India

ഹോട്ടല്‍ ഖാദിം ഇനി ഹോട്ടല്‍ അജയ്‌മേരു; അജയ്‌മേരു വര്‍ഗീയമല്ല, അഭിമാനം: രാജസ്ഥാന്‍ സര്‍ക്കാര്‍

Published by

ജയ്പൂര്‍ (രാജസ്ഥാന്‍): രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍ടിഡിസി) ഹോട്ടലിന്റെ പേര് അജയ്‌മേരു എന്ന് ആക്കിയതിനെതിരെ പ്രതിഷേധവുമായി മതമൗലിക വാദ സംഘടനകള്‍. അജ്മീറിലെ ഹോട്ടല്‍ ഖാദിമിന്റെ പേരാണ് രാജസ്ഥാനിലെ സര്‍ക്കാര്‍ അജയ്‌മേരു എന്ന് മാറ്റിയത്. തീരുമാനം വര്‍ഗീയമാണെന്ന് ആരോപിച്ച് ദര്‍ഗ ഷെരീഫിലെ സര്‍വാര്‍ ചിഷ്തി രംഗത്തെത്തി.

ഖ്വാജ മൊയ്നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയിലെ പുരോഹിതരായ ഖാദിമുകളുടെ പേരാണ് നേരത്തെ ടൂറിസം വകുപ്പ് ഹോട്ടലിന് നല്കിയിരുന്നത്. എഡി ഏഴാം നൂറ്റാണ്ടില്‍ രാജാ അജയ്പാല്‍ ചൗഹാന്‍ സ്ഥാപിച്ച അജയ്‌മേരു നഗരമാണ് പിന്നീട് അജ്മീര്‍ ആയതെന്നും ആ ചരിത്രസ്മരണ നിലനിര്‍ത്താനാണ് ഹോട്ടലിന് അജയ് മേരു എന്ന പേര് നല്കിയതെന്നും രാജസ്ഥാന്‍ ടൂറിസം വകുപ്പ് പറയുന്നു. ഹോട്ടല്‍ ഖാദിം എന്ന പേരാണ് വര്‍ഗീയം. അജയ് മേരു ചരിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന പേരാണ്, സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അജയ്‌മേരു എന്ന വാക്കിന് അജയ്യമായ കുന്ന് എന്നാണ് അര്‍ത്ഥം. ലോകത്തിലെ ഏറ്റവും പുരാതനമായ ആരാവലി പര്‍വത നിരയുടെ മടിത്തട്ടിലാണ് അജയ്‌മേരു നഗരം സ്ഥിതി ചെയ്യുന്നത്.

ചൗഹാന്‍ രാജവംശത്തിന്റെ രക്തവും വിയര്‍പ്പും കൊണ്ട് തളിര്‍ത്തതാണ് അജ്മീര്‍ നഗരമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഖ്വാജ മൊയ്‌നുദ്ദീന്‍ ചിഷ്തി വരുമ്പോള്‍ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് അജയ്‌മേരു എന്നാണ്. ആ പേരില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ടതില്ല, മറിച്ച് അഭിമാനമാണ് വേണ്ടത്.

പുഷ്‌കറിലെ ബ്രഹ്മ ക്ഷേത്രം, നരേലിയിലെ ജൈന ക്ഷേത്രം, അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗ എന്നിവ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകത്തിന്റെ ഉദാഹരണങ്ങളാണെന്നും അവയെല്ലാം അജയ്‌മേരു എന്ന ഒരു വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാജസ്ഥാന്‍ ടൂറിസം വകുപ്പ് ചൂണ്ടിക്കാട്ടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by