Business

വിശ്വാസം അതല്ലേ എല്ലാം..അദാനി കമ്പനികളില്‍ നിക്ഷേപിച്ച 81480 കോടി രൂപയില്‍ ഒരു ചില്ലിക്കാശ് തിരിച്ചെടുക്കില്ലെന്ന് രാജീവ് ജെയിന്‍

Published by

മുംബൈ: ഏഴ് അദാനി കമ്പനികളില്‍ ഏകദേശം 81480 കോടി രൂപയോളം നിക്ഷേപിച്ചിട്ടുള്ള ജിക്യുജി പാര്‍ട്ണേഴ്സ് എന്ന കമ്പനിയുടെ ഉടമ രാജീവ് ജെയിന് അതില്‍ അല്‍പം പോലും ഭയമില്ല. യുഎസ് പ്രോസിക്യൂട്ടര്‍ അദാനിയുടെ ഗ്രീന്‍ എനര്‍ജി ലിമിറ്റഡിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിട്ടും താന്‍ അദാനി കമ്പനികളില്‍ നിക്ഷേപിച്ച ഒരു ചില്ലിക്കാശ് പോലും തിരിച്ചെടുക്കില്ലെന്നും അദാനിയില്‍ അത്രയും വിശ്വാസമെന്ന് രാജീവ് ജെയിന്‍. കാരണം അദാനി കമ്പനികളുടെ അടിത്തറ കരുത്തുറ്റതാണെന്നാണ് രാജീവ് ജെയിന്റെ വിലയിരുത്തല്‍.

പണ്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തെ തുടര്‍ന്ന് അദാനി ഓഹരികളുടെ വില 81 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ ജിക്യുജി നാല് അദാനി കമ്പനികളിലായി നിക്ഷേപിച്ച 15400 കോടി രൂപയാണ് അന്ന് അദാനി ഓഹരികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. അദാനി ഓഹരികള്‍ തിരിച്ച് കയറിയതോടെ അന്ന് രാജീവ് ജെയിന്റെ നിക്ഷേപം പല മടങ്ങായി വര്‍ധിച്ചിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ 413 പേജുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന്. അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില 3,139 രൂപയില്‍ നിന്നും 751 രൂപയായി. അദാനി ഗ്രീന്‍ എനര്‍ജി 2000 രൂപയില്‍ നിന്നും 485 രൂപയായി താഴ്ന്നു. അദാനി ട്രാന്‍സ്മിഷന്റെ ഓഹരി വില 2762ല്‍ നിന്നും 712 രൂപയിലേക്ക് താഴ്ന്നു. അദാനി എന്‍റര്‍പ്രൈസസ് 3442രൂപയില്‍ നിന്നും 1336 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ആസ്ത്രേല്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജീവ് ജെയിന്റെ ജിക്യുജി പാര്‍ട്നേഴ്സ് 15400 കോടി രൂപ അദാനി ഓഹരികളില്‍ നിക്ഷേപിച്ചതോടെയാണ് അദാനി ഓഹരികള്‍ മെല്ലെ ഉയരങ്ങളുടെ പടവുകള്‍ തിരിച്ചുകയറിയത്.

ഇപ്പോള്‍ യുഎസ് പ്രോസിക്യൂട്ടര്‍ അദാനി ഗ്രീന്‍ എനര്‍ജിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് ജിക്യുജി പാര്‍ട്നേഴ്സിന് 970 കോടി ഡോളര്‍ ( 81480 കോടി രൂപ) നിക്ഷേപമുണ്ടായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരിവില ഇടിഞ്ഞാലും ഈ നിക്ഷേപം സുരക്ഷിതമാണെന്ന് രാജീവ് ജെയിന്‍ പറഞ്ഞു. അദാനി കമ്പനികളുടെ അടിത്തറ ശക്തമാണെന്ന വിശ്വാസമാണ് നിക്ഷേപത്തിന് അടിസ്ഥാനമെന്നും അതില്‍ മാറ്റമില്ലെന്നും രാജീവ് ജെയിന്‍ പറഞ്ഞു.

അദാനി എന്‍റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്സ് എന്നീ കമ്പനികള്‍ ഉള്‍പ്പെടെ ഏഴ് കമ്പനികളില്‍ ജിക്യുജി പാര്‍ട്നേഴ്സ് നിക്ഷേപിച്ചിട്ടുണ്ട്. യുഎസിലെ ഡിപാര്‍ട് മെന്‍റ് ഓഫ് ജസ്റ്റിസിന്റെ കുറ്റപ്പെടുത്തലും യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സചേഞ്ച് കമ്മിഷന്റെ ശിക്ഷാവിധിയും ഏതാനും വ്യക്തികള്‍ക്കെതിരെ മാത്രമാണ്. അല്ലാതെ അദാനി കമ്പനികള്‍ക്കെതിരെ അല്ല. അതുപോലെ ആരോപണം അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്ന കമ്പനിയ്‌ക്കെതിരെ മാത്രമാണ്. അല്ലാതെ മറ്റ് അദാനി കമ്പനികളുടെ മേല്‍ ആരോപണമില്ല എന്ന വിലയിരുത്തലാണ് ജിക്യുജി പാര്‍ട്ണേഴ്സിനുള്ളത്.

യുഎസ് പ്രോസിക്യൂട്ടര്‍ ആരോപണത്തിന് ശേഷമുണ്ടായ വന്‍തകര്‍ച്ചയ്‌ക്ക് ശേഷം നവമ്പര്‍ 24 തിങ്കളാഴ്ചയും നവമ്പര്‍ 25 ചൊവ്വാഴ്ചയും അദാനി ഗ്രീന്‍ എനര്‍ജി, ടോട്ടല്‍ ഗ്യാസ്, അദാനി പവര്‍ എന്നിവ ഒഴികെയുള്ള അദാനി ഓഹരികളുടെ വില ഉയരുകയാണ്. അദാനി പോര്‍ട്, അദാനി എന്‍റര്‍പ്രൈസസ്, അംബുജ സിമന്‍റ്സ്, എന്‍ഡിടിവി, അദാനി വില്‍മര്‍, എസിസി എന്നീ അദാനി കമ്പനികളുടെ ഓഹരി വിലകള്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ അദാനിയ്‌ക്കെതിരെ വന്‍പ്രതിഷേധവും പ്രസ്താവനാബഹളവും ഉണ്ടെങ്കിലും അദാനി ഓഹരികളെ അത് ബാധിച്ചിട്ടില്ല. നിക്ഷേപകരുടെ അദാനിയിലുള്ള വിശ്വാസത്തിനും കോട്ടം തട്ടിയിട്ടില്ല.

ഡീപ് സ്റ്റേറ്റും ജോര്‍ജ്ജ് സോറോസും ഉള്‍പ്പെട്ട ഗ്രൂപ്പ് ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ വീഴ്‌ത്താനുള്ള അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന ആരോപണങ്ങളുടെ തുടര്‍ച്ചയായി അവരുടെ സ്വാധീന മേഖലകളില്‍ എല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. കെനിയയില്‍ അദാനിയ്‌ക്ക് ലഭിച്ച ഊര്‍ജ്ജക്കരാര്‍ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ബംഗ്ലാദേശ് സര്‍ക്കാര്‍ വരുത്തിവെച്ച വന്‍കുടിശ്ശിക മൂലം അവിടേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് അദാനിയ്‌ക്കെതിരെ വലിയ സമ്മര്‍ദ്ദം അമേരിക്കയുള്‍പ്പെടെ നടത്തുന്നുണ്ട്. എങ്കിലും അതൊന്നും അദാനിയുടെ വളര്‍ച്ചയ്‌ക്ക് വിഘാതമാകില്ലെന്ന് രാജീവ് ജെയിന്‍ പറയുന്നു.

ആകെ വന്‍വികസനത്തിനായി ഭാവിയില്‍ ഫണ്ട് തേടുമ്പോള്‍ ചില പ്രതിസന്ധികള്‍ മാത്രമാണ് അദാനിയ്‌ക്ക് നേരിടേണ്ടിവരിക. പ്രത്യേകിച്ച് അമേരിക്കയില്‍ നിന്നുള്ള കമ്പനികളുടെയും വ്യക്തികളുടെയും ഫണ്ടിംഗ്. പക്ഷെ ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളോ പൊതുമേഖലാ ബാങ്കുകളോ അദാനിയ്‌ക്ക് ഫണ്ട് നല്‍കുന്നതില്‍ യാതൊരു നീരസവും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. അതിനാല്‍ ആ ഫണ്ട് വെച്ച് അദാനി വികസനപദ്ധതികള്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷ.

എന്തായാലും ജനവരി 20ന് ട്രംപ് വരും. അതോടെ അദാനിയ്‌ക്കെതിരായ ജോ ബൈഡന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ചിലരും ജോര്‍ജ്ജ് സോറോും അദ്ദേഹത്തിന്റെ ശൃംഖലകളും നടത്തുന്ന യുദ്ധം ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷ. അതുവരെയുള്ള നാളുകളില്‍ കടുത്ത അഗ്നിപരീക്ഷകളായിരിക്കും അദാനി നേരിടേണ്ടിവരിക. അപ്പോള്‍ പോലും അമേരിക്കയിലെ പ്രോസിക്യൂട്ടറുടെ ഉത്തരവുകള്‍ക്കും ശിക്ഷാവിധികള്‍ക്കും ഇന്ത്യയുടെ അതിര്‍ത്തിയ്‌ക്കകത്ത് നിയമസാധുത ഇല്ലാത്തതിനാല്‍ അത് വെറും കടലാസ് പുലിയായി ഒടുങ്ങും.

 

 

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക