Kerala

ലോറിയുടെ രജിസ്ട്രേഷൻ സസ്പെൻ്റ് ചെയ്തു; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായി മന്ത്രി ഗണേഷ് കുമാർ, ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും

Published by

തിരുവനന്തപുരം: തൃശൂർ നാട്ടികയിൽ ഉറങ്ങി കിടന്ന നാടോടികളുടെ ദേഹത്ത് തടികയറ്റിവന്ന ലോറി കയറ്റി അഞ്ച് പേർ മരിച്ച സംഭവത്തിൽ ലോറിയുടെ രജിസ്ട്രേഷൻ സസ്പെൻ്റ് ചെയ്തതായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. ഇയാൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി വ്യക്തമാക്കി. വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും. കരുതിക്കൂട്ടിയുള്ള അപകടമാണ് ഉണ്ടായത്. തൃശൂർ, പാലക്കാട് ഭാഗത്ത് രാത്രികാലങ്ങളിലെ ഗതാഗത ലംഘനത്തിനെതിരെ കർശനമായ പരിശോധനകൾ ഉണ്ടാകും. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ അടുത്തയാഴ്ച തന്നെ ഇത് പ്രാബല്യത്തിൽ വരും. നാട്ടുകാരാണ് ലോറി തടഞ്ഞിട്ടത്. ഇല്ലെങ്കിൽ ഇവർ ലോറിയുമായി കടന്നു കളയുമായിരുന്നുവെന്നും കെ.ബി ഗണേഷ് കുമാർ പറഞ്ഞു.

റോഡുകളിൽ കിടന്നുറങ്ങുന്നവരെ അവിടെ നിന്നും മാറ്റുന്നതിനുള്ള നടപടികൾ പോലീസുമായി ചേർന്ന് നടപ്പാക്കും. അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക