മുംബൈ: ഇന്ത്യയില്‍ കൂണ്‍കൃഷി ബിസിനസിലേക്ക് കൂടുതല്‍ പേര്‍ അനുദിനം കടന്നുവരികയാണ്. മുടക്കുന്ന അധ്വാനത്തിന് നല്ല വരുമാനം ലഭിക്കുന്നു എന്നതാണ് ഇതിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരാന്‍ കാരണം.
രാംനഗറിലെ മെഹ്റോത്ര സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന സിദ്ധാന്തും സാര്‍ത്ഥകും കൂണ്‍കൃഷിയിലൂടെ ആദ്യവര്‍ഷം തന്നെ നേടിയെടുത്തത് 76 ലക്ഷം രൂപയാണ്. ഉത്തരാഖണ്ഡിലെ കോര്‍ബെറ്റ് ദേശീയ പാര്‍ക്കിന് അടുത്താണ് സിദ്ധാന്ത് മെഹ്റോത്രയും സാര്‍ത്ഥക് മെഹ്റോത്രയും കൂണ്‍കൃഷി ആരംഭിച്ചത്. പൊതുവേ ബിസിനസില്‍ പുതുമകള്‍ തേടുന്നവരാണ് ഇരുവരും. അവരുടെ അച്ഛനില്‍ നിന്നും പൈതൃകമായി ലഭിച്ച കൃഷിഭൂമിയിലാണ് ഇരുവരും കൂണ്‍കൃഷി ആരംഭിച്ചത്.
ഭാഗ്യം ഇരുവരെയും കടാക്ഷിച്ചു എന്ന് വേണം കരുതാന്‍. ആദ്യ വര്‍ഷം തന്നെ നല്ല വിളവെടുപ്പ് നടന്നു. കൂണ്‍കൃഷിയില്‍ നിന്നുള്ള ലാഭം 76 ലക്ഷം രൂപ ലഭിച്ചു. കൃഷി അറിയുന്നതോടൊപ്പം തന്നെ നല്ല സാങ്കേതിക ജ്ഞാനമുള്ളവരാണ് ഇരുവരും. ഇത് രണ്ടും കൂട്ടിയിണക്കി കാര്‍ഷികമേഖലയില്‍ മികച്ച നേട്ടമുണ്ടാക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. അത് കൂണ്‍കൃഷിയിലൂടെ സാധ്യമായി.
കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിനടുത്ത് ഹോട്ടല്‍ ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന കൂട്ടുകാരാണ് കൂണ്‍കൃഷി എന്ന ആശയം നല്‍കിയത്. അങ്ങിനെയാണ് കൂണ്‍ വളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ചത്. നല്ല ഡിമാന്‍റുണ്ടെങ്കിലും വേണ്ടത്ര കൂണ്‍ ലഭ്യമാകാത്ത സാഹചര്യമുണ്ട് എന്ന കണ്ടെത്തലാണ് കൂണ്‍കൃഷിയിലേക്ക് കൂടുതല്‍ ആഴത്തില്‍ പോകാന്‍ പ്രചോദനമായത്. നാഷണല്‍ ഹോട്ടികള്‍ച്ചര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി മെഹ്റോത്ര സഹോദരങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്തപ്പോള്‍ നവീനമായ പല ആശയങ്ങളും കൂണ്‍കൃഷിയെക്കുറിച്ച് ലഭിച്ചു. അങ്ങിനെയാണ് ഹൈ-ടെക് കൂണ്‍വളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ചത്. 100 മെട്രിക് ടണ്ണോളം ശേഷിയുള്ള യൂണിറ്റ് തന്നെ ധൈര്യത്തോടെ തുടങ്ങി. പിന്നീട് അത് 180 മെട്രിക് ടണ്ണിലേക്ക് വികസിപ്പിച്ചു.
വര്‍ധ്മാന്‍ അഗ്രോ എന്ന പേരിട്ട യൂണിറ്റില്‍ കാലാവസ്ഥ നിയന്ത്രണശേഷിയുള്ള മുറികളും പരമാവധി വളര്‍ച്ച ലഭിക്കാനാവശ്യമായ സാഹചര്യങ്ങളും സൃഷ്ടിച്ചു. ഇത് ഫലം കണ്ടു. വിളവെടുപ്പ് മികച്ചതായിരുന്നു. അതാണ് ആദ്യവര്‍ഷം തന്നെ 76 ലക്ഷം വരുമാനം നേടാന്‍ സാധിച്ചത്. ഏകദേശം 190 മെട്രിക് ടണ്ണോളം ഉല്‍പാദനം നടന്നു. കിലോയ്‌ക്ക് 115 രൂപ വെച്ചാണ് കൂണ്‍ വിറ്റത്. ഇതുവഴി ആകെ ലഭിച്ചത് 2.18 കോടി രൂപ. ബാങ്കില്‍ അടയ്‌ക്കേണ്ട പ്രതിമാസ തിരിച്ചടവ്, ഉയര്‍ന്ന സാങ്കേതികവിദ്യയ്‌ക്ക് ആവശ്യമായ ചെലവ്, അസംസ്കൃത വസ്തുക്കള്‍, തൊഴിലാളികളുടെ കൂലിയും ശമ്പളവും- ഈ ചെലവുകളെല്ലാം കഴിച്ചാണ് 76 ലക്ഷം രൂപയുടെ ലാഭം ആദ്യ വര്‍ഷം നേടിയത്. വെറും സാമ്പത്തിക വിജയം മാത്രമല്ല സിദ്ധാന്ത് മെഹ്റോത്രയും സാര്‍ത്ഥക് മെഹ്റോത്രയും നേടിയത്. പകരം കൂണ്‍കൃഷിയ്‌ക്കുള്ള സുസ്ഥിരമായ സാധ്യതയും കണ്ടെത്താന്‍ അവര്‍ക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: