Marukara

ദുബായ് റൺ പ്രതീക്ഷിച്ചതിലും സൂപ്പർ ഹിറ്റ് ! മായിക നഗരിയിലെ റണ്ണിംഗ് ട്രാക്കിൽ ഓടിയത് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം രണ്ടര ലക്ഷത്തിലധികം പേർ

 

ദുബായ് : എക്കാലത്തേയും പോലെ ഇത്തവണയും ദുബായ് റൺ ബമ്പർ ഹിറ്റ്. നവംബർ 24-ന് നടന്ന ദുബായ് റണ്ണിൽ രണ്ടര ലക്ഷത്തിലധികം പേർ പങ്കെടുത്തുവെന്ന് അധികൃതർ അറിയിച്ചു. കണക്കുകൾ പ്രകാരം ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടന്ന ഇത്തവണത്തെ ദുബായ് റണിൽ 278000 പേരാണ് പങ്കെടുത്തത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദുബായ് റണ്ണിൽ പങ്കെടുത്തവരുടെ എണ്ണത്തിൽ 23 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റിലെ പ്രവാസികളും, പൗരന്മാരും, സന്ദർശകരും ഉൾപ്പടെ എല്ലാ പ്രായ വിഭാഗങ്ങളിൽപ്പെടുന്നവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദിനൊപ്പം ആവേശത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അവിശ്വസനീയമായ പ്രകടനത്തോടെ അണിനിരന്ന ഇവർ ദുബായ് നഗരത്തിലെ സൂപ്പർഹൈവേയായ ഷെയ്ഖ് സായിദ് റോഡിനെ അക്ഷരാർത്ഥത്തിൽ ഒരു ഭീമൻ റണ്ണിംഗ് ട്രാക്കായി മാറ്റി.

ഒരു മാസം നീണ്ട് നിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ അവസാന ദിനത്തിൽ സംഘടിപ്പിച്ച ദുബായ് റൺ പങ്കെടുക്കുന്നവരുടെ ബാഹുല്യം കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ ഇത്തരത്തിലുള്ള പരിപാടി എന്ന സ്ഥാനം ഊട്ടി ഉറപ്പിച്ചു. നേരത്തെ നവംബർ 10-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച അഞ്ചാമത് ദുബായ് റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തിരുന്നു. കൃത്യമായി 37,130 പേരാണ് ഇത്തവണത്തെ ദുബായ് റൈഡിൽ പങ്കെടുത്തത്.

ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്കായി ഷെയ്ഖ് സായിദ് റോഡിൽ 2 പ്രത്യേക ട്രാക്കുകളാണ് ഒരുക്കിയിരുന്നത്. ദുബായിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് കനാൽ ബ്രിഡ്‌ജ്‌, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഈ സൈക്ലിംഗ് ട്രാക്കുകൾ ഒരുക്കിയത്. 12 കിലോമീറ്റർ നീളമുള്ള പ്രധാന ട്രാക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി നാല് കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്കും ദുബായ് റൈഡിൽ പങ്കെടുക്കുന്ന സൈക്കിളോട്ടക്കാർക്കായി ഇത്തവണ ഒരുക്കിയിരുന്നു.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡിലൂടെ ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയ്കരികിലൂടെയാണ് കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി 4 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്ക് ഒരുക്കിയിരുന്നത്. ഷെയ്ഖ് സായിദ് റോഡിലെ 12 കിലോമീറ്റർ നീളമുള്ള പ്രധാന ട്രാക്ക് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് കനാൽ ബ്രിഡ്‌ജ്‌, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഒരുക്കിയിരുന്നത്. ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 26 നാണ്ആരംഭിച്ചത്.

https://x.com/i/status/1860670411140186255

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക