ബെംഗളൂരു: ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വിമാനത്താവളത്തിൽ വാണിജ്യ വിമാനങ്ങൾക്കും ലാൻഡ് ചെയ്യാൻ അനുമതി നൽകിയേക്കും. ഇത് സംബന്ധിച്ച് ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു. 2008-ൽ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം ആരംഭിക്കുന്നതിന് മുമ്പ് നഗരത്തിന്റെ പ്രാഥമിക വ്യോമയാന കേന്ദ്രമായി പ്രവർത്തിച്ചിരുന്നത് എച്ച്എഎൽ വിമാനത്താവളമായിരുന്നു.
നിലവിൽ പ്രതിരോധ വിമാനങ്ങൾ, വിഐപി വിമാനങ്ങൾ, സ്വകാര്യ ജെറ്റുകൾ എന്നിവ മാത്രമാണ് ഇവിടെ ലാൻഡ് ചെയ്തിരിക്കുന്നത്. പ്രതിദിനം ഏകദേശം 12 ചെറുവിമാനങ്ങൾ എച്ച്എഎൽ കൈകാര്യം ചെയ്യുന്നുണ്ട്.
നിലവിലുള്ള ടെർമിനലിന് പകരം എൻട്രി, എക്‌സിറ്റ് സൗകര്യങ്ങൾ വേർതിരിക്കുക, 500 വാഹനങ്ങൾക്ക് മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം നിർമിക്കുക, ടെർമിനലിന്റെ ആക്‌സസ് റോഡ് രണ്ടിൽ നിന്ന് നാലായി ഉയർത്തുക എന്നിങ്ങനെയുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങളും എച്ച്എഎല്ലിൽ ഉടൻ ഏറ്റെടുക്കും. 2008-ലാണ് എച്ച്എഎല്ലിൽ അവസാനമായി വാണിജ്യ പ്രവർത്തനങ്ങൾ നടന്നത്. 2007-08 സാമ്പത്തിക വർഷത്തിൽ എച്ച്എഎൽ എയർപോർട്ട് 10 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക