Kerala

ഹരിയേട്ടന്റെ സ്മരണകള്‍ നിറഞ്ഞ് പുസ്തക പ്രകാശനം

Published by

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ സ്വര്‍ഗീയ ആര്‍. ഹരിയെക്കുറിച്ച് പ്രമുഖര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം ‘ഋഷിതുല്യനായ ഹരിയേട്ടന്‍’ പ്രകാശനം ചെയ്തു. ഹരിയേട്ടന്റെ സ്മരണകള്‍ നിറഞ്ഞ് നിന്ന് ചടങ്ങില്‍ പുസ്ത പ്രകാശനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രൊഫ. എം.കെ സാനുവിന് നല്കി നിര്‍വഹിച്ചു.

പേരും പ്രശസ്തിയും വേണമെന്ന് ആഗ്രഹിച്ചല്ല ആര്‍. ഹരി പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. ഇതുസംബന്ധിച്ച കവിത ചൊല്ലിയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. തനിക്ക് വലിയ സ്ഥാനം വേണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഇത്തരം ആളുകളാണ് സംഘടനകളിലും പ്രസ്ഥാനങ്ങളിലും വരേണ്ടതെന്നും ആ ആത്മാര്‍പ്പണമാണ് ആദര്‍ശമായി വേണ്ടതെന്നും എം.കെ. സാനു കൂട്ടിച്ചേര്‍ത്തു.
എഴുത്തെന്ന അത്ഭുത സിദ്ധി വേണ്ടുവോളം കിട്ടിയിരുന്നു ആര്‍. ഹരിക്ക് എന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

നാട് തിരിച്ചുവരവിന്റെ പാതയിലാണ്, ഈ മാറ്റത്തിനായി യുവതലമുറയെ സജ്ജമാക്കണം. ഇതിനായി ഹരിയേട്ടന്‍ ചെയ്ത കാര്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കണം, ശ്രീധരന്‍ പിള്ള തുടര്‍ന്നു. മലയാളത്തിലടക്കം ഒട്ടേറേ ഭാഷകളില്‍ അദ്ദേഹത്തിനുള്ള പരിജ്ഞാനം വളരെ വലുതാണ്. പലഭാഷകളില്‍ നിന്നു മൊഴി മാറ്റം വരുത്തി പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്. മൊഴിമാറ്റം വരുത്തുന്ന പുസ്തകങ്ങളിലും തനിമയും എഴുത്തുകാരന്‍ വിവരിക്കുന്ന ആശയവും കൃത്യമായി പങ്കുവയ്‌ക്കാന്‍ അദ്ദേഹത്തിനായിരുന്നു. എല്ലാ വിഷയങ്ങളിലും ആധികാരികമായും മനോഹരമായും മനുഷ്യസ്പര്‍ശിയുമായി ഹരിയേട്ടന് എഴുതാന്‍ കഴിഞ്ഞിരുന്നു. എഴുത്തില്‍ ഹരിയേട്ടന് വഴങ്ങാത്ത മേഖലയില്ല. രാഷ്‌ട്രമെന്ന സങ്കല്‍പ്പത്തിലൂന്നി യുക്തിഭദ്രമായ നിലപാടാണ് അദ്ദേഹം എപ്പോഴും സ്വീകരിച്ച് വന്നിരുന്നത്, പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ലക്ഷ്മിബായ് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ. ആര്‍. ശശിധരന്‍ അധ്യക്ഷനായി. തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ് വെണ്ണല മോഹനന്‍ പുസ്തക പരിചയം നടത്തി. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശ്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, കൗണ്‍സിലര്‍ പദ്മജ എസ്. മേനോന്‍ എന്നിവര്‍ സംസാരിച്ചു. ലക്ഷ്മീബായ് ധര്‍മ്മപ്രകാശനാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക