Sports

കേരള കോളേജ് സ്പോര്‍ട്സ് ലീഗ് : തുടക്കത്തില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളില്‍

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കായിക സംസ്‌കാരത്തിന്റെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ടാണ് കേരള കോളേജ് സ്പോര്‍ട്സ് ലീഗ് രൂപീകരിക്കുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കേരള കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ഭാഗമായി കോളേജുകളില്‍ സ്പോര്‍ട്സ് ക്ലബ്ബുകള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കായിക പ്രതിഭകളായിട്ടുള്ള കുട്ടികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നതെങ്കില്‍ കോളേജ് സ്പോര്‍ട്സ് ലീഗ് തല്‍പരരായ എല്ലാ വിദ്യാര്‍ഥികളെയും അതിന്റെ ഭാഗമാക്കും. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേര്‍ന്ന് സ്‌പോര്‍ട്സ് ലീഗ് പദ്ധതി നടപ്പിലാക്കുന്നത്. കായിക ഉച്ചകോടിയുടെ ഭാഗമായി ഉയര്‍ന്നു വന്ന ആശയത്തെ വിദ്യാര്‍ഥി സമൂഹവും കോളേജുകളും സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളേജ് സ്പോര്‍ട്സ് ലീഗ് ആരംഭിക്കുകയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്തെ കോളേജുകളെ നാല് സോണുകളായി തിരിച്ച് മൂന്നു മുതല്‍ ആറുമാസം വരെ നീളുന്ന സ്പോര്‍ട്സ് ലീഗാണ് സംഘടിപ്പിക്കുക.
കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കോളേജുകളെ സഹായിക്കുന്നതിന്റെ ഭാഗമായി സ്വന്തമായി വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയിലാണ് കോളേജ് സ്‌പോര്‍ട്‌സ് ക്ലബുകളുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിരിക്കുന്നത്. കോളേജ് ലീഗില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പൊഫഷണല്‍ ലീഗിലേക്കും വഴിയൊരുങ്ങും. പുതിയ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതോടൊപ്പം അവരെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലീഗിലൂടെ കഴിയും. സ്വദേശത്തും വിദേശത്തുമുള്ള മികച്ച പരിശീലകരുടെ സേവനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കാനാകുമെന്ന് മന്ത്രി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക