സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അക്കാദമിക വൈജ്ഞാനിക മേഖലകള്‍ ഏതാണ്ട് മുഴുവനും മാര്‍ക്സിയന്‍ ചിന്തകരുടെ കൈപ്പിടിയിലായിരുന്നു. ദശാബ്ദങ്ങളോളം നീണ്ടു നിന്ന ആസൂത്രിതമായ ശ്രമത്തിലൂടെ തങ്ങളുടെ രാഷ്‌ട്രീയ നിലനില്‍പ്പിനുതകുന്ന വിധം ഇന്ത്യയുടെ ചരിത്രത്തേയും സാംസ്ക്കാരിക ആഖ്യാനങ്ങളെയും വളച്ചൊടിക്കുന്നതില്‍ അവര്‍ വിജയിച്ചിരുന്നു. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രവിമോചന പ്രക്ഷോഭം ശക്തിപ്പെടാന്‍ തുടങ്ങി. രാമജന്മഭൂമി വിഷയത്തില്‍ ഇന്ത്യന്‍ അക്കാദമിക വൃത്തങ്ങളില്‍ നിന്ന് തുടക്കം മുതലേ അതിശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. അംഗീകൃത ചരിത്ര പുസ്തകങ്ങളില്‍ ഒന്നും തന്നെ ക്ഷേത്ര ധ്വംസനത്തെ സാധൂകരിക്കുന്ന ഇസ്ലാമിക അധിനിവേശത്തിന്റെ ഇരുണ്ടവശങ്ങളെ കുറിച്ചുള്ള യാതൊരു സൂചനകളും ലഭ്യമായിരുന്നില്ല. നിരവധി തവണ തകര്‍ക്കപ്പെടുകയും പിന്നീട് പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്ത ഹൈന്ദവ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ അവശേഷിച്ച തെളിവുകള്‍ വേണ്ട രീതിയില്‍ പഠനവിധേയമാക്കാന്‍ ഇവിടെ അവസരങ്ങളുണ്ടായിരുന്നില്ല. മറ്റ് അനേകായിരം ക്ഷേത്രങ്ങളെ പോലെ രാമക്ഷേത്രവും തകര്‍ത്ത് അതിനു മുകളിലാണ് ബാബ്രി മസ്ജിദ് കെട്ടിപ്പൊക്കിയത് എന്നു തെളിയിക്കേണ്ട ബാദ്ധ്യത ഹിന്ദുക്കളുടെതായി തീര്‍ന്നു. ഇന്ത്യയിലെ ചരിത്ര – പുരാവസ്തു ഗവേഷണത്തിന്റെ കുത്തകയാകട്ടെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലും. ക്ഷേത്ര ധ്വംസനങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഹിന്ദു പക്ഷത്തിനു നേരെയുള്ള പണ്ഡിതന്മാരുടെ വെല്ലുവിളി. ഈയവസരത്തിലാണ് മുസ്ലീം ഭരണകാലത്തെ മുസ്ലീം ചരിത്രകാരന്മാരാല്‍ തന്നെ രചിക്കപ്പെട്ട ചരിത്ര രേഖകള്‍ വെളിച്ചത്തു കൊണ്ടുവന്ന് അതിന് മറുപടി നല്കാന്‍ ഒരുകൂട്ടം ഹിന്ദു ബുദ്ധിജീവികള്‍ തയ്യാറായത്. തങ്ങളുടെ ഭരണാധികാരികളുടെ നേട്ടമായി വളരെ അഭിമാനപൂര്‍വ്വം സമകാലീന മുസ്ലീം ചരിത്രകാരന്മാര്‍ വര്‍ണ്ണിച്ചിരിക്കുന്ന അത്തരം സംഭവങ്ങള്‍ എളുപ്പത്തില്‍ മൂടിവയ്‌ക്കപ്പെടാന്‍ കഴിയുന്നതായിരുന്നില്ല. സീതാറാം ഗോയല്‍, രാം സ്വരൂപ്, അരുണ്‍ ഷൂരി, ഹര്‍ഷ് നാരായന്‍ തുടങ്ങിയവരായിരുന്നു ഹിന്ദുപക്ഷത്തെ ബുദ്ധിജീവികളില്‍ പ്രമുഖര്‍.
Hindu Temples: What Happened to Them എന്നപേരില്‍ രണ്ടു വാള്യങ്ങളായി സീതാറാം ഗോയല്‍ സംശോധന നിര്‍വ്വഹിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥം അക്കാലത്ത് വലിയ ചര്‍ച്ചാ വിഷയമായി. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാമിക അധിനിവേശകര്‍ തച്ചു തകര്‍ത്ത നൂറുക്കണക്കിന് ക്ഷേത്രങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങളാണ് അതിലൂടെ പുറത്തു വന്നത്. ഒന്നൊഴിയാതെ എല്ലാം തന്നെ അറബി, പേര്‍ഷ്യന്‍, ഉറുദു ഭാഷകളിലായി ഇസ്ലാമിക ചരിത്രകാരന്മാര്‍ എഴുതി വച്ച വിവരണങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട പേരുകള്‍ ! തലനാരിഴ കീറിയുള്ള ഈ ഗവേഷണങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ചരിത്ര നിര്‍മ്മിതിയിലെ നിരവധി കപട മുഖങ്ങളും കൊടിയ വഞ്ചനകളും അവര്‍ കണ്ടെത്തി. ഏറ്റവും കുറഞ്ഞത് മതകാര്യങ്ങള്‍ പറയുമ്പോളെങ്കിലും മൂല്യബോധം പുലര്‍ത്തും എന്ന് പൊതുവേ പ്രതീക്ഷിക്കപ്പെടുന്ന മതപണ്ഡിതന്മാര്‍ പോലും തങ്ങള്‍ ഒരിയ്‌ക്കല്‍ അഭിമാന പൂര്‍വ്വം അവകാശപ്പെട്ട കാര്യങ്ങള്‍ പിന്നീട് സൗകര്യപൂര്‍വ്വം തമസ്ക്കരിക്കുന്നത് അവര്‍ കണ്ടു. അറബി പുസ്തകത്തില്‍ ഉറപ്പിച്ച് എഴുതിയ ക്ഷേത്രധ്വംസനത്തിന്റെ കാര്യം, അതേ പുസ്തകം ഉറുദുവിലേക്ക് മൊഴിമാറ്റുമ്പോള്‍ “പറയപ്പെടുന്നു” എന്ന ഒഴുക്കന്‍ മട്ടാവുന്നതും, അത് വീണ്ടും ഇംഗ്ലീഷിലേക്ക് വന്നപ്പോള്‍ ചില ഭാഗങ്ങള്‍ അപ്പാടെ ഒഴിവാക്കിയും വെള്ളം ചേര്‍ത്തും വൈജ്ഞാനിക മണ്ഡലത്തെ അവഹേളിയ്‌ക്കുന്നതും കാണുന്നു. ഇന്ന് ‘നൂറ്റാണ്ടുകള്‍’ പഴക്കമുള്ള ‘ചരിത്ര രേഖകളും’ ‘ചെമ്പോലകളും’ ഉദ്ധരിച്ച് വഖഫ് അവകാശവാദങ്ങള്‍ കൊഴുക്കുമ്പോള്‍ അത്തരം അവകാശവാദങ്ങളുടെ അടിവേരുകള്‍ നിശിതമായി പരിശോധിക്കാന്‍ നാം ബാദ്ധ്യസ്ഥരായിത്തീരുന്നു.
1989 ഫെബ്രുവരി 5 ന് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രത്തില്‍ ശ്രീ അരുണ്‍ ഷൂരി എഴുതി പ്രസിദ്ധീകരിച്ച ലേഖനം ഇന്ത്യന്‍ ചരിത്ര രചനയിലെ ഇസ്ലാമിക കൈകടത്തലിന്റെ ചില ദുഷിച്ച വഴികള്‍ ചൂണ്ടിക്കാണിച്ചു തരുന്നു. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതിലെ സൂചനകള്‍ പ്രസക്തമാണ് എന്ന് കാണാം.
പ്രശസ്തനായ ഒരു മുസ്ലീം പണ്ഡിതന്‍ രചിച്ച പ്രധാനപ്പെട്ട ഒരു പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍ കുറേഭാഗങ്ങള്‍ തമസ്ക്കരിച്ചതായി ഞാന്‍ കണ്ടെത്തി. ഇന്ത്യയിലെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒരു ഇസ്ലാമിക പഠനകേന്ദ്രത്തിന്റെ തലപ്പത്തെ നാലാമനായ മതപണ്ഡിതനാണ് ഗ്രന്ഥകര്‍ത്താവ്. ബാബറി മസ്ജിദ് ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഭൂമികളില്‍, അവയുടെ അടിത്തറയ്‌ക്കു മുകളില്‍, അവയുടെ കല്ലുകളും മറ്റു ഭാഗങ്ങളും ഉപയോഗിച്ച് കെട്ടിപ്പടുത്ത മസ്ജിദുകളെ പറ്റിയുള്ള ഭാഗമായിരുന്നു അത്.
ആ പുസ്തകം ലഭിയ്‌ക്കുവാന്‍ പ്രയാസമാണ് എന്ന് പറയപ്പെടുന്നു.
എന്നാല്‍ അതിനെ പറ്റിയുള്ള വിവരങ്ങള്‍ കണ്ടെത്തപ്പെട്ടു. ഇന്ന് രാജ്യത്ത് ജീവിച്ചിരിയ്‌ക്കുന്നതില്‍ ഏറ്റവും സ്വാധീനമുള്ള മുസ്ലീം പണ്ഡിതന്‍, പ്രസ്തുത ഇസ്ലാംമത പഠനകേന്ദ്രത്തിന്റെ ഇപ്പോഴത്തെ ആചാര്യന്‍, മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ചെയര്‍മാന്‍, വെറും പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇങ്ങനെ ചെയ്യുന്നതിനുള്ള (തമസ്ക്കരിക്കുന്നതിനുള്ള) നിര്‍ദ്ദേശം കൊടുത്തത്.
ഒഴിഞ്ഞുമാറൽ, ഒളിപ്പിയ്‌ക്കല്‍ ഒക്കെ നമ്മുടെ ദേശീയ സ്വഭാവമായി മാറിയിരിയ്‌ക്കുന്നു. അതിന് വളരെ മോശമായ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് ഓര്‍ക്കണം. എന്നാല്‍ അതിനുമുമ്പ് കുറച്ചു പശ്ചാത്തലം പറയേണ്ടതുണ്ട്.
ഇന്ത്യയിലെ ഇസ്ലാമിക പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നാണ് ലക്നൗവിലെ നദ്വത്തുല്‍-ഉലേമ. 1894 ല്‍ ആണ് അത് സ്ഥാപിതമായത്. ദിയോബന്ദിലെ ദാറുല്‍-ഉലും മാത്രമാണ് അതിനേക്കാള്‍ മുന്നിലുള്ളത്. ആധുനിക ലോകത്തിനു മുന്നില്‍ വളരെ ഫലപ്രദമായി ഇസ്ലാമിന്റെ പ്രതിച്ഛായയെ അവതരിപ്പിയ്‌ക്കാന്‍ കഴിവുള്ള പണ്ഡിതരെ വാര്‍ത്തെടുക്കല്‍ ആയിരുന്നു ഈ കേന്ദ്രത്തിന്റെ സ്ഥാപകര്‍ ലക്ഷ്യം വച്ചത്. അത് ഇന്ത്യയിലെ ഇസ്ലാമിക പഠനകേന്ദ്രങ്ങള്‍ എന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പരിഷ്ക്കരണം എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അതിന്റെ സ്ഥാപകര്‍ മതപരവും, ഭൗതികവുമായ വിഷയങ്ങള്‍ മാത്രമല്ല, സാങ്കേതിക പരിശീലനം കൂടി നല്‍കുന്ന ഒരു മാതൃകാ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിയ്‌ക്കാന്‍ തീരുമാനിച്ചത് എങ്ങനെയാണ് എന്ന് ആ പുസ്തകം പറയുന്നു. ഇന്ന് നല്ല കെട്ടിടങ്ങളില്‍ പ്രവര്‍ത്തിയ്‌ക്കുന്ന അതിന്റെ കോളേജും, വലിയതും ഈടുറ്റതുമായ ലൈബ്രറിയും, ഗവേഷണ പ്രസിദ്ധീകരണ വിഭാഗങ്ങളും ചേര്‍ന്ന് ഇസ്ലാമിക ശാസ്ത്രങ്ങള്‍ പഠിപ്പിയ്‌ക്കുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി അത് നിലകൊള്ളുന്നു. ഈ സ്ഥാപനത്തിന്റെ ഒരു പ്രത്യേകത സ്വതന്ത്ര ഗവേഷണത്തില്‍ ഉള്ള അതിന്റെ ഊന്നലാണ്. പ്രധാന കെട്ടിടത്തിന്റെ നടുവിലുള്ള ഹാളിലും അടുത്തുള്ള റൂമുകളിലുമായി ക്രമീകരിച്ചിരിയ്‌ക്കുന്ന നദ്വയിലെ ഗ്രന്ഥശാല 3000 കൈയ്യെഴുത്തു പ്രതികള്‍ ഉള്‍പ്പെടെ, അറബി, പേര്‍ഷ്യന്‍, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 75,000 പുസ്തകങ്ങളുള്ള ഈ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറിയാണ്. ഇത് പത്തു വര്‍ഷം മുമ്പ് എഴുതിയതാണ്. ഈ ഗ്രന്ഥശാലയില്‍ ഇപ്പോള്‍ 1,25,000 പുസ്തകങ്ങളാണുള്ളത്.
അതിന്റെ തലവന്‍
ഇന്ന് ഈ സ്ഥാപനത്തിന് നേതൃത്വം കൊടുക്കുന്നത് മൗലാന അബുള്‍-ഹസന്‍ അലി നദ്വിയാണ്. അനുയായികള്‍ക്കിടയില്‍ അലി മിയാന്‍ എന്നറിയപ്പെടുന്ന അദ്ദേഹം, സാധാരണക്കാര്‍ക്കിടയിലും, സര്‍ക്കാര്‍ വൃത്തങ്ങളിലും, പണ്ഡിതന്മാര്‍ക്കിടയിലും, വിദേശ സര്‍ക്കാരുകളിലും ഇന്ന് ഏറ്റവും സ്വാധീന ശേഷിയുള്ള മുസ്ലീം അദ്ധ്യാപകന്‍ ആണെന്നത് ഏതാണ്ട് സംശയ രഹിതമായ കാര്യമാണ്.
മതമൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ മൗലാനാ മൗദൂദിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് താമസിയാതെ ആ സംഘടന വിടുകയായിരുന്നു.
ഇന്ന് അലി മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ ചെയര്‍മാനാണ്.
മെക്ക ആസ്ഥാനമായുള്ള ആഗോള ഇസ്ലാമിക സംഘടനയായ രാബ്ത ആലം-ഈ-ഇസ്ലാമിയുടേയും സ്ഥാപക അംഗമാണ് അദ്ദേഹം. മറ്റു പല കാര്യങ്ങളോടുമൊപ്പം ലോകത്തിലെ വിവിധ ഇസ്ലാമിക സംഘടനകള്‍ക്ക് കിട്ടേണ്ട ധനവിഹിതം എത്രയാണ് എന്ന് നിശ്ചയിയ്‌ക്കുന്ന സംഘടനയാണിത്.
1961 മുതല്‍ കാല്‍ നൂറ്റാണ്ടു കാലത്തോളം ദാരുല്‍ ഉലും നദ്വതുല്‍-ഉലമയുടെ നസീം അഥവാ ആചാര്യന്‍ ആയിരുന്നു അദ്ദേഹം.
നദ്വയുടെ പേരും പ്രശസ്തിയും അലി മിയാന്റെ പാണ്ഡിത്യത്തോട് മാത്രമല്ല, അദ്ദേഹത്തിന്റെ ദേശീയവും അന്തര്‍ ദേശീയവുമായ ബന്ധങ്ങളോടും സ്വാധീനശക്തിയോടും കടപ്പെട്ടിരിയ്‌ക്കുന്നു.
എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ള രാഷ്‌ട്രീയക്കാരും – രാജീവ് ഗാന്ധി, വി പി സിംഗ്, ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ തേടുന്നു.
പരക്കെ അറിയപ്പെട്ട ‘ഇന്‍സാനി ദുനിയാ പര്‍ മുസല്‍മാനോം കേ ഉറുജ്-ഒ-സവാല്‍ കാ അസര്‍’ (മുസ്ലീങ്ങളുടെ ഉയര്‍ച്ചയും താഴ്ചയും മാനവരാശിയില്‍ ചെലുത്തിയ സ്വാധീനം) എന്ന ഗ്രന്ഥം ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം. ഇസ്ലാമിക നിയമം, നിയമശാസ്ത്രം, മതതത്വശാസ്ത്രം, പ്രത്യേകിച്ചും ചരിത്രം എന്നിവയില്‍ ആധികാരിക ശബ്ദമാണ്.
അതുപോലെ അദ്ദേഹത്തിന് ഇന്ത്യയിലെ മുസ്ലീങ്ങളുടെ രാഷ്‌ട്രീയത്തില്‍ വലുതും നിര്‍ണ്ണായകവുമായ സ്വാധീനം ഉണ്ട്.
അദ്ദേഹത്തിന്റെ പിതാവും, അദ്ദേഹത്തിന്റെ പുസ്തകവും
അദ്ദേഹത്തിന്റെ പിതാവ് മൗലാനാ ഹക്കിം സയിദ് അബ്ദുള്‍ ഹയിയും തുല്യനിലയില്‍ പ്രശസ്തനും സ്വാധീനമുള്ളയാളും ആയിരുന്നു. നദ്വ രൂപീകരിച്ചപ്പോള്‍, ആദ്യത്തെ ആചാര്യനായിരുന്ന മൗലാനാ മുഹമ്മദ് മോന്ഘ്യ്രി, സഹ ആചാര്യന്‍ അഥവാ മദദ്ഗര്‍ നസീം ആയി തെരഞ്ഞെടുത്തത് മൗലാനാ അബ്ദുള്‍ ഹയിയെ ആയിരുന്നു. മൗലാനാ മുഹമ്മദ് മോന്ഘ്യ്രി മുന്‍കൈയെടുത്താണ് 1892 ല്‍ നദ്വ രൂപീകരണത്തിന് കാരണമായി തീര്‍ന്ന ആദ്യ സമ്മേളനം വിളിച്ചു കൂട്ടിയത്.
1915 ജൂലൈയില്‍ പ്രധാന ആചാര്യനായി സ്ഥാനക്കയറ്റം കിട്ടുന്നതു വരെ അബ്ദുള്‍ ഹയി ആ പദവിയില്‍ സേവനം അനുഷ്ഠിച്ചു.
അദ്ദേഹത്തിന്റെ പാണ്ഡിത്യവും സ്ഥാപനത്തിനും ഇസ്ലാമിനും അദ്ദേഹം അര്‍പ്പിച്ച സേവനവും കണക്കിലെടുത്ത് 1920 ല്‍ വീണ്ടും അദ്ദേഹത്തെ ആചാര്യനായി നിയോഗിച്ചു. 1923 ഫെബ്രുവരിയില്‍ മരിയ്‌ക്കുന്നതു വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.
അദ്ദേഹവും നിരവധി പുസ്തകങ്ങള്‍ രചിയ്‌ക്കുകയുണ്ടായി. അതിലൊന്ന് ഈയിടെ ഹൈദരാബാദില്‍ നിന്ന് പുന:പ്രസിദ്ധീകരിച്ച ഡയറക്ടറിയാണ്. പ്രധാനമായും ഇസ്ലാമിക വിശ്വാസത്തിലേക്ക് മതംമാറ്റിയ ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇസ്ലാമിന്റെ നേട്ടത്തിനു വേണ്ടി സേവനം അനുഷ്ഠിച്ച ആയിരക്കണക്കിന് മുസ്ലീങ്ങളുടെ വിവരങ്ങളാണ് അതിലുള്ളത്.
എന്റെ ചില പഠനങ്ങള്‍ക്കിടയില്‍ അദ്ദേഹം എഴുതിയ ഒരു പുസ്തകത്തെ കുറിച്ച് സൂചികയില്‍ കാണാനിടയായി. ഞാനത് തിരയാന്‍ തുടങ്ങി.
അത് ഒരു നീണ്ട ചര്‍ച്ചാ പുസ്തകമാണ് എന്ന് ഞാന്‍ മനസ്സിലാക്കി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളുടെ ഭൂപ്രകൃതി, സസ്യങ്ങള്‍, ഭാഷകള്‍, ജനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരണങ്ങളോടെയാണ് അത് തുടങ്ങുന്നത്. അത് അറബി സംസാരിയ്‌ക്കുന്നവര്‍ക്ക് വേണ്ടി അറബിയില്‍ എഴുതപ്പെട്ട പുസ്തകമാണ്.
1972 ല്‍ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട അദ്ധ്യായങ്ങള്‍ എല്ലാം ചേര്‍ത്ത് ‘ഹിന്ദുസ്ഥാന്‍ ഇസ്ലാമി അഹദ് മേം’ (ഹിന്ദുസ്ഥാന്‍ ഇസ്ലാമിക ഭരണത്തില്‍) എന്ന പേരില്‍ ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്ത് നദ്വതുല്‍-ഉലമ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി. അലി മിയാന്‍ തന്നെ സ്വയം അതിന്റെ മുഖവുര എഴുതുകയും, അതില്‍ ആ പുസ്തകത്തെ വളരെ പ്രശംസിയ്‌ക്കുകയും ചെയ്തിട്ടുള്ളതായി ഞാന്‍ അറിഞ്ഞു. പുന:പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഭൂമിശാസ്ത്രപരമായ വിവരണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. കാരണം ഇന്ത്യന്‍ വായനക്കാര്‍ക്ക് അവയെല്ലാം നന്നായി അറിയാവുന്ന കാര്യങ്ങളാണല്ലോ.
പെട്ടെന്നുള്ള ഒരു വൈമനസ്യം
ഉദ്വേഗജനകമായ ഒരു കാര്യം എന്റെ മുഖത്തടിച്ചതു പോലെ ഞാന്‍ മനസ്സിലാക്കി. ഇത്തരം പ്രസിദ്ധീകരണങ്ങളെ കുറിച്ച് അറിവുണ്ടായേക്കാവുന്നവര്‍ എന്ന് നാം ധരിച്ചിരുന്ന പലരും ഈ പുസ്തകത്തെ കുറിച്ച് പറയാന്‍ പെട്ടെന്ന് വൈമനസ്യം കാണിയ്‌ക്കാന്‍ തുടങ്ങി. ആ പുസ്തകത്തിന്റെ കോപ്പികള്‍ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലാ ലൈബ്രറി പോലുള്ള ഇടങ്ങളില്‍ നിന്ന് മാറ്റപ്പെട്ടു എന്നാണ് യഥാര്‍ത്ഥത്തില്‍ എന്നോട് പറയപ്പെട്ടത്. മറ്റു ചിലര്‍ പറഞ്ഞത് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കു മുമ്പ് ആ പുസ്തകത്തിന്റെ എല്ലാ കോപ്പികളും തിരിച്ചെടുക്കാന്‍ ബോധപൂര്‍വ്വമായ പരിശ്രമം തന്നെ നടന്നു എന്നാണ്.
എന്നാല്‍ ഭാഗ്യത്തിന് ആ പറഞ്ഞത് വാസ്തവമായിരുന്നില്ല. ഈ പുസ്തകം സ്വാഭാവികമായും ഉണ്ടാകും എന്ന് ഒരാള്‍ വിചാരിയ്‌ക്കുന്ന ചില ലൈബ്രറികളില്‍ ഈ പുസ്തകം ഉണ്ടായിരുന്നില്ല എന്നതു സത്യം തന്നെ. ഉദാഹരണം ദല്‍ഹിയിലെ ജാമിയ മിലിയാ ഇസ്ലാമിയ, ഹൈദരാബാദിലെ പ്രശസ്ത ഗ്രന്ഥശാലകളായ ദൈരുതുല്‍ മാരിഫല്‍-ഒസ്മാനിയ, സലാര്‍ ജന്ഗ് മ്യൂസിയം, നൈസാം ട്രസ്റ്റ് , ഒസ്മാനിയ യൂനിവേഴ്സിറ്റി തുടങ്ങിയ ഇടങ്ങളിലെ ലൈബ്രറികളില്‍ ഒന്നും ഇതുണ്ടായിരുന്നില്ല. എന്നാല്‍ മറ്റു പലയിടത്തും ഉണ്ടായിരുന്നു. പുസ്തകം ഉണ്ടായിരുന്നവയില്‍ നദ്വയിലെ ലൈബ്രറി, പറ്റ്നയിലെ ഖുദാബക്ഷ് ലൈബ്രറി, ദല്‍ഹി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എന്നിവ ഉള്‍പ്പെടും.
ഈയെല്ലാ ഗ്രന്ഥശാലകളിലും ആ പുസ്തകം ഉണ്ടായിരുന്നു എന്ന കാര്യം ഒരു വലിയ ആശ്വാസമായിരുന്നു. പ്രതികരിയ്‌ക്കുന്നവരും, പ്രചാരണങ്ങള്‍ നടത്തുന്നവരും തങ്ങള്‍ക്കിഷ്ടപ്പെടാത്ത ഒരു പുസ്തകം എല്ലാ ഗ്രന്ഥശാലകളില്‍ നിന്നും അപ്രത്യക്ഷമാക്കാന്‍ കഴിയും വിധം സംഘടിതരായി മാറിയിട്ടുണ്ടെങ്കില്‍ നമ്മള്‍ വലിയ അപകടത്തിലാണ് എന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ അവര്‍ അത്രയ്‌ക്കും വളര്‍ന്നിരുന്നില്ല എന്ന് വ്യക്തമായി.
എന്നോട് പറയപ്പെട്ടതിന് വിരുദ്ധമായി, ആ പുസ്തകം ലഭ്യമാണ് എന്നത് വേറൊരു ഉറപ്പുള്ള കാര്യം കൂടി എന്നെ പഠിപ്പിച്ചു. മുസ്ലീം മൗലികവാദികള്‍ക്കിടയിലെ പടലപ്പിണക്കങ്ങള്‍ മറ്റേതൊരു മൗലികവാദ സമൂഹത്തിലും ഉള്ളത്രയും ശക്തവും, മൂര്‍ച്ചയുള്ളതും ആണെന്ന് എനിക്ക് ബോദ്ധ്യമായി. പുസ്തകത്തിന്റെ ദൗര്‍ലഭ്യത്തിനു പിന്നില്‍ ദുഷിച്ച എന്തോ കാര്യം ഉണ്ടെന്ന് എനിക്ക് സൂചന കിട്ടിയതും ഉത്തരവാദപ്പെട്ട മുസ്ലീം കേന്ദ്രങ്ങളില്‍ നിന്നു തന്നെയായിരുന്നു.
വിലപിടിപ്പുള്ള സമ്മാനം, ചരിത്രപരമായ തെളിവ്
ഈ പുസ്തകം ലക്നൗ നദ്വതുല്‍-ഉലമയുടെ പ്രസിദ്ധീകരണ വിഭാഗമായ മജ്ലിസ് തെഹ്ഖിഖാറ്റ് വ നഷ്രിയത് ഇസ്ലാമിന്റെ 66 ആമത് പ്രസിദ്ധീകരണമാണ്.
ഇതിന്റെ അറബി പതിപ്പ് 1972 ല്‍ ഹൈദരാബാദില്‍ നിന്നും, ഉറുദു പതിപ്പ് 1973 ല്‍ ലക്നൗവില്‍ നിന്നുമാണ് പ്രസിദ്ധീകരിച്ചത്. 1977 ല്‍ ഒരു ഇംഗ്ലീഷ് പതിപ്പും പുറത്തിറക്കി. ഇവിടെ കാര്യങ്ങള്‍ വിശദീകരിയ്‌ക്കാന്‍ ഞാന്‍ ഉറുദു പതിപ്പ് ഉപയോഗിയ്‌ക്കുന്നു.
മൗലാനാ അബുള്‍-ഹസന്‍ അലി നദ്വി, അഥവാ അലി മിയാന്‍ തന്നെയാണ് ഇതിനും മുഖവുര എഴുതിയിട്ടുള്ളത്.
അതൊരു ഗംഭീരവും കാവ്യാത്മകവുമായ മുഖവുരയാണ്.
“ഇസ്ലാം അതിന്റെ അനുയായികളില്‍ സത്യം തേടുന്നതിനുള്ള ത്വരയും, രാജ്യസ്നേഹവും വളര്‍ത്തി”. അദ്ദേഹം എഴുതുന്നു. “മുസ്ലീങ്ങളുടെ പ്രകൃതവും, സംസ്കാരവും അവരെ യഥാര്‍ത്ഥ ചരിത്രത്തിന്റെ കര്‍ത്താക്കളാക്കി മാറ്റി”.
“മുസ്ലീങ്ങള്‍ ഒരു രാജ്യത്ത് എത്തുന്നതോടെ, ആ നാടിന്റെ സൗഭാഗ്യങ്ങള്‍ പ്രകാശിപ്പിക്കപ്പെടും. ആ നാട് നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ നീണ്ട അതിന്റെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തപ്പെടും. രാജ്യം അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്കും, മറവിയിലും അവ്യക്തതയിലും നിന്ന് പേരിന്റെയും പെരുമയുടേയും കൊടുമുടിയിലേക്കും ഉയരും. അദ്ദേഹം എഴുതുന്നു. അതിന്റെ പ്രാദേശിക പരിധികള്‍ക്കുള്ളില്‍ നിന്ന് അത് മനുഷ്യ കുടുംബത്തിലേക്കും, ദൈവത്തിന്റെ വിശാലവും വിപുലവുമായ സൃഷ്ടിയിലേക്കും അത് ചേരും. ഇസ്ലാമിന്റെ തിളക്കം അതിന്റെ അറിയപ്പെടാത്ത നിധികളെ കണ്ണുകളുടെ പ്രകാശമാക്കി പരിവര്‍ത്തിപ്പിയ്‌ക്കും”. അദ്ദേഹം എഴുതുന്നു.
“പാശ്ചാത്യ ശക്തികള്‍ ചെയ്തതുപോലെ അത് രാജ്യത്തിന്റെ സമ്പത്ത് കൈക്കലാക്കി കൊണ്ടു പോയി മറ്റെവിടെയെങ്കിലും ഛര്‍ദ്ദിച്ചു വച്ചില്ല. അതിന് വിപരീതമായി അത് രാജ്യത്തിന് വൈവിദ്ധ്യം, സംസ്കാരം, ഗുണകരമായ ഭരണസംവിധാനം, സമാധാനം, ശാന്തി എന്നിവയൊക്കെയാണ് കൊണ്ടുവന്നത്. അത് രാജ്യത്തെ വന്യതയില്‍ നിന്ന് പുരോഗതിയുടെ കാലഘട്ടത്തിലേക്കും, ശൈശവത്തില്‍ നിന്ന് പൂര്‍ണ്ണവളര്ച്ചയിലേക്കും ഉയര്‍ത്തി”. അദ്ദേഹം എഴുതുന്നു. “ഊഷരമായ അതിന്റെ ഭൂമികളെ വിളഞ്ഞ പാടങ്ങളായും, കുറ്റിക്കാടുകളെ ആ നാട്ടുകാര്‍ക്ക് ഭാവന ചെയ്യാന്‍ പോലും കഴിയാത്ത വിധത്തിലുള്ള സമൃദ്ധിയുടെ ഫലവൃക്ഷ തോപ്പുകളായും മാറ്റിയെടുത്തു”.
ഇങ്ങനെ അദ്ദേഹം തുടരുന്നു
പിന്നീട് മൗലാന അബ്ദുള്‍ ഹയിയുടെ വിശാലമായ പഠനത്തെക്കുറിച്ചും അതിഗംഭീരമായ അദ്ധ്വാനത്തെക്കുറിച്ചും പറയുന്നു. ഇന്ത്യയില്‍ ഇസ്ലാമിനെ പരിപോഷിപ്പിയ്‌ക്കാന്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള 4500 മുസ്ലീങ്ങളെ കുറിച്ച് 8 വാല്യങ്ങളിലായി അദ്ദേഹം എഴുതിയിട്ടുള്ള ഇസ്ലാമിക പണ്ഡിതരുടെ ഡയറക്ടറിയെ കുറിച്ച് സ്മരിയ്‌ക്കുന്നു.
ഈ പുസ്തകങ്ങള്‍ പൂര്‍ത്തിയാക്കിയിട്ട് എങ്ങനെയാണ് മൗലാന അതുവരെ അവ്യക്തമായിരുന്ന വിഷയങ്ങളിലേക്ക് തിരിഞ്ഞത് എന്ന് ചൂണ്ടിക്കാണിയ്‌ക്കുന്നു. ഒരു തേനീച്ച പലതരത്തിലുള്ള പുഷ്പങ്ങളില്‍ നിന്ന് തേന്‍ ശേഖരിയ്‌ക്കുന്നതു പോലെ എങ്ങനെയാണ് മൗലാന കഠിനാദ്ധ്വാനം ചെയ്തത് എന്നു പറയുന്നു. നിരവധി മേഖലയിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെക്കുറിച്ച് സൂചിപ്പിയ്‌ക്കുന്നു. ഇന്നത്തെക്കാലത്ത് ഒരു അക്കാദമി മുഴുവന്‍ വിചാരിച്ചാല്‍ പോലും ചെയ്യാന്‍ കഴിയാത്തത്ര കാര്യം, അപൂര്‍വ്വമായ വിവരങ്ങള്‍ ശേഖരിയ്‌ക്കുക വഴി എങ്ങനെയാണ് ഒറ്റയ്‌ക്ക് അദ്ദേഹം കൈവരിച്ചത് എന്ന് വിവരിയ്‌ക്കുന്നു.
ഇപ്പോഴത്തെ പുസ്തകത്തിന്റെ രൂപഘടന അദ്ദേഹം സൂചിപ്പിയ്‌ക്കുന്നു. ആ പുസ്തകം വളരെക്കാലം ശ്രദ്ധ ആകര്‍ഷിയ്‌ക്കാതെ കിടന്നതിനെ കുറിച്ചും, ചിതലരിച്ച അതിന്റെ കൈയ്യെഴുത്തു പ്രതി പകര്‍ത്തിയെഴുതുന്ന പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ അസംഗഡില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ കൈയ്യെഴുത്തു പ്രതി കണ്ടെടുക്കപ്പെട്ടതും, 1933 ല്‍ ദൈവഗത്യാ അത് അവഗണിയ്‌ക്കപ്പെട്ട് നശിച്ചു പോകാതെ വീണ്ടെടുക്കാന്‍ കഴിഞ്ഞതും അദ്ദേഹം സ്മരിയ്‌ക്കുന്നു.
“പാശ്ചാത്യരും ഭാരതീയരുമായ ചരിത്രകാരന്മാരാല്‍ സത്യസന്ധതയില്ലാതെയും, അനീതിപരമായും കൈകാര്യം ചെയ്യപ്പെട്ടിരുന്ന, യഥാര്‍ത്ഥത്തില്‍ അക്കാദമികളിലേയും, യൂണിവേഴ്സിറ്റികളിലേയും നിരവധി മുസ്ലീം ചരിത്രകാരന്മാരും പണ്ഡിതരും പോലും അതുപോലെ അവഗണനയോടെ കണ്ടിരുന്ന ഇസ്ലാമിക ഭരണത്തിന്റെ പല മുഖമുദ്രകളെയും ഈ പുസ്തകം ധീരമായി മുന്നോട്ടു കൊണ്ടു വന്നിട്ടുണ്ട്”. അദ്ദേഹം പറയുന്നു.
മൗലാനാ അബ്ദുള്‍ ഹയിയ്‌ക്ക് ഒരു വിഷയത്തിലെ ആയിരക്കണക്കിന് പേജുകള്‍ പഠിയ്‌ക്കേണ്ടി വന്നു എന്ന് സ്മരിച്ചുകൊണ്ട് അലി മിയാന്‍ എഴുതുന്നു, അതേ വിഷയത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തനിയ്‌ക്ക് മാത്രമേ അത്തരം ഒരു പഠനത്തിനു വേണ്ട അദ്ധ്വാനം എത്രയെന്ന് അറിയൂ. നിരവധി പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടാത്തത്രയും സത്ത്, നിങ്ങള്‍ക്ക് ഈ പുസ്തകത്തിലെ ഒരൊറ്റ പേജില്‍ നിന്നു തന്നെ കിട്ടും. അദ്ദേഹം വായനക്കാരോട് പറയുന്നു. ഗ്രന്ഥകര്‍ത്താവ് സ്വന്തം ആത്മാവിന്റെ സന്തുഷ്ടിയ്‌ക്കും, അറിവിന്റെ സേവനത്തിനും, ദൈവത്തിന്റെ ഹിതത്തിനും വേണ്ടി മാത്രമായി പ്രവര്‍ത്തിച്ചതിന്റെ അന്തിമ ഫലമാണ് ഇത്. അത്തരം ഗ്രന്ഥകര്‍ത്താക്കള്‍ യാതൊരു പ്രതിഫലമോ അഭിനന്ദനമോ പ്രതീക്ഷിയ്‌ക്കുന്നില്ല. പ്രവൃത്തിയിലാണ് അവരുടെ സമ്പൂര്‍ണ്ണ തൃപ്തിയും. അതുകൊണ്ടാണ് അവര്‍ക്ക് തങ്ങളുടെ മുഴുവന്‍ ജീവിതവും ചെലവഴിച്ചു കൊണ്ട് ഇത്തരത്തിലുള്ള ഒരു അമാനുഷിക പ്രയത്നം ഒരു വിഷയത്തിന് വേണ്ടി സമര്‍പ്പിക്കാന്‍ കഴിഞ്ഞത്.
അദ്ദേഹം ആ മുഖവുര പൂര്‍ത്തിയാക്കുന്നത് ഇങ്ങനെയാണ്. വളരെ മൂല്യവത്തായതും ചരിത്രപരവുമായ ഈ രേഖ നമ്മുടെ രാജ്യക്കാര്‍ക്ക് സമ്മാനിയ്‌ക്കാന്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അള്ളാഹു ഈ സേവനപരമായ പ്രവൃത്തിയെ സ്വീകരിയ്‌ക്കുമെന്നും, പണ്ഡിതന്മാര്‍ ആദരവോടെ അംഗീകരിയ്‌ക്കുമെന്നും പ്രതീക്ഷിയ്‌ക്കുന്നു.
വിശദീകരണം
ഗ്രന്ഥകര്‍ത്താവ് ഇത്രയും മഹാനും, ഈ പുസ്തകം ഇത്രയും മഹത്വമുള്ളതും ആയിരുന്നിട്ടും എന്തുകൊണ്ടാണ് അത് മതമൗലികവാദികളുടെ പ്രിയപ്പെട്ടതായി മാറാത്തത് ?
അതിനുത്തരം കിടക്കുന്നത് ‘ഹിന്ദുസ്ഥാന്‍ കീ മസ്ജിദേം’ അഥവാ ഹിന്ദുസ്ഥാനിലെ മോസ്ക്കുകള്‍ എന്ന അദ്ധ്യായത്തിലാണ്.
വെറും പതിനേഴ് പേജുകള്‍ മാത്രമുള്ള ഈ അദ്ധ്യായം വളരെ ലളിതമാണ്. പ്രധാനപ്പെട്ട ചില മോസ്ക്കുകളില്‍ ഓരോന്നിനെ കുറിച്ചുമുള്ള കുറച്ചു വിവരങ്ങള്‍ ഏതാനും വരികളില്‍ എഴുതിയിരിയ്‌ക്കുന്നു.
ആ വസ്തുതകള്‍ എല്ലാവരും അറിയുന്നവ തന്നെയാണ്. അവ പ്രാഥമിക വിവരങ്ങള്‍ മാത്രവുമാണ്. ഏതാനും വരികളില്‍ അവ കുറിച്ചിരിയ്‌ക്കുന്നത് യാതൊരു ശ്രദ്ധയും പിടിച്ചു പറ്റേണ്ട കാര്യമില്ല. എങ്കിലും അവയെ സംബന്ധിച്ച് ഒരു ഒളിച്ചു കളിയുണ്ട് എന്ന് നമ്മള്‍ കാണും. എന്തുകൊണ്ട് ? പ്രസ്തുത ഏഴ് മോസ്ക്കുകളെ കുറിച്ചുള്ള വിവരണങ്ങള്‍ അതിന്റെ ഉത്തരം നല്‍കും.
വിശ്വാസികള്‍ അനേകം മോസ്ക്കുകള്‍ പണിഞ്ഞു. മൗലാനാ അബ്ദുള്‍ ഹയ് രേഖപ്പെടുത്തുന്നു. അവയ്‌ക്കായി അവര്‍ ചെലവഴിച്ച പണവും, അദ്ധ്വാനവും കണക്കാക്കാന്‍ കഴിയില്ല. ഓരോ നഗരവും, പട്ടണവും, ജനവാസകേന്ദ്രവും ഓരോ മോസ്ക്കിനാല്‍ അലങ്കരിയ്‌ക്കപ്പെട്ടു. അതുകൊണ്ട് അദ്ദേഹം പറയുന്നു, അറിയപ്പെടുന്ന ഏതാനും മോസ്ക്കുകളെ കുറിച്ചു മാത്രം ചില വസ്തുതകള്‍ പറഞ്ഞു കൊണ്ട് തനിയ്‌ക്ക് തൃപ്തിപ്പെടേണ്ടി വരുന്നു.
ഏഴ് മോസ്ക്കുകളെ കുറിച്ച് അദ്ദേഹം പറയുന്ന ഏതാനും വരികളില്‍ നിന്ന് നമുക്ക് കാര്യം പിടികിട്ടും.
ക്വാവാത്-അല്‍-ഇസ്ലാം മോസ്ക്ക്
എന്റെ കണ്ടെത്തല്‍ പ്രകാരം, ഡല്‍ഹിയിലെ ആദ്യത്തെ മോസ്ക്ക് ഖുബ്ബത് അല്‍-ഇസ്ലാം അഥവാ ക്വാവാത്-അല്‍-ഇസ്ലാം ആണ്. പൃഥ്വിരാജ് ചൗഹാന്‍ പണി കഴിപ്പിച്ചിരുന്ന ക്ഷേത്രം തകര്‍ത്ത് ഹിജറ 587 ല്‍ ഖുത്തബ്-ദിന്‍-ഐബക്ക് ആണ് ഇത് നിര്‍മ്മിച്ചത്. മോസ്ക്കിനു പുറത്ത് ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ അവശേഷിപ്പിച്ചിരുന്നു. ഹിജറ 592 ല്‍ ഗസ്നിയില്‍ നിന്നും മടങ്ങി വന്ന ശേഷം ശിഹാബുദ്-ദിന്‍-ഘോറിയുടെ ആജ്ഞയനുസരിച്ച് ചുവന്ന ശിലകള്‍ കൊണ്ട് അദ്ദേഹം അവിടെ ഒരു മോസ്ക്ക് പണിയാന്‍ ആരംഭിച്ചു. ക്ഷേത്രത്തിന്റെ ചില ഭാഗങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനുശേഷം ഷംസുദ്-ദിന്‍-അല്‍തമിഷ് രാജാവായപ്പോള്‍ അതിന്റെ രണ്ടു വശങ്ങളിലും വെളുത്ത ശിലകള്‍ കൊണ്ട് നിര്‍മ്മിതികള്‍ ഉണ്ടാക്കി. അതിന്റെ ഒരു വശത്ത്, അദ്ദേഹം ഏറ്റവും ഉന്നതമായ ഒരു ഗോപുരം നിര്‍മ്മിയ്‌ക്കാന്‍ ആരംഭിച്ചു. സൗന്ദര്യത്തിലും ശക്തിയിലും അതിനെ വെല്ലാന്‍ ലോകത്ത് മറ്റൊരു ഗോപുരവും ഉണ്ടായിരുന്നില്ല.
ജൗന്‍പൂരിലെ മോസ്ക്ക്
ചെത്തിമിനുക്കിയ ശിലകള്‍ കൊണ്ട് ഈ മോസ്ക്ക് നിര്‍മ്മിച്ചത് സുല്‍ത്താന്‍ ഇബ്രാഹിം ശര്കിയാണ്. നേരത്തേ ഇതൊരു ക്ഷേത്രമായിരുന്നു. അതിനെ തകര്‍ത്തിട്ടാണ് അദ്ദേഹം ഈ മോസ്ക്ക് പണിഞ്ഞത്. ഇത് അതാലാ മസ്ജിദ് എന്ന് അറിയപ്പെടുന്നു. സുല്‍ത്താന്‍ തന്റെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും ഈദ് നമസ്ക്കാരവും ഈ മസ്ജിദില്‍ നടത്തിയിരുന്നു. ഖാസി ശിഹാബുദ്-ദിന്‍ അവിടെ പാഠങ്ങള്‍ പകര്‍ന്നു കൊടുത്തിരുന്നു.
കനൗജിലെ മോസ്ക്ക്
കനൗജ് കോട്ടയുടെ ഉള്ളില്‍ ഒരുയര്‍ന്ന സ്ഥലത്താണ് ഈ മോസ്ക്ക് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നിരുന്ന ഏതോ ഹിന്ദു ക്ഷേത്രത്തിന്റെ അസ്ഥിവാരത്തിന് മുകളിലാണ് ഇത് പണിഞ്ഞിരിയ്‌ക്കുന്നത് എന്നകാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇത് വളരെ മനോഹരമായ ഒരു മോസ്ക്കാണ്. ഇത് ഹിജറ 809 ല്‍ ഇബ്രാഹിം ശര്‍ക്കി പണിഞ്ഞതാണ് എന്ന് ജനങ്ങള്‍ പറയുന്നു. അക്കാര്യം ഘാരബത് നിഗര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ജാമി മസ്ജിദ്, ഇറ്റാവ
ഇറ്റാവയില്‍ യമുനാ നദിയുടെ കരയിലാണ് ഈ മോസ്ക്ക് നിലകൊള്ളുന്നത്. ഇവിടെ ഒരു ഹിന്ദുക്ഷേത്രം ഉണ്ടായിരുന്നു. അതേ സ്ഥാനത്താണ് മോസ്ക്ക് നിര്‍മ്മിച്ചിരിയ്‌ക്കുന്നത്. കനൗജിലെ മോസ്ക്കിന്റെ മാതൃകയിലാണ് ഇത് പണിഞ്ഞിരിയ്‌ക്കുന്നത്. ഒരുപക്ഷേ ശര്‍ക്കി സുല്‍ത്താന്മാരുടെ സ്മാരകങ്ങളില്‍ ഒന്നാണിത്.
അയോദ്ധ്യയിലെ ബാബ്രി മസ്ജിദ്
രാമചന്ദ്രജിയുടെ ജന്മസ്ഥാനം എന്ന് ഹിന്ദുക്കള്‍ വിളിയ്‌ക്കുന്ന അയോദ്ധ്യയില്‍ ബാബറാണ് ഈ മോസ്ക്ക് നിര്‍മ്മിച്ചത്. രാമന്റെ പത്നി സീതയെ കുറിച്ച് ഒരു പ്രസിദ്ധമായ കഥയുണ്ട്. സീതയ്‌ക്ക് ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു. അവള്‍ അവിടെ താമസിയ്‌ക്കുകയും തന്റെ ഭര്‍ത്താവിന് വേണ്ടി ഭക്ഷണം പാകം ചെയ്യുകയും ചെയ്തിരുന്നു. ആ സ്ഥാനത്ത് ഹിജറ 963ല്‍ ബാബര്‍ ഈ മോസ്ക്ക് പണിതു.
ആലംഗീറിന്റെ (ഔറംഗസേബിന്റെ) മോസ്ക്കുകള്‍
ബനാറസിലെ മോസ്ക്ക് വിശ്വേശ്വര ക്ഷേത്രത്തിന്റെ ഭൂമിയില്‍ ആലംഗീര്‍ നിര്‍മിച്ചതാണ് എന്ന് പറയപ്പെടുന്നു. ആ ക്ഷേത്രം വളരെ ഉയരമുള്ളതായിരുന്നു, ഹിന്ദുക്കളുടെ ഇടയില്‍ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നതുമായിരുന്നു. ആ ഭൂമിയില്‍ തന്നെ ആ ശിലകള്‍ ഉപയോഗിച്ച് അദ്ദേഹം ഒരു വലിയ മോസ്ക്ക് പണിഞ്ഞു. മോസ്ക്കിന്റെ ഭിത്തിയില്‍ ആ പുരാതന ശിലകള്‍ ക്രമീകരിച്ചു. ഹിന്ദുസ്ഥാനിലെ പ്രസിദ്ധമായ മോസ്ക്കുകളില്‍ ഒന്നാണിത്. ബനാറസിലെ രണ്ടാമത്തെ മോസ്ക്ക് ഗംഗയുടെ തീരത്ത് ചെത്തിമിനുക്കിയ ശിലകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതും ഹിന്ദുസ്ഥാനിലെ പ്രശസ്തമായ മോസ്ക്കുകളില്‍ ഒന്നാണ്. ഓരോന്നിനും 238 അടി ഉയരമുള്ള 28 ഗോപുരങ്ങള്‍ അതിനുണ്ട്. ഇതിന്റെ അസ്ഥിവാരം ജലനിരപ്പോളം ആഴമുള്ളതാണ്.
ആലംഗീര്‍ മഥുരയിലും ഒരു മോസ്ക്ക് പണിതു. അത് പണിതത് വളരെ മനോഹരവും ശക്തവുമായിരുന്ന ഗോബിന്ദ് ദേവ് ക്ഷേത്രത്തിന്റെ ഭൂമിയിലാണ് എന്ന് പറയപ്പെടുന്നു.
പറയപ്പെടുന്നു
എന്നാല്‍ മൗലാനാ ഈ വസ്തുതകളെ സാക്ഷ്യപ്പെടുത്തുന്നില്ല. എന്താണോ വിശ്വസിക്കപ്പെട്ടിരുന്നത് അത് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ. ”പറയപ്പെടുന്നു” എന്ന് അദ്ദേഹം ആവര്‍ത്തിയ്‌ക്കുന്നു.
അത് മൗലാനയുടെ ഭാഷാ പ്രയോഗ രീതിയാണ് എന്ന് തോന്നുന്നു. ഉദാഹരണത്തിന് ഖുത്തബ്-ദിന്‍-ഐബക്ക് ക്വാവാത്-അല്‍-ഇസ്ലാം മോസ്ക്ക് നിര്‍മ്മിച്ചത് പരാമര്‍ശിയ്‌ക്കുമ്പോള്‍ ”പറയപ്പെടുന്നു” എന്ന ഇതേ പ്രയോഗം അദ്ദേഹം ഉപയോഗിയ്‌ക്കുന്നത് കാണാം.
വസ്തുതകള്‍ സംശയാസ്പദമാണെങ്കില്‍ അലി മിയാനെ പോലെ ശ്രദ്ധാലുവും സമര്‍പ്പിതനുമായൊരു പണ്ഡിതന്‍ അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ മുഖവുരയില്‍ അക്കാര്യത്തെ പറ്റി അഭിപ്രായം രേഖപ്പെടുത്തുമായിരുന്നില്ലേ ? തീര്‍ച്ചയായും അദ്ദേഹം അത് പുന:പ്രസിദ്ധീകരിയ്‌ക്കുന്നതിനെതിരെ തീരുമാനമെടുക്കുമായിരുന്നു. കാരണം ഒറിജിനല്‍ പുസ്തകത്തിന്റെ സിംഹഭാഗവും പുന:പ്രസിദ്ധീകരിയ്‌ക്കേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു.
ഇതിലെ ഖണ്ഡികകള്‍ അത്ര എളുപ്പത്തില്‍ നീക്കം ചെയ്യപ്പെടാവുന്നതാണ് എന്ന് പണ്ഡിതന്മാര്‍ക്ക് തോന്നിയെങ്കില്‍, ഇത്രയും മഹത്വമുള്ളത് എന്ന് അലി മിയാന്‍ തന്റെ സമ്പൂര്‍ണ്ണ മുഖവുരയില്‍ പറഞ്ഞു വച്ച ഈ പുസ്തകത്തെ എടുത്ത് ഇങ്ങനെ പരിഷ്ക്കരിയ്‌ക്കാന്‍ ശ്രമം നടത്തിയതെന്തിന് ? എന്തായിരുന്നു അത് ?
ബനാറസിലെ മോസ്ക്കിന്റെ കാര്യത്തില്‍ എന്ന പോലെ, ക്ഷേത്രങ്ങളുടെ സ്ഥലത്ത് അതേ ക്ഷേത്രങ്ങള്‍ തകര്‍ത്ത് എടുത്ത ശിലകള്‍ കൊണ്ട് കെട്ടിപ്പടുത്ത ഓരോ മോസ്ക്കിനെ പറ്റിയുമുള്ള പരാമര്‍ശങ്ങള്‍, ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍ നിന്ന് നീക്കം ചെയ്തിരുന്നു ! ഏഴ് മോസ്ക്കുകളേയും കുറിച്ചുള്ള കുറിപ്പുകളില്‍ നിന്നും കൃത്യമായി അത് മാറ്റിയിരുന്നു. അത് യാദൃശ്ചികമായി സംഭവിച്ചതല്ല.
യഥാര്‍ത്ഥത്തില്‍, വെറുതേ നീക്കം ചെയ്തതല്ല, മറിച്ച് തല്‍സ്ഥാനത്ത് വേറൊന്ന് ചേര്‍ക്കുകയായിരുന്നു. ഉദാഹരണത്തിന് കനൗജിലെ മോസ്ക്കിനെ കുറിച്ച് ഉറുദു പതിപ്പില്‍ പറഞ്ഞിരിയ്‌ക്കുന്നത് “കനൗജ് കോട്ടയ്‌ക്കുള്ളില്‍ ഒരു ഉയര്‍ന്ന സ്ഥലത്ത് ഈ മോസ്ക്ക് നിലകൊള്ളുന്നു. ഇവിടെ നിന്നിരുന്ന ഏതോ ഹിന്ദു ക്ഷേത്രത്തിന്റെ അസ്ഥിവാരത്തിലാണ് അത് പണിഞ്ഞിരിയ്‌ക്കുന്നത് എന്ന കാര്യം പരക്കെ അറിയപ്പെടുന്നതാണ്” എന്നാണ്. എന്നാല്‍ അതേ മോസ്ക്കിനെ കുറിച്ച് ഇംഗ്ലീഷ് പതിപ്പില്‍ പറഞ്ഞിരിയ്‌ക്കുന്നത് “പഴയ തകര്‍ന്ന ഒരു കോട്ട സ്ഥിതി ചെയ്തിരുന്ന ഉയര്‍ന്ന ഭൂമിയിലാണ് മോസ്ക്ക് നിലകൊള്ളുന്നത്” എന്നാണ്.
“പറയപ്പെടുന്നു” എന്ന പ്രയോഗം കൊണ്ട് ഇതിലെ വസ്തുതകള്‍ അത്ര എളുപ്പത്തില്‍ വിശദീകരിയ്‌ക്കാന്‍ കഴിയുന്നതായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് ഈ വിവരങ്ങള്‍ ഇംഗ്ലീഷ് പതിപ്പില്‍ നിന്ന് നീക്കം ചെയ്യണം എന്ന് ആരെങ്കിലും ചിന്തിച്ചത് ? അതും ഇസ്ലാം മതവിശ്വാസികളല്ലാത്ത ആളുകളില്‍ കൂടുതല്‍ പേരും വായിയ്‌ക്കാന്‍ സാദ്ധ്യതയുള്ളത് ഇംഗ്ലീഷ് പതിപ്പാണ് എന്നിരിക്കെ. ഒരു വലിയ പണ്ഡിതന്റെ പുസ്തകം എന്തിനാണ് മറ്റാരെങ്കിലും ഇങ്ങനെ വെട്ടിത്തിരുത്താന്‍ ശ്രമിച്ചത് ?
ഉപസംഹാരം
എന്നാല്‍ അത് വളരെ വ്യക്തമാണെങ്കിലും എനിക്ക് പ്രധാനമായി തോന്നുന്നില്ല. ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും, അവയുടെ സ്ഥാനങ്ങളില്‍ മോസ്ക്കുകള്‍ പണിഞ്ഞിട്ടുണ്ടെന്നും ഉള്ളത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. അതുപോലെ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ വസ്തുക്കള്‍ – ശിലകളും വിഗ്രഹങ്ങളും – മോസ്ക്കുകള്‍ പണിയാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നുള്ളതും ഒരു വാര്‍ത്തയല്ല. അധീശത്വം കാണിയ്‌ക്കാനുള്ള ഒരു വഴിയായി അത് കരുതപ്പെട്ടിരുന്നു. കീഴടക്കപ്പെട്ട ജനതയുടെ ഹൃദയത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാനുള്ള വഴിയായി കരുതപ്പെട്ടിരുന്നു. കാരണം അന്നത്തെ കാലത്ത് ക്ഷേത്രങ്ങള്‍ കേവലം ആരാധനാലയങ്ങള്‍ മാത്രമായിരുന്നില്ല. സമൂഹത്തിന്റെ ജീവിതത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും എല്ലാം കേന്ദ്രമായിരുന്നു ക്ഷേത്രം. അതുകൊണ്ട് ആ പുസ്തകത്തിലെ ക്ഷേത്രധ്വംസനത്തെ ചൂണ്ടിക്കാണിയ്‌ക്കുന്ന വരികള്‍ക്ക് ഭൂമികുലുക്കമുണ്ടാക്കത്തക്ക പ്രാധാന്യം ഒന്നുമുണ്ടായിരുന്നില്ല. അവയുടെ യഥാര്‍ത്ഥ പ്രസക്തി ഇരിയ്‌ക്കുന്നത് അതിലൂടെ വെളിപ്പെടുന്ന ഒഴിഞ്ഞുമാറലിലും ഒളിപ്പിച്ചു വയ്‌ക്കലിലുമാണ്. ഈ വസ്തുതകള്‍ വളരെക്കാലമായി അറിയപ്പെടുന്നതാണ് എന്ന് എനിക്ക് ആധികാരികമായി തന്നെ പറയാന്‍ സാധിയ്‌ക്കും. പ്രത്യേകിച്ചും ബാബ്രി മസ്ജിദ് വിഷയത്തെ പിന്തുടരുന്നവര്‍ക്ക് വളരെ നന്നായി അറിയാവുന്ന കാര്യമാണ്.
ഇത് അവര്‍ക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍ സത്യം ഉറപ്പു വരുത്തുന്നതിനു പകരം അവരുടെ പെട്ടെന്നുള്ള പ്രതികരണം ഒളിപ്പിയ്‌ക്കാനും കുഴിച്ചുമൂടാനുമാണ്. അതാണ് അതിലെ പ്രസക്തമായ കാര്യം.
രാമ ജന്മഭൂമി – ബാബ്രി മസ്ജിദ് പ്രശ്നത്തിന് യുക്തിപൂവ്വകവും, എല്ലമതങ്ങളുടേയും വികാരങ്ങളെ ബഹുമാനിയ്‌ക്കുന്നതുമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയും എന്ന കാര്യത്തില്‍ എനിയ്‌ക്ക് ഒട്ടും സംശയമില്ല.
എന്നാല്‍ അതിനെ ആരുടെയെങ്കിലും കേമത്തം സ്ഥാപിച്ചെടുക്കാനോ ശക്തി കാണിയ്‌ക്കാനോ ഉള്ള അവസരമായി എടുത്താല്‍, ഒരു പരിഹാരവും കണ്ടെത്താന്‍ കഴിയില്ല.
അബ്ദുള്‍ ഹയിയുടെ എഴുത്തുകള്‍ക്ക് വന്ന വിധി കാണിയ്‌ക്കുന്നത്, തങ്ങളുടെ രാഷ്‌ട്രീയം വളര്‍ത്താന്‍ മതവികാരങ്ങളെ ഉപയോഗിക്കുന്നവര്‍ ഇക്കാര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നാണ്. ഉറുദു പതിപ്പ് തന്നെ, യഥാര്‍ത്ഥ അറബി പതിപ്പില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തി എഴുതിയ ഒന്നാണോ എന്നകാര്യം എനിക്ക് അറിയില്ല.
ഇത്തരം നിന്ദ്യമായ കണക്കു കൂട്ടലുകള്‍ നടത്തി മുന്നേറുന്നവര്‍ നമുക്കെല്ലാവര്‍ക്കും വിപത്താണ് വിതയ്‌ക്കുന്നത്. മുസ്ലീങ്ങള്‍ക്കും, ഹിന്ദുക്കള്‍ക്കും എല്ലാവര്‍ക്കും.
ഇത്തരം നിന്ദ്യ പ്രവൃത്തികള്‍ക്കും കണക്കു കൂട്ടലുകള്‍ക്കും മുന്നില്‍ മൗനം അവലംബിയ്‌ക്കുന്നവര്‍ ദുരന്തങ്ങള്‍ വിതയ്‌ക്കാന്‍ അവരെ സഹായിയ്‌ക്കുകയാണ് ചെയ്യുന്നത്.
നമ്മള്‍ നമ്മുടെ ഒഴിഞ്ഞു മാറലുകളും, ഒളിപ്പിച്ചു വയ്‌ക്കലുകളും ഉപേക്ഷിയ്‌ക്കാന്‍ തയ്യാറാണോ ? ഒടുവില്‍ സത്യം മുഴുവനായും പറയാനും സത്യത്തെ നേരിടാനും നമ്മള്‍ പഠിയ്‌ക്കുമോ ? ഒരു വിഭാഗത്തിന്റെ വര്‍ഗ്ഗീയത, മറുവശത്തിന്റെ വര്‍ഗ്ഗീയതയെ നീതീകരിയ്‌ക്കുകയും പിന്തുടരുകയും ചെയ്യും എന്ന കാര്യം മനസ്സിലാക്കുമോ ? ഈ നേതാക്കള്‍ക്ക് വസ്തുതകളില്‍ താത്പര്യമില്ല. മതത്തിലോ, കെട്ടിടങ്ങളിലോ, അതിന്റെ ഭൂമിയിലോ അല്ല, മറിച്ച് അവരുടെ വ്യക്തിപരമായ അധികാരത്തില്‍, അതില്‍ മാത്രമാണ് താത്പര്യം എന്നകാര്യം തിരിച്ചറിയുമോ ? അവരെ സംബന്ധിച്ച് മതം ഒരു ഉപകരണം മാത്രമാണ്. അത് വളരെ ആകര്‍ഷകമാണ് കാരണം, അതുയര്‍ത്തിപ്പിടിയ്‌ക്കുന്നതിന്റെ വില മറ്റുള്ളവരാണ് കൊടുക്കേണ്ടി വരുന്നത്. അവരുടെ അനുയായികളാണ് വില കൊടുക്കേണ്ടി വരുന്നത്, അവരല്ല.
ഇത് നിര്‍ത്താനുള്ള ആഹ്വാനം നമ്മള്‍ ഒരിയ്‌ക്കലും നടത്തില്ലേ ?
അടിക്കുറിപ്പ് : അയോദ്ധ്യയിലെ ബാബ്രി മസ്ജിദ് ഉള്‍പ്പെടെ മറ്റു പല മോസ്ക്കുകളും ഹിന്ദു ക്ഷേത്രങ്ങളുടെ ഭൂമിയില്‍ ആണ് നില്‍ക്കുന്നതെന്ന് വേറെയും നിരവധി ആധുനിക മുസ്ലീം ചരിത്രകാരന്മാരും, പുരാലിഖിത വിദഗ്ദരും അംഗീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക