Kerala

ഇടുക്കിയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ടാം ക്ലാസ് വിദ്യാർഥിയെക്കൊണ്ട് സഹപാഠിയുടെ ഛർദി വാരിപ്പിച്ചു: അധ്യാപികക്കെതിരെ പരാതി

Published by

നെടുങ്കണ്ടം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ടാം ക്ലാസ് വിദ്യാർഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയുടെ ഛർദി വാരിപ്പിച്ചതായി പരാതി. ഉടുമ്പൻചോലയ്‌ക്കടുത്ത് സ്ലീബാമലയിൽ പ്രവർത്തിക്കുന്ന എൽ.പി.സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ കുട്ടിയുടെ അമ്മ എ.ഇ.ഒ.യ്‌ക്ക് പരാതി നൽകി. ഈ മാസം പതിമൂന്നിനാണ് സംഭവമെന്നും പരാതിയിൽ പറയുന്നു.പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ഒരു കുട്ടി ക്ലാസിൽ ഛർദിച്ചു.

ഇതിന് പിന്നാലെ മറ്റു കുട്ടികളോട് മണൽവാരിയിട്ട് ഇത് മൂടാൻ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഈ കുട്ടിയോട് മാത്രമായി അത് ചെയ്യാൻ പറയുകയായിരുന്നു. എന്നാൽ, ആറര വയസ്സു മാത്രമുള്ള കുട്ടി ഇത് നിരസിക്കുകയും ടീച്ചറെ ഞാൻ ഇവിടെയിരുന്ന് എഴുതിക്കോളാം എന്നുപറഞ്ഞു. എന്നാൽ, അതുകേട്ട് അധ്യാപിക ദേഷ്യപ്പെടുകയും കുട്ടിയെക്കൊണ്ട് നിർബന്ധപൂർവം കോരിക്കളയിപ്പിക്കുകയുമായിരുന്നു.

സഹപാഠിയായ കുട്ടി സഹായിക്കാൻ തുനിഞ്ഞപ്പോൾ അധ്യാപിക തടയുകയും ചെയ്തു.കുട്ടി ഇക്കാര്യം വീട്ടിൽ അറിയിച്ചില്ല. എന്നാൽ, അടുത്ത ദിവസം സഹപാഠിയിൽനിന്ന് വിവരമറിഞ്ഞ മാതാപിതാക്കൾ ഇക്കാര്യം പ്രഥമാധ്യാപികയെ അറിയിച്ചു.

സ്‌കൂൾ അധികൃതർ താക്കീത് മാത്രം നൽകി അധ്യാപികയെ രക്ഷിച്ചെന്നാണ് രക്ഷിതാവിന്റെ പരാതി. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പരാതി ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ടെന്നും പ്രഥമാധ്യാപികയോട് കളക്ടർ മുമ്പാകെ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.ഷാജി പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by