Kerala

നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ തെളിവുകള്‍ സംരക്ഷിക്കണം; കുടുംബം നൽകിയ ഹർജിയിൽ ഡിസംബർ മൂന്നിന് വിധി

Published by

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ നിർണായക തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ വിധി പറയുന്നത് മാറ്റി. ഡിസംബർ മൂന്നിനായിരിക്കും കണ്ണൂർ മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിക്കുക. പോലീസ് അന്വേഷണം നീണ്ടുപോകുന്ന ഘട്ടത്തിലാണ് തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ കുടുംബം ഹർജിയുമായി എത്തിയത്.

കേസ് ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നാല്‍ ഈ തെളിവുകള്‍ നഷ്ടപ്പെട്ടുപോകുമെന്നാണ് കുടുംബത്തിന്റെ വാദം. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ റിപ്പോര്‍ട്ടില്‍ കുടുംബത്തിന് തൃപ്തിയില്ലെന്ന് അഭിഭാഷക അറിയിക്കുകയായിരുന്നു.

ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തിന്‍റേയും ഫോണ്‍ കോള്‍ രേഖകള്‍, ഫോൺ ലൊക്കേഷൻ വിവരങ്ങൾ, കളക്‌ട്രേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാർട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍, പി.പി. ദിവ്യയുടെയും, കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങ്ങുകൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുടുംബം ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരുന്നു. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി.

എന്നാൽ കുറ്റാരോപിതർ പ്രതികൾ അല്ലാത്തതിനാൽ കോൾ റെക്കോർഡിങ് കണ്ടെടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചു. അതേസമയം കേസിൽ പോലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ തൃപ്തിയില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം ഹർജിയിൽ അറിയിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by