India

ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ടവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

Published by

ന്യൂദൽഹി: ഇന്ത്യയിലെ വോട്ടർമാർ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസം പുലർത്തുന്നവരണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് മോശം പ്രതിപക്ഷ പാർട്ടികളെ തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരിക്കുന്നുവെന്നും മോദി പറഞ്ഞു. ജനങ്ങളുടെ ശബ്ദം പാർലമെൻ്റിലുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെൻ്റ് സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

2024 ന്റെ അവസാന മാസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യം 2025നെ വരവേൽക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ്. പാർലമെന്റെിന്റെ ഈ സമ്മേളനം പല വിധത്തിൽ സവിശേഷതയുള്ളതാണ്. നാളെ ഭരണഘടനയുടെ 75-ാം വർഷം ആഘോഷിക്കപ്പെടാൻ പോകുകയാണ്. സംവിധാൻ സദനിൽ ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കപ്പെടും. ഈ അവസരത്തിൽ ആരോഗ്യകരമായ ചർച്ചകൾ എല്ലാവരുടെ ഭാഗത്ത് നിന്നുമുണ്ടാകണം.

ഇന്ത്യയിലെ വോട്ടർമാർ ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസം പുലർത്തുന്നവരാണ്. എന്നാൽ ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ടവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്നു. ജനങ്ങൾ അവരുടെ എല്ലാ പ്രവർത്തനങ്ങളും വിലയിരുത്തി സമയമാകുമ്പോൾ ശിക്ഷിക്കുന്നു. അത്തരത്തിൽ 80-90 തവണ ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ടവരുണ്ട്. അവർ പാർലമെന്റിൽ സമാധാനപരമായ ചർച്ചകൾ നടത്താൻ അനുവദിക്കുന്നില്ല. ഇത്തരക്കാർ ജനാധിപത്യത്തെയോ ജനങ്ങളെയോ മാനിക്കുന്നില്ലെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിക്കാത്തതിനാലാണ് ഇവർ പരാജയപ്പെടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പാർലമെൻ്റ് തടസപ്പെടുന്നതുകാരണം ഏറ്റവും അധികം പ്രയാസം നേരിടുന്നത് യുവ എം. പിമാർക്കാണ്. കാര്യക്ഷമമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നത്. സഭ തടസപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് പിന്തുണയില്ലെന്നും മോദി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by