവസായികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നും ബിവിവിഎസ് ആവശ്യപ്പെട്ടു.

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ചാല ജി.എസ്. മണി, ജനറല്‍ സെക്രട്ടറി സന്തോഷ്. എസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ശ്രീകുമാര്‍, സെക്രട്ടറി അഡ്വ. നാരായണന്‍ തമ്പി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക