Athletics

ഉത്തേജക മരുന്ന് വിരുദ്ധ കോഡ് ലംഘിച്ചു; ബജ്‍രംഗ് പുനിയയ്‌ക്ക് നാല് വര്‍ഷത്തെ സമ്പൂര്‍ണ വിലക്കുമായി നാഡ

Published by

ന്യൂദല്‍ഹി: ഹരിയാനയിൽ മാർച്ച് 10 ന് നടന്ന ദേശീയ ടീം സെലക്ഷൻ ട്രയൽസിൽ സാമ്പിൾ സമർപ്പിക്കാൻ വിസമ്മതിച്ചതിന് ഗുസ്തി താരം ബജ്‌രംഗ് പുനിയയ്‌ക്ക് സമ്പൂര്‍ണ വിലക്കുമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നാല് വർഷത്തേക്കാണ് സസ്പെൻഷൻ.  ഇക്കാലയളവിൽ മത്സരങ്ങളിൽ പങ്കെടുക്കാനോ വിദേശത്തു പോലും പരിശീലക ജോലി ചെയ്യാനോ കഴിയില്ല.

ഒളിംപിക്സ് യോഗ്യതാ മത്സരത്തിനുള്ള സെലക്‌ഷൻ ട്രയൽസിൽ പരാജയപ്പെട്ട ബജ്‌രംഗ് ഉത്തേജക പരിശോധനയ്‌ക്കു സാംപിൾ നൽകാതെ വേദി വിട്ടുപോയിരുന്നു. അതിനു ശേഷം സാംപിൾ നൽകാൻ ആവശ്യപ്പെട്ടപ്പോൾ സഹകരിച്ചില്ലെന്നു കാട്ടിയാണു നാഡ ബജ്‌രംഗ് പുനിയയെ ഏപ്രിൽ 23നു സസ്പെൻഡ് ചെയ്തത്. കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്‌ക്ക് നൽകിയെന്ന കാരണത്താലായിരുന്നു നിസഹകരണം. പരിശോധനയ്‌ക്ക് തയാറാണെന്നും എന്നാല്‍ കിറ്റുകളിൽ വ്യക്തത വേണമെന്നും ബജ്‍രംഗ് നാഡയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ, ഉത്തേജക പരിശോധനയ്‌ക്കു തയാറായില്ല എന്ന കാരണത്താൽ ബജ്‌രംഗ് പുനിയയ്‌ക്ക് ലോക ഗുസ്തി സംഘടനയും (യുണൈറ്റഡ് വേൾഡ് റസ്‌ലിങ് –യുഡബ്ല്യുഡബ്ല്യു) സസ്പെൻഷൻ ഏർപ്പെടുത്തിയരുന്നു. ഇതിനിടെ, നോട്ടിസ് നൽകിയിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി മേയ് 31ന് അച്ചടക്ക സമിതി ഇത് റദ്ദാക്കിയിരുന്നു. വീണ്ടും ജൂണിൽ ചട്ടം അനുസരിച്ച് നോട്ടിസ് നൽകിക്കൊണ്ട് വീണ്ടും ബജ്‌രംഗിനെ സസ്പെൻഡ് ചെയ്യുന്നതായി നാഡ പ്രഖ്യാപിച്ചു. ഉത്തേജക വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 2.3 അനുസരിച്ച് സസ്പെൻഡ് ചെയ്യുന്നുവെന്നായിരുന്നു ബജ്‌രംഗിനു നൽകിയ നോട്ടിസിൽ. ഇതിന്റെ തുടർച്ചയായാണ് നാലു വർഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട ‘ഇപ്പോഴത്തെ സാഹചര്യത്തിൽ, അത്‌ലറ്റിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതിനാൽ അത്ലറ്റിന്റെ 4 വർഷത്തെ അയോഗ്യതയുടെ കാലയളവ് വിജ്ഞാപനം അയച്ച തീയതി മുതൽ, അതായത് 23.04.2024 മുതൽ ആരംഭിക്കുമെന്ന് പാനൽ അവകാശപ്പെടുന്നു’- എഡിഡിപി ഉത്തരവിൽ പറഞ്ഞു.

സഹ ഗുസ്തി താരം വിനേഷ് ഫോഗട്ടിനൊപ്പം അടുത്തിടെ കോൺഗ്രസിൽ ചേരുകയും ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്ത ബജ്‌രംഗ്, ജൂലൈ 11 ന് ആരോപണങ്ങൾക്കെതിരെ രേഖാമൂലമുള്ള മറുപടി സമർപ്പിച്ചു. ഇതിനെത്തുടർന്ന് സെപ്റ്റംബർ 20, ഒക്ടോബർ 4 തീയതികളിൽ വാദം കേൾക്കൽ നടന്നു.

ഉത്തേജകമരുന്ന് നിയന്ത്രണ നടപടികളിൽ തനിക്ക് വിവേചനപരവും അന്യായവുമായ പെരുമാറ്റമാണ് ലഭിച്ചതെന്ന് ബജ്‌രംഗ് പറഞ്ഞു. റസ്‌ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയാണ് ഇതിനു കാരണമെന്നും ബജ്‍രംഗ് ആരോപിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by