പാലക്കാട്: വര്‍ഗീയശക്തികളുടെ വോട്ടും പിന്തുണയും ആവശ്യപ്പെട്ടിട്ടില്ലെന്ന പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും വാദം പൊളിയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷത്തില്‍ എസ്ഡിപിഐയുടെ പങ്കില്ലെന്നാണ് എംപിമാരായ ഷാഫി പറമ്പിലും വി.കെ. ശ്രീകണ്ഠനും ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. തങ്ങള്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള വര്‍ഗീയശക്തികളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് യുഡിഎഫിന്റെ വാദം. എന്നാല്‍, രാഹുലിന്റെ വിജയത്തിന് തങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തില്‍ പതിനായിരത്തോളം വോട്ടുകള്‍ യുഡിഎഫിന് നല്കിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തില്‍ തങ്ങളുടെ വോട്ടുകള്‍ നിര്‍ണായകമായിട്ടുണ്ടെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി സഹീര്‍ ചാലപ്പുറം പത്രസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണെന്ന് എസ്ഡിപിഐ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം രാഹുലും, ഷാഫിയും ഉള്‍പ്പെടെ ഒഴിഞ്ഞുമാറുകയായിരുന്നു. വോട്ട് വേണ്ടെന്ന് തുറന്ന് പറയാനുള്ള ആര്‍ജ്ജവം പോലും കോണ്‍ഗ്രസ് നേതൃത്വം കാണിച്ചില്ല. ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാന്‍ ഗ്രീന്‍ ആര്‍മി രൂപീകരിച്ച് പള്ളികളും, ന്യൂനപക്ഷ വീടുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയെന്ന് ബിജെപി ആരോപിച്ചിരുന്നു.
23ന് ഫലപ്രഖ്യാപന ദിവസം യുഡിഎഫ് സ്ഥാനര്‍തഅഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്തപ്പോള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. വിക്ടോറിയ കോളജിന് മുന്നില്‍ ആദ്യം ആഹ്ലാദ പ്രകടനം നടത്തിയത് എസ്ഡിപിഐയാണ്. മാത്രമല്ല, വൈകിട്ട് നടന്ന യുഡിഎഫ് ആഹ്ലാദപ്രകടനത്തില്‍ പാര്‍ട്ടി പതാകകളുമായി എസ്ഡിപിഐക്കാര്‍ പങ്കെടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഏതെങ്കിലും ചില സംഘടനകള്‍ക്ക് ക്രെഡിറ്റ് കൊടുക്കാന്‍ സാധിക്കുന്ന വിജയമല്ല യുഡിഎഫിന് ഉണ്ടായതെന്നും, മതേതര മനസിന്റെ വിജയമാണെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചത്. എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നിവര്‍ക്ക് ഒരു വോട്ട് പോലും ഇല്ലാത്ത പ്രദേശങ്ങളില്‍ പോലും യുഡിഎഫിന്റെ വോട്ട് ഉയര്‍ന്നുവെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. വര്‍ഗീയശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്നും ഷാഫി പ്രതികരിച്ചു. ഇതിനുശേഷമാണ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെഹിര്‍ ചാലിപ്പുറം പത്രസമ്മേളനം നടത്തി തങ്ങളുടെ പതിനായിരത്തോളം വോട്ടുകള്‍ യുഡിഎഫിന് ചെയ്തുവെന്ന് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക