India

വിപുലമായ ഒരുക്കങ്ങള്‍; മഹാകുംഭ ശുചിത്വ കുംഭയാവും: യോഗി ആദിത്യനാഥ്

Published by

പ്രയാഗ്‌രാജ് (ഉത്തര്‍പ്രദേശ്): മഹാകുംഭമേള ശുചിത്വത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ഹിന്ദി മാധ്യമത്തിന്റെ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴര വര്‍ഷമായി ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിച്ച മാറ്റങ്ങളുടെ പ്രതിഫലനമാകും മഹാകുംഭ. പാരമ്പര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും സമന്വയമായി ഈ പൈതൃക മഹോത്സവം ഇക്കുറി മാറും.

തിക്കുംതിരക്കും അതുകൊണ്ടുണ്ടാകുന്ന മാലിന്യങ്ങളും സൃഷ്ടിച്ചിരുന്ന അരാജകത്വത്തിന്റെ കാലം മഹാകുംഭയില്‍ നിന്ന് അപ്രത്യക്ഷമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമം കൊണ്ട് 2019ല്‍ പ്രയാഗ്രാജ് മഹാകുംഭമേള യുനെസ്‌കോയുടെ അംഗീകാരം നേടി. ഇക്കുറി 2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ 45 ദിവസമാണ് കുംഭമേള. പൗഷ പൂര്‍ണിമ (ജനുവരി 13), മകരസംക്രാന്തി (ജനുവരി 14), മൗനി അമാവാസി (ജനുവരി 29), ബസന്ത് പഞ്ചമി (ഫെബ്രു. 3), മാഘപൂര്‍ണിമ (ഫെബ്രു. 12), മഹാശിവരാത്രി (ഫെബ്രു. 26) എന്നിവയാണ് പ്രധാന സ്‌നാന തീയതികള്‍.

2019ലെ കുംഭമേളയില്‍ 23-24 കോടി ഭക്തരാണ് പങ്കെടുത്തത്. ഇത്തവണ 45 ദിവസത്തിനുള്ളില്‍ 40 കോടി ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. നാല്, ആറ് വരി ഹൈവേകളുടെ വികസനം ഉള്‍പ്പെടെ, വ്യോമ, റെയില്‍, റോഡ് വഴി പ്രയാഗ്രാജിനെ ബന്ധിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്. 2019ലെ 3,200 ഹെക്ടര്‍ പ്രദേശമാണ് മഹാകുംഭയ്‌ക്കായി ഒരുക്കിയതെങ്കില്‍ ഇക്കുറി അത് 4000 ഹെക്ടറാണ്. സംഗമം തീരത്ത് എത്താന്‍ ഭക്തര്‍ക്ക് രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ നടക്കേണ്ടി വരില്ല. 2-5 കിലോമീറ്റര്‍ ചുറ്റളവില്‍ വിവിധ റൂട്ടുകളിലായി 1,850 ഹെക്ടറിലധികം പാര്‍ക്കിങ്ങിനായി നീക്കിവച്ചിട്ടുണ്ട്. ഈ പാര്‍ക്കിങ് സൈറ്റുകളില്‍ നിന്ന് 7,000 കോര്‍പറേഷന്‍ ബസുകള്‍ ഏര്‍പ്പാടാക്കും. 2019ല്‍ ഒമ്പത് റോഡ് മേല്‍പ്പാലങ്ങളും ആറ് അണ്ടര്‍പാസുകളും നിര്‍മിച്ചു. ഇക്കുറി 14 റോഡ് മേല്‍പ്പാലങ്ങളാണ് നിര്‍മിക്കുന്നത്. സ്‌നാനഘട്ടങ്ങളുടെ നീളം എട്ട് കിലോമീറ്ററില്‍ നിന്ന് 12 കിലോമീറ്ററായി വര്‍ധിപ്പിക്കും. ഏഴ് ബസ് സ്റ്റാന്‍ഡുകളും ഒന്നര ലക്ഷം പുതിയ ശുചിമുറികളും സ്ഥാപിക്കും, യോഗി ആദിത്യനാഥ് പറഞ്ഞു. 67,000 എല്‍ഇഡികള്‍, 2,000 സോളാര്‍ ഹൈബ്രിഡ് തെരുവ് വിളക്കുകള്‍, രണ്ട് പുതിയ ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനുകള്‍, 200 വാട്ടര്‍ എടിഎമ്മുകള്‍, 85 കുഴല്‍ക്കിണറുകള്‍, 1,249 കിലോമീറ്റര്‍ കുടിവെള്ള പൈപ്പ് ലൈന്‍ എന്നിവയും സ്ഥാപിക്കും. ഇതെല്ലാം 30നകം പൂര്‍ത്തിയാകും, അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by