പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ വിശ്വസ്തമായ പെര്‍ത്തിലെ പിച്ചില്‍ മൂന്നാം ദിവസവും ഭാരത ആധിപത്യം. രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ മുന്നില്‍ വച്ച 534 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുയര്‍ത്തിയ ആതിഥേയര്‍ക്ക് നേരേ ജസ്പ്രീത് ബുംറ തുടക്കത്തിലേ കനത്ത ആഘാതമേല്‍പ്പിച്ചു. യശസ്വി ജയ്‌സ്വാളിന്റെയും വിരാട് കോഹ്‌ലിയുടെയും ക്ലാസിക് സെഞ്ച്വറിയുടെ ബലത്തിലാണ് ഭാരതം രണ്ടാം ഇന്നിങ്‌സില്‍ 487 റണ്‍സ് നേടിക്കൊണ്ട് 533 റണ്‍സ് ലീഡ് നേടിയത്. മത്സരത്തിന് മൂന്നും നാലും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ മൂന്നിന് 12 റണ്‍സ് എന്ന നിലയിലാണ്.
സ്‌കോര്‍: ഭാരതം- 150, 487/6(ഡിക്ലയേര്‍ഡ്); 104, 12/3(ഓവറുകള്‍ 4.2)
വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് നാലാം പന്തില്‍ തന്നെ കാലിടറി. ഭാരത നായകന്‍ ബുംറ നല്‍കിയ ആ തുടക്കത്തിന് പോലും വര്‍ണനകള്‍ക്കപ്പുറമൊരു ക്ലാസിക് ചാതുരിയുണ്ട്. ആതിഥയ ഓപ്പണര്‍ നഥാന്‍ മക്‌സ്വീനി സ്‌ട്രൈക്ക് ചെയ്യുന്നു, സ്ലിപ്പില്‍ കാത്ത് നില്‍ക്കുന്ന മൂന്ന് ഭാരത ഫീല്‍ഡര്‍മാരുടെ കൈകളില്‍ പന്തെത്തിക്കാന്‍ ബുംറ പന്തിനെ മൂന്ന് തവണ ഔട്ട്‌സ്വിങ് ചെയ്യിച്ചു. പന്ത് എഡ്ജ് ചെയ്യിക്കാതെ ശ്രദ്ധാപൂര്‍വ്വം മക്‌സ്വീനി ക്രീസില്‍ നിന്നു. പക്ഷെ നാലാം പന്തില്‍ നായകന്റെ വിസ്മയ വിരലുകളില്‍ നിന്നുതിര്‍ന്നത് ഇന്‍സ്വിങ്ങര്‍. പെട്ടെന്നുള്ള ഈ ഡീവിയേഷനില്‍ ഓസീസ് ഓപ്പണര്‍ പതറി. ബുംറ അര്‍ഹിച്ച എല്‍ബിഡബ്ലിയു വിക്കറ്റ് അപ്പീല്‍ ചെയ്തുറപ്പിച്ചു.
പിന്നീട് അര മണിക്കൂറില്‍ താഴെ മാത്രമേ ഇന്നലത്തെ മത്സരം അവശേഷിച്ചുള്ളൂ. നായകന്‍ പാറ്റ് കമ്മിന്‍സ് ലാസ്റ്റ് വാച്ച്മാനായി ക്രീസിലെത്തി. ഒരുവിധത്തില്‍ കൂടുതല്‍ നഷ്ടം വരുത്താതെ മത്സരം ഇന്നത്തേക്ക് നീട്ടിയെടുക്കാനുള്ള സകല അടവും കമ്മിന്‍സ് പയറ്റി. ബുംറയുടെ പന്തുകളെ നെടുവീര്‍പ്പിട്ടെന്നോണമാണ് ഏറ്റെടുത്തത്. അതിന്റെ ക്ഷീണം മുഹമ്മദ് സിറാജിന്റെ പന്തില്‍ തീര്‍ക്കാമെന്ന് കമിന്‍സ് ഉറപ്പിച്ചു. സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ അല്ലാത്ത കമ്മിന്‍സിനെ സിറാജ് അതിവേഗം കെണിയില്‍പ്പെടുത്തി. 3.1-ാം ഓവറില്‍ കമിന്‍സ് നേരിട്ട പന്ത് എഡ്ജ് ചെയ്ത് രണ്ടാം സ്ലിപ്പില്‍ നിന്ന കോഹ്‌ലിയുടെ കൈകളില്‍ വിശ്രമിച്ചു. അടുത്ത ഓവറിന്റെ രണ്ടാം പന്തില്‍ മാര്‍നസ് ലഭൂഷെയ്ന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ബുംറയ്‌ക്ക് ഇന്നിങ്‌സിലെ രണ്ടാം വിക്കറ്റ്.
ക്ലാസിസ് സെഞ്ച്വറിയുമായി ജയ്‌സ്വാള്‍, കോഹ്‌ലി
തലേന്ന് ഓപ്പണിങ് വിക്കറ്റില്‍ നേടിയ 172 റണ്‍സുമായി ഇന്നലെ രാവിലെ ബാറ്റിങ് ആരംഭിച്ച ഭാരതം ആദ്യ മണിക്കൂറില്‍ തന്നെ ആഹ്ലാദത്തിനുള്ള വകകള്‍ കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന ബാറ്ററായി ജയ്‌സ്വാള്‍ കളംപിടിച്ചു. ഓസീസിനായി ആദ്യദിനം നാല് ഭാരത വിക്കറ്റുകള്‍ വീഴ്‌ത്തിയ ജോഷ് ഹെയ്‌സല്‍വുഡിനെ സിക്‌സര്‍ പറത്തിക്കൊണ്ട് കരിയറിലെ നാലാമത്തെ ടെസ്റ്റ് സെഞ്ച്വറി തികച്ചു. ജയ്‌സ്വാളും കെ.എല്‍. രാഹുലും ചേര്‍ന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് 200 റണ്‍സിലേക്ക് കടന്നു. ഇരുവരും ഓസ്‌ട്രേലിയന്‍ പിച്ചില്‍ ഭാരത ഓപ്പണര്‍മാര്‍ നേടുന്ന ഏറ്റവും വിലയ സ്‌കോറിന്റെ റിക്കാര്‍ഡ് മറികടക്കുകയായിരുന്നു. 1986ല്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും ക്രിസ് ശ്രീകാന്തും ചേര്‍ന്നെടുത്ത 191 റണ്‍സ് ആണ് തിരുത്തിയത്. സിഡ്‌നിയിലായിരുന്നു ആ മത്സരം. ഇന്നലെ പെര്‍ത്തില്‍ ഭാരതത്തിന്റെ രണ്ടാം ഇന്നിങ്‌സ് ടോട്ടല്‍ 201ലെത്തിയപ്പോള്‍ രാഹുല്‍(176 പന്തില്‍ 77 റണ്‍സ്) പുറത്തായി.
പകരമെത്തിയ ദേവ്ദത്ത് പടിക്കല്‍(25) ജയ്‌സ്വാളിനൊപ്പം 74 റണ്‍സ് കൂട്ടിചേര്‍ത്ത് മടങ്ങി. ഭാരതം 300 കടന്നപാടെ തകര്‍പ്പന്‍ പ്രകടനവുമായി നിന്ന ജയ്‌സ്വാള്‍ മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ പുറത്തായി. 297 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 161 റണ്‍സെടുത്തു. ഈ സമയം 313 റണ്‍സെടുത്ത ഭാരതത്തിന് ഋഷഭ് പന്തിനെയും(ഒന്ന്) ധ്രുവ് ജുറെലിനെയും(ഒന്ന്) വളരെ വേഗം നഷ്ടപ്പെട്ടു. എട്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റ് പോയപ്പോള്‍ ഓസീസ് മത്സരം തിരിച്ചുപിടിക്കുകയാണെന്ന് തോന്നിച്ചു. പക്ഷെ മറുവശത്ത് നിന്ന വിരാട് കോഹ്‌ലി തന്റെ ഫോം തിരിച്ചുപിടിക്കുന്ന ക്ലാസിക് ബാറ്റിങ്ങിനാണ് പെര്‍ത്ത് പിന്നീട് സാക്ഷിയായത്.
കോഹ്‌ലിയെ എഴുതിതള്ളാനായില്ലെന്ന റിക്കി പോണ്ടിങ് അടക്കമുള്ള ഓസീസ് ക്രിക്കറ്റ് പണ്ഡിറ്റുകള്‍ പരമ്പരയ്‌ക്ക് മുമ്പ് നടത്തിയ വിലയിരുത്തല്‍ ശരിവച്ചുകൊണ്ടായിരുന്ന ഭാരത മുന്‍ നായകന്റെ പ്രകടനം. കോഹ്‌ലിക്ക് പിന്തുണയുമായി ഏറെ നേരം പൊരുതി നിന്ന വാഷിങ്ടണ്‍ സുന്ദര്‍(29) നഥാന്‍ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത് 89 റണ്‍സ്. പിന്നീടെത്തിയ നിതീഷ് റെഡ്ഡി കോഹ്‌ലിയെ പിന്തുണയ്‌ക്കുന്നതിനൊപ്പം അതിവേഗം റണ്‍സ് അടിച്ചുകയറ്റുകയും ചെയ്തു. 27 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഭാരത ലീഡ് അഞ്ഞൂറ് കടക്കുമ്പോള്‍ മത്സരം ഇന്നലെ മൂന്നാം സെഷനിലെത്തിയിരുന്നു. ഏത് സമയവും സെഞ്ചുറി നേടാമെന്ന നിലയിലെത്തിയ കോഹ്‌ലിക്ക് അവസരം നല്‍കാന്‍ വേണ്ടി കാത്തിരുന്നു. 135-ാം ഓവര്‍ എറിഞ്ഞ ലഭൂഷെയ്‌ന്റെ പന്ത് ഫൈന്‍ ലെഗ്ഗിലേക്ക് ബൗണ്ടറി പായിച്ച് കോഹ്‌ലി കരിയറിലെ 81-ാം സെഞ്ച്വറി(പുറത്താകാതെ 143 പനതുകളില്‍ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറും സഹിതം 100) തികച്ചു. ഭാരതം 533. ഓസീസിനായി ലിയോണ്‍ രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്ല്‍വുഡ്, കമ്മിന്‍സ്, മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: