ബെംഗളൂരു: ഭാരതത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ഭാഗമായി ആളില്ലാ പേടകം അടുത്ത വര്‍ഷം മാര്‍ച്ചോടെ വിക്ഷേപിക്കും. ജി1 മിഷന്‍ എന്നാണ് ദൗത്യത്തിന് നല്കിയിരിക്കുന്ന പേര്. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് പേടകത്തിന്റെ വിക്ഷേപണം.
ദൗത്യത്തിന്റെ മുഴുവന്‍ സമയ നിരീക്ഷണത്തിനായി പസഫിക്ക്, അറ്റ്‌ലാന്റിക്ക് സമുദ്രങ്ങളില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍മാരെ വിന്യസിക്കും. പ്രത്യേക കപ്പലുകളിലായിരിക്കും നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കുക. 2025 മാര്‍ച്ച് ഒന്നിനും 2025 ആഗസ്ത് 31നും ഇടയില്‍ ഗഗന്‍യാന്റെ ആളില്ലാ പേടകത്തിന്റെ വിക്ഷേപണം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അത്യാഹിത ഘട്ടങ്ങളില്‍ ബഹിരാകാശയാത്രികരെ രക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിക്കാനാണ് ആദ്യത്തെ ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതിന്റെ വിജയം ഗഗന്‍യാന്റെ ആളില്ലാ ദൗത്യത്തിന്റെ വേഗത കൂട്ടും.
കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒയും ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയുമായി (എഎസ്എ) നിര്‍ണായക കരാറില്‍ ഒപ്പുവച്ചിരുന്നു. ഗഗന്‍യാന്‍ ദൗത്യത്തിന് ശേഷം ബഹിരാകാശ സഞ്ചാരികളെ ഇറക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലായിരിക്കും. ഈ ദൗത്യം പൂര്‍ത്തിയാക്കാനാണ് എഎസ്എയുടെ സഹായം തേടിയത്.
ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ഭാരതം ആദ്യമായി സ്വന്തം പേടകത്തില്‍ മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍. ബഹിരാകാശത്തേക്ക് മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗന്‍യാന്‍ പേടകത്തില്‍ അയക്കുക. ഇതിന്റെ വിക്ഷേപണം 2026ല്‍ ഉണ്ടാകും. ബഹിരാകആശ സഞ്ചാരികളെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക