Entertainment

പഥേര്‍ പാഞ്ജലിയും ഭാര്‍ഗവി നിലയവും പിന്നെ ഡ്രാക്കുളയും

Published by

ഭാരതീയ സിനിമയുടെ തലവര തിരുത്തിക്കുറിച്ച പഥേര്‍ പാഞ്ജലി (1955) എന്ന ബംഗാളി സിനിമയെപ്പറ്റി കേട്ടിരിക്കുമല്ലോ. അതില്‍ അപുവിന്റെ ചേച്ചി ദുര്‍ഗയായി അഭിനയിച്ച ഉമാദാസ് ഗുപ്ത (84) അടുത്തിടെയാണ് അന്തരിച്ചത്.

പതിനാലാം വയസ്സിലാണ് ഉമ പഥേര്‍ പാഞ്ജലിയില്‍ അഭിനയിച്ചത്. സ്‌കൂളില്‍ അവതരിപ്പിച്ച ഒരു പരിപാടിയിലെ അഭിനയം കണ്ടാണ് സംവിധായകന്‍ സത്യജിത് റായി ഉമയെ തെരഞ്ഞെടുത്തത്. ചിത്രം ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടി. ഇന്നും സിനിമാ ചര്‍ച്ചകളില്‍ ദുര്‍ഗ എന്ന കഥാപാത്രം കടന്നുവരാറുണ്ട്. അപുവിനേക്കാള്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ദുര്‍ഗ മഴ നനഞ്ഞ് കടുത്ത പനി ബാധിച്ച് മരിക്കുകയാണ്. പിന്നീട് അഭിനയത്തില്‍ നിന്നു പിന്‍വാങ്ങിയ ഉമ സ്‌കൂള്‍ അധ്യാപികയായി.

ഭാര്‍ഗവിക്കുട്ടിയുടെ കഥ

ഇനി ഒരു മലയാള ചലച്ചിത്ര വിശേഷം അറിയാം. വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച ഭാര്‍ഗ്ഗവി നിലയം പ്രേക്ഷകരുടെ മുന്നിലെത്തിയിട്ട് ഒക്‌ടോബര്‍ 22 നു 60 വര്‍ഷം തികഞ്ഞു. നീലവെളിച്ചം എന്ന സ്വന്തം കഥ വികസിപ്പിച്ച് ബഷീര്‍ തിരക്കഥ രചിച്ചു. സംവിധാനം ചെയ്തത് എ. വിന്‍സന്റ്. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിനുവേണ്ടി ടി.കെ. പരീക്കുട്ടി നിര്‍മ്മിച്ച ചിത്രത്തില്‍ മധു, പ്രേംനസീര്‍, വിജയ നിര്‍മ്മല, പി.ജെ. ആന്റണി തുടങ്ങിയവര്‍ അഭിനയിച്ചു.

ചിത്രത്തിലെ നായികയായ ഭാര്‍ഗവിക്കുട്ടിയെ അവതരിപ്പിച്ച വിജയ നിര്‍മല മലയാളത്തിലെ ആദ്യ വനിതാ സംവിധായിക കൂടിയാണ് (ചിത്രം: കവിത, 1973). ഏറ്റവും കൂടുതല്‍ സിനിമകള്‍ (47) സംവിധാനം ചെയ്ത വനിത എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ വിജയനിര്‍മ്മല ഇടംപിടിച്ചിട്ടുണ്ട്.
പി. ഭാസ്‌കരന്‍ രചിച്ച് എം.എസ്. ബാബുരാജ് ഈണം പകര്‍ന്ന ഭാര്‍ഗവി നിലയത്തിലെ ഗാനങ്ങള്‍ കൂട്ടുകാര്‍ ഒന്നു കേട്ടു നോക്കുക.

നീലക്കുയില്‍

മലയാള മണ്ണിന്റെ മണമുള്ള ആദ്യ സിനിമയായ നീലക്കുയില്‍ പുറത്തിറങ്ങിയിട്ട് ഒക്‌ടോബര്‍ 22 നു 70 വര്‍ഷം തികഞ്ഞു എന്നതും മറ്റൊരു വിശേഷം. രാഷ്‌ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ ആദ്യ മലയാള സിനിമ കൂടിയാണ് നീലക്കുയില്‍ (1954). പി. ഭാസ്‌കരന്‍-രാമു കാര്യാട്ട് എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്. തിരക്കഥ രചിച്ചത് ഉറൂബ് (പി.സി. കുട്ടികൃഷ്ണന്‍). പി. ഭാസ്‌കരന്‍-കെ. രാഘവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇതിലെ പ്രസിദ്ധമായ ഗാനങ്ങള്‍ ഒരുക്കിയത്. സത്യന്‍, മിസ് കുമാരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഡ്രാക്കുളയ്‌ക്കും മുമ്പേ…

ഇനി ഒരു സാഹിത്യവിശേഷം കൂടി. ”ഡ്രാക്കുള” എന്ന വിഖ്യാത നോവലിന്റെ കര്‍ത്താവായ ഐറിഷ് എഴുത്തുകാരന്‍ ബ്രാം സ്റ്റോക്കര്‍ രചിച്ച പ്രേതകഥ 134 വര്‍ഷങ്ങള്‍ക്കുശേഷം പുസ്തകരൂപത്തിലെത്തി. ഗിബ്ബറ്റ് ഹില്‍ (ഏശയയല േഒശഹഹ) എന്നാണ് കഥയുടെ പേര്.

1847 നവംബര്‍ 8 ന് ഡബ്ലിനില്‍ ജനിച്ച ബ്രാംസ്‌റ്റോക്കര്‍ 1897 ലാണ് രക്തരക്ഷസുകളുടെ കഥ പറയുന്ന ‘ഡ്രാക്കുള’ പ്രസിദ്ധീകരിച്ചത്. ഡ്രാക്കുളയുടെ രചനയ്‌ക്കു ഏഴ് വര്‍ഷം മുമ്പ് രചിച്ച ഗിബറ്റ് ഹില്‍ പില്‍ക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തിയ ഒരു ഐറിഷ് പത്രത്തിലാണു 1890 ല്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് അത് എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടില്ല. ബ്രാംസ്‌റ്റോക്കറുടെ കൃതികളുടെ ശേഖരത്തിലും ഇടം പിടിച്ചിരുന്നില്ല.

ബ്രാംസ്‌റ്റോക്കറുടെ ആരാധകന്‍കൂടിയായ ബ്രയാന്‍ ക്ലിയറിയാണ് അയര്‍ലന്‍ഡിലെ നാഷണല്‍ ലൈബ്രറിയുടെ രേഖകളില്‍നിന്ന് ഈ കഥ കണ്ടെത്തിയത്. മൂന്ന് കുറ്റവാളികള്‍ ചേര്‍ന്ന് കഴുമരത്തില്‍ കെട്ടിത്തൂക്കിയ ഒരു നാവികന്റെ കഥയാണ് പ്രമേയം. അതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് മൂവരും ചേര്‍ന്ന് ആ ക്രൂരകൃത്യം ചെയ്തത്.

1839 ല്‍ പ്രസിദ്ധീകൃതമായ ചാള്‍സ് ഡിക്കന്‍സിന്റെ നിക്കോളാസ് നിക്കല്‍ബി എന്ന നോവലിനു പശ്ചാത്തലമായ സറേയിലെ ഗിഞ്ചറ്റ് ഹില്ലാണ് ഈ ചെറുകഥയുടെയും പശ്ചാത്തലം. 1912 ഏപ്രില്‍ 20 നാണ് ബ്രാംസ്‌റ്റോക്കര്‍ അന്തരിച്ചത്. ദ സ്‌നേക്ക് പാസ്സ്, ദി മിസ്റ്ററി ഓഫ് ദ സീ, ദ ജുവല്‍ ഓഫ് സെവന്‍ സ്റ്റാര്‍സ് തുടങ്ങിയവയാണ് ബ്രാംസ്‌റ്റോക്കറുടെ മറ്റു കൃതികള്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by