ജെനീവ : സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത ഇടം തങ്ങളുടെ സ്വന്തം വീടുകളായി മാറുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് യുണൈറ്റഡ് നേഷൻസ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 140 സ്ത്രീകളും പെൺകുട്ടികളും പങ്കാളിയോ കുടുംബാംഗമോ കാരണം കൊല്ലപ്പെട്ടതായി രണ്ട് യുഎൻ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ആഗോളതലത്തിൽ 2023ൽ ഏകദേശം 51,100 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മരണത്തിന് ഉത്തരവാദി ഒരു അടുപ്പമുള്ള പങ്കാളിയോ കുടുംബാംഗമോ ആണെന്ന് പഠനം പറയുന്നു. ഇത് 2022 ൽ 48,800 ഇരകളിൽ നിന്ന് വർധിച്ചതായി യുഎൻ വനിത വിഭാഗവും യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസും അറിയിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്‌ട്ര ദിനത്തിൽ പുറത്തിറക്കിയ റിപ്പോർട്ട് സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഏറെ ആശങ്കയുണർത്തുന്നുണ്ട്. എല്ലാ രാജ്യങ്ങളിൽ നിന്ന് ഡാറ്റ ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. എല്ലായിടത്തും സ്ത്രീകളും പെൺകുട്ടികളും ഈ തീവ്രമായ ലിംഗാധിഷ്ഠിത അക്രമത്തിന് വിധേയരാകുന്നുവെന്നും ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ലെന്നും രണ്ട് ഏജൻസികളും ഊന്നിപ്പറഞ്ഞു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അപകടകരമായ സ്ഥലമാണ് വീടെന്ന് പറഞ്ഞ ഏജൻസി ഏറ്റവും കൂടുതൽ കുടുംബ കൊലപാതകങ്ങളും പങ്കാളി കൊലപാതകങ്ങളും നടന്നത് ആഫ്രിക്കയിലാണെന്ന് വ്യക്തമാക്കി. 2023ൽ ഇവിടെ 21,700 ഇരകളുണ്ടായതായി റിപ്പോർട്ട് പറയുന്നു. ജനസംഖ്യയുടെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഫ്രിക്കയിലും ഏറ്റവും കൂടുതൽ ഇരകൾ ഉണ്ടായിരുന്നു. 100,000 പേരിൽ 2.9 ശതമാനം ഇരകൾ എന്നതായിരുന്നു അനുപാതിക കണക്ക്.
കഴിഞ്ഞ വർഷം അമേരിക്കയിൽ 100,000 ന് 1.6 ശതമാനം സ്ത്രീകളും ഓഷ്യാനിയയിൽ 100,000 ന് 1.5 ശതമാനം സ്ത്രീകളും ഉള്ള ഉയർന്ന നിരക്കുകൾ ഉണ്ടായിരുന്നു. ഏഷ്യയിൽ 100,000 പേരിൽ 0.8 ശതമാനം ഇരകളും യൂറോപ്പിൽ 100,000 പേർക്ക് 0.6 ശതമാനം എന്ന നിരക്കുമാണുള്ളത്.
യൂറോപ്പിലെയും അമേരിക്കയിലെയും സ്വകാര്യ മേഖലയിൽ സ്ത്രീകളെ മനഃപൂർവം കൊലപ്പെടുത്തുന്നത് കൂടുതലും അടുപ്പമുള്ള പങ്കാളികളാണെന്ന് റിപ്പോർട്ട് പറയുന്നു. അതേ സമയം നരഹത്യയ്‌ക്ക് ഇരയായവരിൽ ഭൂരിഭാഗവും പുരുഷന്മാരും ആൺകുട്ടികളുമാണ്.
2023-ൽ നരഹത്യയ്‌ക്ക് ഇരയായവരിൽ 80 ശതമാനം പുരുഷന്മാരും 20 ശതമാനം സ്ത്രീകളുമാണ്. എന്നാൽ കുടുംബത്തിനുള്ളിലെ മാരകമായ അക്രമം പുരുഷന്മാരേക്കാൾ സ്ത്രീകളെ കൂടുതൽ ബാധിക്കുന്നുണ്ടെന്ന് പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: