മുംബൈ: രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ അച്ഛന്റെ അച്ഛന് പോലും അംബേദ്കര്‍ എഴുതിയ ഇന്ത്യയുടെ ഭരണഘടന മാറ്റാന്‍ കഴിയില്ലെന്നും മോദി ഭരണത്തില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റം വരുത്തുമെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വെറും നുണയാണെന്ന് കേന്ദ്രമന്ത്രി രാമദാസ് അത്താവലെ. ബിജെപിയ്ക്ക് ഭരണഘടന മാറ്റാന്‍ കഴിയില്ല, രാഹുല്‍ ഗാന്ധി വെറുതെ ഭീതി പരത്തുകയാണ്. മുസ്ലിങ്ങളെ ബിജെപി ഇന്ത്യയില്‍ നിന്നും ഓടിക്കും എന്ന പ്രചാരണവും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
പനവേലില്‍ മൂന്ന് തവണ എംഎല്‍എയായി വിജയിച്ച ബിജെപിയുടെ പ്രശാന്ത് താക്കൂറിനെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരാളുടെ അച്ഛന്റെ അച്ഛനും ഭരണഘടന മാറ്റാന്‍ കഴിയില്ല. എന്റെ അച്ഛന്റെ അച്ഛന്റെ അച്ഛന് വന്നാല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ഭരണഘടന മാറ്റാനാവില്ല. എന്തിന് രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ അച്ഛന്റെ അച്ഛന് വന്നാലും ഇന്ത്യന്‍ ഭരണഘടന മാറ്റാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധി നുണ പറയുകയാണ്.അതുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നിടത്ത് കോണ്‍ഗ്രസ് തോല്‍ക്കുന്നത്.”- രാമദാസ് അത്താവലെ പറഞ്ഞു.
“സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഭരണഘടന തൊട്ട് സത്യം ചെയ്ത മോദിയ്ക്ക് ഇന്ത്യന്‍ ഭരണഘടന എങ്ങിനെ മാറ്റാന്‍ കഴിയും? ബാബാ സാഹേബ് അംബേദ്കറെ ബഹുമാനിച്ചുകൊണ്ടുള്ളതാണ് നരേന്ദ്രമോദിയുടെ പ്രസംഗങ്ങളെല്ലാം. ഒബിസിയില്‍ നിന്നുള്ള ആളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. എന്നിട്ടും എല്ലാവരും അദ്ദേഹത്തെ വളയുകയാണ്. ഞാന്‍ മോദിയ്ക്കൊപ്പം തന്നെ നില്ക്കും. എന്റെ സമുദായത്തിന് ആരെയാണ് ജയിപ്പിക്കേണ്ടതെന്ന് അറിയാം. അതിനാലാണ് പനവേലില്‍ ബിജെപിയുടെ പ്രശാന്തിനെ മൂന്നാം വട്ടവും ജയിപ്പിച്ചത്.” – രാമദാസ് അത്താവലെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: