World

വരാനിരിക്കുന്നത് കടുത്ത വരൾച്ച: 2014 മുതൽ ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് ​ഗണ്യമായി കുറഞ്ഞെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്

Published by

2014 മെയ് മുതൽ ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞുതുടങ്ങിയെന്നും വരാനിരിക്കുന്നത് കടുത്ത വരൾച്ചയെന്നും മുന്നറിയിപ്പുമായി ശാസ്ത്രലോകം. ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് കുറയുന്ന സാഹചര്യം ഇപ്പോഴും തുടരുകയാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. നാസ-ജർമ്മൻ ഉപഗ്രഹങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ശാസ്ത്രലോകം ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

നാസയുടെയും ജർമനിയുടെയും സംയുക്ത പദ്ധതിയായ ​ഗ്രെയ്സ് (​ദ ​ഗ്രാവിറ്റി റിക്കവറി ആൻഡ് ക്ലൈമറ്റ് എക്സ്പിരിമെന്റ്) നിരീക്ഷിച്ച ലോകത്തിലെ ഏറ്റവും തീവ്രമായ 30 വരൾച്ചകളിൽ 13 എണ്ണവും 2015 ജനുവരി മുതലാണ് ഉണ്ടായതെന്ന് ഗവേഷകരുടെ സംഘം റിപ്പോർട്ട് ചെയ്യുന്നു. നിലവിലുണ്ടാകുന്ന ശുദ്ധജലത്തിന്റെ കുറവിന് പിന്നിൽ ആഗോളതാപനമാകാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.ഭൂമിയിലെ ഭൂഖണ്ഡങ്ങൾ വരണ്ട ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നതിന് തെളിവാണ് ഈ മാറ്റമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290 ക്യുബിക് മൈൽ ശുദ്ധജലം നഷ്ടമായിട്ടുണ്ട്. സാധാരണഗതിയിൽ, കാലാവസ്ഥാ ആന്ദോളനം അവസാനിച്ചതിന് ശേഷം ശുദ്ധജലം വീണ്ടെടുക്കാറുണ്ട്. എന്നാൽ 2023 വരെയുള്ള സമീപകാല ഉപഗ്രഹ ചിത്രങ്ങൾ അനുസരിച്ച് ശുദ്ധജലനിരപ്പ് ഇനിയും വീണ്ടെടുക്കാനുണ്ടത്രെ.ഇത് ഇനിയൊരിക്കലും വീണ്ടെടുക്കാനാവില്ലെന്നും പഠനം പറയുന്നു.

watercommission.org നടത്തിയ മറ്റൊരു പഠനത്തിൽ, വിനാശകരമായ ഭൂവിനിയോഗവും ജലസ്രോതസ്സുകളുടെ ദുരുപയോഗവും 300 കോടി ജനങ്ങൾ ശുദ്ധ ജലത്തിനായി ബുദ്ധിമുട്ടുന്നുവെന്നാണ്. ആഗോളതാപനം കൂടുതൽ ജലബാഷ്പീകരണത്തിന് കാരണമാകുകയും തീവ്രമായ മഴയ്‌ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് നാസ ഗോഡ്ഡാർഡ് കാലാവസ്ഥാ നിരീക്ഷകൻ മൈക്കൽ ബോസിലോവിച്ച് പറയുന്നു.

വടക്കൻ, മധ്യ ബ്രസീലിലെ വരൾച്ചയോടെ ആഗോളതലത്തിൽ ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞു. സമാനസംഭവങ്ങൾ ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും നിരീക്ഷിക്കപ്പെട്ടതായി പഠന റിപ്പോർട്ടുകൾ പറയുന്നു.വരാനിരിക്കുന്ന വരൾച്ചയുടെ സൂചനയാകാമിതെന്ന് നാസയുടെ ഗൊദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെൻ്ററിലെ ജലശാസ്ത്രജ്ഞനായ മാത്യു റോഡെൽ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by