ന്യൂദല്‍ഹി :: തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെന്നതിന്റെ പേരില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ രാജിവയ്‌ക്കണമെന്ന ചില കേന്ദ്രങ്ങളില്‍ നിന്നുളള ആവശ്യം അത്ഭുതപ്പെടുത്തുവെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍. എന്താണ് ഈ ആവശ്യത്തിന് പിന്നിലെ യുക്തി എന്ന് മനസിലാകുന്നില്ലെന്ന് പ്രകാശ് ജാവദേക്കര്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു.
ഈ യുക്തി അനുസരിച്ചാണെങ്കില്‍ തെരഞ്ഞെടുപ്പ് തോല്‍വികളുടെ പേരില്‍ പിണറായി വിജയന്‍ രാജിവയ്‌ക്കണം. മഹാരാഷ്‌ട്ര, ഹരിയാന തോല്‍വികളുടെ പേരില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാജിവെക്കേണ്ടതാണ്. ഇത്തരം വാര്‍ത്തകള്‍ തീര്‍ത്തും അസംബന്ധമാണെന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
ഇടതു വലതു മുന്നണികള്‍ അഭ്യൂഹം പ്രചരിപ്പിക്കുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍ നേരത്തെ നടത്തിയ പ്രതികരണങ്ങളില്‍ വ്യക്തമാക്കിയിരുന്നു. കേരള രാഷ്‌ട്രീയത്തില്‍ മാറ്റമുണ്ടാക്കാന്‍ ബിജെപി ഉണ്ടാകും. ജനങ്ങള്‍ ബിജെപിയെ ഉറ്റുനോക്കുകയാണെന്നും തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പോരാട്ടം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വം വിലക്കേര്‍പ്പെടുത്തി. ചൊവ്വാഴ്ച സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരീക്ഷകരുടെ യോഗം കൊച്ചിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക