ന്യൂദല്‍ഹി: ഭരണഘടനയ്‌ക്കു രാഷ്‌ട്രം ആദരവര്‍പ്പിച്ചു. ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷത്തില്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളും സമ്മേളിച്ചു. സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖറും അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡ, കിരണ്‍ റിജിജു, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ,രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
ഭരണഘടന രാഷ്‌ട്രത്തിന്റെ ആത്മാവാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. ആ ആത്മാവിന് അനുസൃതമായി, സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടത് ഭരണ, നിയമ നിര്‍മാണ, നീതി നിര്‍വഹണ സംവിധാനങ്ങളുടെ ഉത്തരവാദിത്തമാണ്. ഭാരതത്തിന്റെ ഭരണഘടന ജീവസുറ്റതും പുരോഗമനപരവുമായ രേഖയാണ്. മാറുന്ന കാലത്തിനനുസരിച്ചുള്ള പുതിയ ആശയങ്ങള്‍ സ്വീകരിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള ഭരണഘടനയില്‍ത്തന്നെ സംവിധാനമൊരുക്കിയിട്ടുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സാമൂഹ്യനീതി അടിസ്ഥാനമാക്കിയുമുള്ള നിരവധി ലക്ഷ്യങ്ങള്‍ നാം ഭരണഘടനയിലൂടെ സാധ്യമാക്കി. 2015 മുതല്‍ നവംബര്‍ 26 ഭരണഘടനാ ദിനമായി ആഘോഷിക്കുന്നത് ഭരണഘടനയെപ്പറ്റി യുവതലമുറയില്‍ അവബോധം വര്‍ധിക്കുന്നതിനു സഹായകമായി, രാഷ്‌ട്രപതി പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടന അതുല്യമാണെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു.
മൈഥിലി, സംസ്‌കൃത ഭാഷകളില്‍ പ്രസിദ്ധീകരിച്ച ഭരണഘടനാ പകര്‍പ്പുകള്‍ പ്രകാശനം ചെയ്തു. 75-ാം വാര്‍ഷികത്തിന്റെ സ്റ്റാമ്പും നാണയവും പുറത്തിറക്കി. ഭരണഘടനയുടെ പ്രാധാന്യവും ദേശീയ അഭിവൃദ്ധിയില്‍ ഭരണഘടനയ്‌ക്കുള്ള പങ്കും അഭിസംബോധനയില്‍ രാഷ്‌ട്രപതി വിശദീകരിച്ചതിനെ പ്രധാനമന്ത്രി എക്സില്‍ പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: