കോട്ടയം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള രമേശ് ചെന്നിത്തലയുടെ കരുനീക്കങ്ങള്‍ക്ക് വലിയ തിരിച്ചടി. മഹാരാഷ്‌ട്രയിലെ ദയനീയ പരാജയവും കേരളത്തിലെ വിജയവും ചെന്നിത്തലയെ വെട്ടിലാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എന്ന നിലയ്‌ക്ക് ദേശീയതലത്തിലും സംസ്ഥാന രാഷ്‌ട്രീയത്തിലും അപ്രസക്തമാകുന്ന നിലയിലായി അദ്‌ദേഹത്തിന്‌റെ ഭാവി. 10 മാസം മുന്‍പ് ദേശീയ നേതൃത്വം മഹാരാഷ്‌ട്രയുടെ തെരഞ്ഞെടുപ്പ് ചുമതല ചെന്നിത്തലയെ ഏല്‍പ്പിച്ചിട്ട് അതു കുളമായി കൈയില്‍ കൊടുത്തു. മഹാരാഷ്‌ട്രയുടെ ചുമതലയുള്ളതിനാല്‍ കേരളത്തിലെ ഉപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ചെന്നിത്തലയ്‌ക്ക് ഇടപെടാന്‍ കഴിഞ്ഞിരുന്നുമില്ല. ചെന്നിത്തല നേതൃത്വം വഹിച്ച മഹാരാഷ്‌ട്രയില്‍ പാര്‍ട്ടി ദയനീയ പരാജയം ഏറ്റുവാങ്ങുകയും അദ്‌ദേഹത്തിന്‌റെ അസാന്നിദ്ധ്യത്തില്‍ കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടുകയും ചെയ്തത് വലിയ നാണക്കേടായി. രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഏറെക്കാലമായി പരസ്പര മത്സരത്തിലായിരുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം കണ്ണുവച്ചായിരുന്നു ഇത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടിയ വിജയം വി ഡി സതീശന്റേത് മാത്രമായി ഉയര്‍ത്തി കാണിച്ചാണ് ചെന്നിത്തലയുടെ രാഷ്‌ട്രീയ പ്രസക്തി ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക