Kerala

പിന്തുണ തേടിയിട്ടില്ലെന്ന പ്രസ്താവന പച്ചക്കള്ളം; പല ചർച്ചകളിലും പിണറായി വിജയൻ പങ്കെടുത്തിരുന്നു: ജമാഅത്തെ ഇസ്ലാമി

Published by

കോഴിക്കോട്: തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് പി.മുജീബ് റഹ്‌മാൻ. ജമാഅത്തെ-സിപിഎം ചർച്ചകളിൽ പലപ്പോഴും പങ്കെടുത്തിട്ടുള്ള ആളാണ് പിണറായി വിജയൻ. പൂർവ്വകാലത്തെ റദ്ദ് ചെയ്യാനുള്ള ശ്രമം അദ്ദേഹത്തെ പരിഹാസ്യനാക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമി നേതാവ് മുജീബ് റഹ്മാൻ പറഞ്ഞു.

ജമാ അത്തിനെതിരെ പറഞ്ഞ് ഭൂരിപക്ഷത്തെ ഒപ്പം നിർത്തുക എന്ന അപകടകരമായ നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും മുജീബ് റഹ്മാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, ദേശാഭിമാനി മുഖപ്രസംഗം, സഭാരേഖാകൾ എന്നിവ തെളിവായി ഉണ്ട്. ഒന്നുകിൽ മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം സംഭവിച്ചിരിക്കുന്നു, അല്ലെങ്കിൽ മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുന്നു.

1996-ലും 2004-ലും 2006-ലും 2009-ലും 2011-ലും 2015-ലും ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. 2011-ൽ ആലപ്പുഴ ഗസ്റ്റ് ഹൗസിൽവെച്ച് പിണറയി വിജയനുമായി അന്നത്തെ നേതാവ് ചർച്ച നടത്തി. രാഷ്‌ട്രീയമായ ചർച്ചയാണ് ഇരുമുന്നണിയുമായി നടത്തിയത്. മറ്റ് ഉപാധികളൊന്നും ഉണ്ടായിരുന്നില്ല. 2024-ൽ സിപിഎമ്മിന്റെ മൂന്ന് എം.പിമാരും ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു കൂടി വാങ്ങി ജയിച്ചവരാണെന്നും മുജീബ് റഹ്‌മാൻ വ്യക്തമാക്കി.

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് മുതലാണോ ജമാഅത്തെ ഇസ്‌ലാമി ഭീകര സംഘടന ആയത്?പാലക്കാട്ട് സിപിഎം എന്നോ കോൺഗ്രസ് എന്നോ ഉള്ളത് ന്യൂനപക്ഷത്തിന്റെ വിഷയമല്ല. ബിജെപി കേരളത്തിൽ വിജയിക്കാൻ പാടില്ലെന്നതാണ് ന്യൂനപക്ഷത്തിന്റെ നിലപാട്- അദ്ദേഹം പറഞ്ഞു.

പിന്തുണക്കാതെ ഇരിക്കുമ്പോൾ ഭീകര സംഘടനയാക്കുന്ന സമീപനത്തെയാണ് വിമർശിക്കുന്നതെന്നും തള്ളിപ്പറഞ്ഞത് കൊണ്ടാണ് പേര് പറയുന്നതെന്നും മുജീബ് റഹ്‌മാൻ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by