Business

ചൈനയിലെ എംജി മോട്ടോഴ്സിന്റെ പൂഴിക്കടകന്‍; കാര്‍ വില കുറയ്‌ക്കാന്‍ നിര്‍ബന്ധിതരായി ടാറ്റ; ഇലക്ട്രിക് കാറുകളുടെ വില 3.5 ലക്ഷം വരെ കുറച്ചേക്കും

Published by

മുംബൈ: ചൈനയിലെ ഷാങ് ഹായി കേന്ദ്രമായുള്ള കാര്‍ നിര്‍മ്മാണക്കമ്പനിയാണ് എംജി മോട്ടോഴ്സ്. അവരുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ സൂപ്പര്‍ ഹിറ്റാണ്. ഏഴ് ലക്ഷം രൂപയില്‍ ലഭിക്കുന്ന എംജി കോമറ്റ് കേരളത്തില്‍ വരെ സൂപ്പര്‍ ഹിറ്റാണ്. മികച്ച നിര്‍മ്മാണം, നല്ല മൈലേജ്, അന്തസ്സുള്ള ഇന്‍റീരിയര്‍….അതാണ് കോമറ്റിനെ ഹിറ്റാക്കിയത്.

ഇതൊന്നുമല്ല എംജി മോട്ടോഴ്സ് നടത്തിയ അട്ടിമറി. അവരുടെ ഇലക്ട്രിക് എസ് യുവി ആയ വിന്‍ഡ്സര്‍ എന്ന മോഡല്‍ കാര്‍ പ്രഖ്യാപിച്ച വിലയേക്കാള്‍ മൂന്ന് ലക്ഷം കുറവിന് നല്‍കുമെന്ന് കമ്പനി നടത്തിയ പ്രഖ്യാപനം ഇന്ത്യയില്‍ വന്‍വിപ്ലവമായിരുന്നു. വിന്‍ഡസര്‍ എന്ന എസ് യുവിയ്‌ക്ക് 17 ലക്ഷം രൂപയാണ് വിലയെങ്കിലും അതിനേക്കാള്‍ മൂന്ന് ലക്ഷം രൂപ കുറവിന് നല്‍കുന്ന പദ്ധതിയുമായാണ് എംജി മോട്ടോഴ്സ് രംഗത്ത് വന്നത്. കാറിന്റെ ബാറ്ററിയുടെ തുകയായ മൂന്ന് ലക്ഷമാണ് ഒഴിവാക്കി കൊടുക്കുന്നത്. അതായത് കാറിനൊപ്പമുള്ള ബാറ്ററിയുടെ വില ഒറ്റയടിക്ക് വാങ്ങുന്നതിന് പകരം ബാറ്ററി വാടകയ്‌ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. ബാറ്ററിയുടെ തുക കുറേശ്ശെയായാണ് ഉപഭോക്താവില്‍ നിന്നും ഈടാക്കുക. കാര്‍ ഓടുന്നതിനനുസരിച്ച് കിലോമീറ്ററിന് 4 രൂപ 50 പൈസ വെച്ച് കമ്പനിയ്‌ക്ക് തിരിച്ചടച്ചാല്‍ മതി. കാര്‍ വാങ്ങുന്നവര്‍ വലിയ ആശ്വാസം പകരുന്നതായി എംജി മോട്ടോഴ്സിന്റെ ഈ പദ്ധതി. ബാറ്ററി വാടകയ്‌ക്ക് കൊടുക്കുന്ന ഈ പദ്ധതിക്ക് ബാറ്ററി ഏസ് എ സര്‍വ്വീസ് (ബാസ്) എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. ഇതുപോലെ ഏഴ് ലക്ഷം രൂപ വരുന്ന എംജി മോട്ടോഴ്സിന്റെ കോമറ്റ് എന്ന ഇലക്ട്രിക് കാര്‍ ഇപ്പോള്‍ നാല് ലക്ഷത്തിനാണ് കൊടുക്കുന്നത്. കാറിലെ ബാറ്ററിയുടെ തുക കിലോമീറ്ററിന് 2.50 രൂപ വെച്ച് നല്‍കിയാല്‍ മതിയാകും.

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ ഇറക്കി മുന്നേറിയിരുന്ന ടാറ്റാ മോട്ടോഴ്സിന് ഇത് വന്‍ തിരിച്ചടിയായി. ഉപഭോക്താക്കള്‍ വിലക്കുറവില്‍ ആകൃഷ്ടരായി എംജിയുടെ കോമറ്റും വിന്‍ഡ്സറും വാങ്ങാന്‍ തുടങ്ങിയതോടെ ഇനി ബാറ്ററി വില കുറച്ച് കാര്‍ വില്‍ക്കേണ്ട ഗതികേടിലായിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. വൈകാതെ ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് കാറുകളുടെ വില 30 ശതമാനം വരെ കുറച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.
എംജി മോട്ടോർ ഇന്ത്യയുടെ മാതൃകയിൽ ‘ബാറ്ററി-ആസ്-എ-സർവീസ്’ (ബാസ്) മോഡൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഈ പദ്ധതി അനുസരിച്ച് ബാറ്ററിയുടെ വില ഇലക്ട്രിക് കാറിന്റെ വിലയിൽ നിന്ന് ഒഴിവാകും.

വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, ബാറ്ററികൾ പ്രത്യേകം വാടകയ്‌ക്കെടുക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാൽ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില രണ്ടുലക്ഷം മുതൽ 3.5 ലക്ഷം വരെ കുറയും. ഇതോടെ വാഹനത്തിന്റെ വിലയും ബാറ്ററിയുടെ വാടകയും മാത്രമേ ഉപഭോക്താക്കൾ നൽകേണ്ടിവരൂ. നിലവിൽ, ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ശ്രേണിയിൽ ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ് ഇവി എന്നിവ ഉൾപ്പെടുന്നു.

ബാറ്ററി-ആസ്-എ-സർവീസ് മോഡലിലൂടെ വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്. ബാറ്ററികൾ വാടകയ്‌ക്കെടുക്കുന്നതിലൂടെ, ഇലക്ട്രിക് വാഹനങ്ങളുടെ എക്‌സ്-ഷോറൂം വില 25 ശതമാനം മുതൽ 30 ശതമാനം വരെ കുറയും. ഇത് കൂടുതൽ കൂടുതൽ ഉപഭോക്താക്കളെ ഈ വാഹനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.

എന്താണ് ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാം?
ബാറ്ററി-ആസ്-എ-സർവീസ് (BaaS) എന്നത് ബാറ്ററിയുടെ വിലയും വാഹനത്തിന്റെ വിലയും വേർതിരിക്കുന്ന ഒരു പദ്ധതിയാണ്. ബാറ്ററി ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കൾ നിരക്ക് നൽകുന്നത്. അതായത് വാഹനം സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ബാറ്ററിയുടെ നിരക്ക് ഈടാക്കും. ഇതിനായി, ഉപഭോക്താക്കൾ എല്ലാ മാസവും വാടക (ഇഎംഐ) നൽകേണ്ടിവരും. എങ്കിലും, ബാറ്ററി ചാർജിംഗ് പ്രത്യേകം നൽകേണ്ടിവരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക