ശബരിമല: മണ്ഡലകാലം ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 41.64 കോടി രൂപ. നവംബര്‍ 15 മുതല്‍ 23 വരെയുള്ള മൊത്തം നടവരവ് 41,64,00,065 രൂപയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ ലഭിച്ച ആകെ വരുമാനത്തേക്കാള്‍ 13,33,79,701 കോടി രൂപ വര്‍ധിച്ചിട്ടുണ്ട്.
മണ്ഡലകാലം ഒമ്പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ ശബരിമല ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിച്ചേര്‍ന്നത് 6,12,290 തീര്‍ഥാടകരാണ്. ഇക്കാലയളവില്‍ 3,03,501 തീര്‍ഥാടകര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായി എത്തി. കഴിഞ്ഞ വര്‍ഷം ഈ സമയം 3,08,781 പേരാണ് ദര്‍ശനത്തിനെത്തിയത്.
2,21,30,685 രൂപ അപ്പത്തില്‍ നിന്നും 17,71,60,470 രൂപ അരവണയില്‍ നിന്നും 13,92,31,625 രൂപ കാണിക്കയായും ലഭിച്ചു. കഴിഞ്ഞ വര്‍ഷം 28,30,20,364 രൂപയാണ് ഒമ്പത് ദിവസത്തെ വരുമാനം. അപ്പത്തില്‍ നിന്ന് 1,80,27,000 രൂപയും അരവണയില്‍ നിന്ന് 11,57,13,950 രൂപയും കാണിക്കയായി 9,0363,100 രൂപയുമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്.
തീര്‍ഥാടകരുടെ എണ്ണം ഉയര്‍ന്നതും എല്ലാവര്‍ക്കും സുഖ ദര്‍ശനം ഒരുക്കിയതും വരുമാനം വര്‍ധിക്കാന്‍ കാരണമായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക