Kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണം; പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം കൂടി ചേര്‍ത്തു

Published by

പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കേസില്‍ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം കൂടി ചേര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

കേസില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥിനികളുടെയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അമ്മു സജീവിന്റെ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശിനി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഹപാഠികളും അമ്മുവുമായുള്ള തര്‍ക്കവും അതില്‍ കോളേജ് അധികൃതര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും പ്രതികളായ സഹപാഠികള്‍ക്കെതിരെ അമ്മു കോളേജ് പ്രിന്‍സിപ്പലിന് നല്‍കിയ കുറിപ്പും കേസിന്റെ ഭാഗമാണ്.

എന്നാല്‍ അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും കുടുംബം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഈ മാസം 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക