കൊച്ചി: തീര്‍ത്ഥാടകരുടെ പ്രയോജനത്തിനായി വിവിധ ഭാഷകളില്‍ വില പ്രാധാന്യത്തോടെയും കൃത്യമായും പ്രദര്‍ശിപ്പിക്കാന്‍ കടയുടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്കണമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, ട്രെക്കിങ് പാത എന്നിവിടങ്ങളില്‍ ഇടയ്‌ക്കിടെ പരിശോധന നടത്താന്‍ ഇവിടങ്ങളിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റുകള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി) വിജിലന്‍സ് വിഭാഗത്തിനും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്കി.
ചില ഹോട്ടലുകള്‍ അനുവദനീയമായ പരിധിയില്‍ കൂടുതല്‍ അളവില്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതായി ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അധികമുള്ള സിലിണ്ടറുകള്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദേശം നല്കി. കൂടാതെ, 2000 രൂപ പിഴ ചുമത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ഹോട്ടലുകളില്‍ നിന്ന് കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് 5,000 രൂപയും 10,000 രൂപയും ചുമത്തി. ഹോട്ടലുകളിലും മറ്റും പഴകിയ ഭക്ഷണം വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം നിരീക്ഷിക്കാനും കോടതി ഇന്‍സ്പെക്ഷന്‍ സ്‌ക്വാഡിന് നിര്‍ദേശം നല്കി.
പമ്പ മുതല്‍ സന്നിധാനം വരെ, ട്രക്കിങ് പാതയില്‍ മരക്കൊമ്പുകള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നുണ്ടോയെന്ന് വിശദമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വനംവകുപ്പ് പെരിയാര്‍ വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: