ലോകത്തിലെ ഏറ്റവും വലതും ദൈര്‍ഘ്യമേറിയതും സമാധാനപൂര്‍ണ്ണവുമായ സാംസ്‌കാരിക ഒത്തുചേരലുകളാണ് കുംഭമേളകള്‍. ഹരിദ്വാര്‍(ഗംഗാതടം), പ്രയാഗ്രാജ്(ഗംഗ-യമുന-സരസ്വതി സംഗമം), നാസിക്(ഗോദാവരി), ഉജ്ജെയിന്‍(ക്ഷിപ്ര നദി) ഇങ്ങനെ നാലു കുംഭമേളകള്‍ നാലു നദീതടങ്ങളില്‍ നടന്നു വരുന്നു. ഓരോ കുംഭമേളയും 12 വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്. ഹരിദ്വാറിലും പ്രയാഗ്‌രാജിലും ആറു വര്‍ഷം കുടുമ്പോള്‍ അര്‍ദ്ധകുംഭവും നടക്കും. ഓരോ മേളകളും തമ്മില്‍ മൂന്നു വര്‍ഷത്തെ ഇടവേളയുണ്ട്. 12 പൂര്‍ണ്ണകുംഭമേളകള്‍ (12 ഃ 12 = 144 വര്‍ഷം) പൂര്‍ത്തിയാകുമ്പോള്‍ ഒരു മഹാകുംഭമേളയും നടക്കും. 2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജില്‍ നടക്കാന്‍ പോകുന്നത് മഹാകുംഭമേളയാണ്. 144 വര്‍ഷം മുമ്പാണ്(1881) പ്രയാഗ്രാജില്‍ മഹാകുംഭം നടന്നത്. അടുത്ത നൂറ്റാണ്ടിലായിരിക്കും അടുത്ത മഹാ കുംഭമേള നടക്കുക. ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്ക് പങ്കെടുക്കുവാന്‍ സാധിക്കുന്ന മഹാകുംഭമേളയാണ് പ്രയാഗ്‌രാജിലേത് എന്ന് സാരം.
ലോകത്തിലെ ഏറ്റവും പൗരാണികമായ സാംസ്‌കാരിക സംഗമം എന്ന നിലയ്‌ക്ക് 2017-ല്‍ കുംഭമേളയെ യുനസ്‌കോയുടെ അന്തര്‍ദ്ദേശീയ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നത് മേളയുടെ ആഗോള പ്രാധാന്യം വിളിച്ചോതുന്നു.
പുരാണ പ്രസിദ്ധമാണ് കുംഭമേളയുടെ മാഹത്മ്യം. ദേവന്മാര്യം അസുരന്മാരും അമൃതിനായി പാല്‍ക്കടല്‍ കടയുകയും അമൃതകുംഭം പൊങ്ങി വന്നപ്പോള്‍ അസുരന്മാര്‍ തട്ടിയെടുക്കാതെ അതുമായി ഗരുഡന്‍ പറന്നുയരുകയും ചെയ്തു. അപ്പോള്‍ അമൃതുതുള്ളികള്‍ വീണ നാല് ഇടങ്ങളിലാണ് കുംഭമേള നടക്കുന്നതെന്നാണ് വിശ്വാസം. ചൈനീസ് സഞ്ചാരിയായ ഹുയാന്‍സാങിന്റെ (AD 602-664) യാത്രാവിവരണത്തിലാണ് കുംഭമേളയെപ്പറ്റി ഒരു വിദേശിയുടെ രേഖാമൂലമുള്ള പ്രദിപാദനം കാണുന്നത്.
കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങ് വിശേഷദിനങ്ങളിലെ സ്‌നാനമാണ്. ഭാരതത്തിലെ എല്ലാ സമ്പ്രദായത്തിലുമുള്ള സംന്യാസിമാരും ശങ്കരാചാര്യന്മാരും മണ്ഡലേശ്വരന്മാരും ഉള്‍പ്പടെ കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് 45 ദിവസത്തെ ഈ മഹാമേളയില്‍ എത്തിച്ചേരുക. പരസ്യമോ പ്രചരണമോ ഇല്ലാതെ കൃത്യമായ ജ്യോതിശാസ്ത്ര ഗണനമനുസരിച്ചാണ് കുംഭമേളയും സ്‌നാന ദിവസങ്ങളും നിശ്ചയിക്കുന്നത്. ഇതാണ് കുംഭമേളയുടെ വൈശിഷ്ട്യവും. ആറ് പ്രധാന സ്‌നാന ദിവസങ്ങളാണ് പ്രയാഗ്‌രാജില്‍ ഉള്ളത്. ഏറ്റവും പ്രധാന സ്‌നാന ദിവസത്തെ ശാഹി സ്‌നാനം (രാജകീയ സ്‌നാനം) എന്നാണ് പറയുക.
കുംഭമേളയുടെ സവിശേഷതകള്‍
എഴുപത്തിയഞ്ചിലേറെ രാജ്യങ്ങളില്‍ നിന്നായി 40 കോടിയിലധികം തീര്‍ത്ഥാടകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ജാതി, വര്‍ഗ്ഗ-വര്‍ണ്ണ, ദേശ വ്യത്യാസങ്ങളില്ലാതെ ആയിരത്താണ്ടുകളായി ഹിന്ദു സമൂഹം ഒത്തുചേരുന്ന വിശേഷാവസരമാണ് ഓരോ കുംഭമേളയും. എല്ലാവരും പുണ്യസ്‌നാനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ മാത്രം. ഒരു തരത്തിലുമുള്ള അയിത്തമോ ഭേദ വ്യത്യാസമോ ഇല്ലാത്ത സാമരസ്യത്തിന്റെ സംഗമവേദി.
വിശേഷ വാഹന സൗകര്യങ്ങളില്ലാതെ എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍. യാതൊരു സബ്‌സിഡിയോ ആനുകൂല്യമോ ഇല്ലാതെ വന്നു പോകുന്നവര്‍. കിട്ടുന്ന ഭക്ഷണം കഴിച്ച്, എവിടെയെങ്കിലും വിശ്രമിച്ച,് ത്രിവേണി സ്‌നാനവും നടത്തി ഒരു പരിഭവവുമില്ലാതെ തിരിച്ചുപോകുന്ന തീര്‍ത്ഥാടകര്‍. ഇതാണ് മറ്റു തീര്‍ത്ഥാടനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുംഭമേളയെ വേറിട്ടതാക്കുന്നത്. കുംഭമേളയെപ്പറ്റി ചിലര്‍ ആക്ഷേപം ചൊരിയുമ്പോഴും, ആര്‍ഭാടാരവങ്ങളില്ലാതെ ലാളിത്യവും സംതൃപ്തിയും സമാനതയും ഒത്തുചേരുന്ന ഒരു പുരുഷായുസ്സിലെ അപൂര്‍വ്വ പുണ്യ സംഗമമായി അവ തലമുറകളിലൂടെ നീളുന്നു.
കുംഭമേളയെന്നാല്‍ സ്‌നാനം മാത്രം നടത്തി തിരിച്ചു പോകുന്ന ഒത്തുചേരലല്ല. വലിയ ആത്മീയ പ്രവചനങ്ങള്‍, ശാസ്ത്രസമ്മേളനങ്ങള്‍, സത്സംഗങ്ങള്‍, ഓരോരുത്തരുടേയും തപസ്സുകൊണ്ടും പഠനം കൊണ്ടും നേടിയ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്ന പണ്ഡിത സദസുകള്‍, യോഗ – വേദാന്ത ചര്‍ച്ചകള്‍, പ്രദര്‍ശിനികള്‍, ഇങ്ങനെ ഒട്ടേറെ വിജ്ഞാനകാര്യക്രമങ്ങള്‍ക്കാണ് ഓരോ കുംഭമേളയും സാക്ഷ്യം വഹിക്കുന്നത്.
ഹരിത തീര്‍ത്ഥാടനം
ഓരു ദിവസം ശരാശരി ഒരു കോടി തീര്‍ത്ഥാടകര്‍ ഒത്തുചേരുന്ന ഈ മഹാമേള മാലിന്യമുക്തമാക്കി പ്രകൃതിക്ക് ഇണങ്ങും വിധം ഹരിത കുംഭമേളയായി നടത്തണമെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരും വിവിധ ഹൈന്ദവ സംഘടനകളും പരിസ്ഥിതി സംരക്ഷണ സംഘടനകളുമെല്ലാം നിശ്ചയിച്ചിരിക്കുന്നത്. ശബരിമലയില്‍ ഒരു തീര്‍ത്ഥാടന കാലത്ത് ഉണ്ടാകുന്നതിനേക്കാള്‍ മാലിന്യങ്ങള്‍ ഒരു ദിവസം കൊണ്ട് പ്രയാഗ്‌രാജില്‍ എത്തിച്ചേരുന്നു. അതുകൊണ്ട്, ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഒന്നിച്ചു ചേരുന്ന ഈ മേള പ്രകൃതിക്ക് യോജിക്കും വിധം ഹരിത തീര്‍ത്ഥാടനമാക്കി മാറ്റി ലോകത്തിനു മാതൃക കാട്ടുവാനായി ഭാരതം തയ്യാറെടുക്കുകയാണ്. അതിനാവശ്യമായ സന്ദേശങ്ങള്‍ പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധിയുടെ ആഭിമുഖ്യത്തില്‍ ദേശവ്യാപകമായി നല്‍കി വരുന്നു. ഈ സന്ദേശം ഓരോ വീട്ടിലും എത്തിക്കുവാനുള്ള പ്രചരണവും സമ്പര്‍ക്കവും എങ്ങും നടക്കുന്നു.
ജീവിതത്തില്‍ അപൂര്‍വമായി പങ്കെടുക്കുവാനാകുന്ന കുംഭമേളയില്‍ നേരിട്ട് പങ്കെടുത്താല്‍ ഏറ്റവും ശ്രേഷ്ഠം. അതോടൊപ്പം ഓരോ വീട്ടില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കുംഭമേളയിലെ ഉപയോഗത്തിനായി സ്റ്റീല്‍ പ്ലേറ്റും തുണിസഞ്ചിയും ശേഖരിച്ചയച്ചക്കണമെന്ന പര്യാവരണ്‍ സംരക്ഷണണ്‍ ഗതിവിധിയുടെ ആഹ്വാനത്തില്‍ നമ്മളും പങ്കാളികളാവുക. ഓരോ കുടുംബത്തേയും ഈ യജ്ഞത്തില്‍ പങ്കാളിയാക്കുക. അതിലൂടെ കുംഭമേളയുടെ പുണ്യം എല്ലാവര്‍ക്കും ലഭ്യമാകട്ടെ. ഓരോ ഭവനത്തിലും ഓരോ ഹൃദയത്തിലും കുംഭമേളയുടെ സന്ദേശം എത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക