India

ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടി; ഇത് കാലം കരുതിവച്ച കാവ്യനീതി

Published by

മുംബൈ: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഭരണം പിടിക്കാനിറങ്ങിയ ഉദ്ധവ് താക്കറെയ്‌ക്ക് മറാത്താ മണ്ണ് നല്‍കിയത് കാലം കരുതിവെച്ച കാവ്യനീതി. ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ബാല്‍ താക്കറെയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട ഉദ്ധവ് താക്കറെയ്‌ക്ക് കാര്യമായ സ്വാധീനമെന്നും ചെലുത്താനായില്ല.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ശിവസേന ഫലം വന്നതിനുപിന്നാലെ എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി മഹാരാഷ്‌ട്രയുടെ ഭരണതലപ്പത്ത് എത്തിയ വ്യക്തിയായി അങ്ങനെ ഉദ്ധവ് മാറി. ബിജെപിക്ക് അന്ന് 105 സീറ്റുകള്‍ ലഭിച്ചിരുന്നെങ്കിലും അവിശുദ്ധ കൂട്ടുകെട്ടിലൂടെ ജനവിധിയെ അട്ടിമറിക്കുകയായിരുന്നു കോണ്‍ഗ്രസ് – എന്‍സിപി- ശിവസേന സഖ്യം. എന്നാല്‍ മനംമടുത്ത ഒരു വിഭാഗം എംഎല്‍എമാര്‍ രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ബിജെപിക്കൊപ്പം ചേരുകയായിരുന്നു. ഏക്‌നാഥ് ഷിന്‍ഡേയ്‌ക്ക് ബിജെപി മുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്തു. ഷിന്‍ഡേ വിഭാഗത്തിനെതിരെ ഉദ്ധവ് താക്കെറ വിഭാഗം തെരഞ്ഞെടുപ്പ് കമ്മിഷനെ വരെ സമീപിച്ചു. എന്നാല്‍ ഔദ്യോഗിക പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഷിന്‍ഡേ പക്ഷത്തിന് അനുവദിക്കുകയായിരുന്നു.

ലോക്സഭാ തെഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇന്‍ഡിസഖ്യത്തിന് ഒപ്പം നിന്നു എന്നത് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കി. കോണ്‍ഗ്രസ് 13 സീറ്റ് നേടിയപ്പോള്‍ ഉദ്ധവിന്റെ എസ്എച്ച്എസ് യുബിടിക്ക് ഒന്‍പതും എന്‍സിപിഎസ്പിക്ക് എട്ടും സീറ്റും ലഭിച്ചിരുന്നു. ഈ കണക്ക് കൂട്ടലില്‍ മഹാവികാസ് അഘാഡി സഖ്യത്തില്‍ സീറ്റിനായി പാര്‍ട്ടികള്‍ തമ്മിലടിച്ചു. ഭരണം ലഭിക്കുമെന്ന് ഉറപ്പിച്ച് വോട്ടെടുപ്പിന് മുമ്പ് തന്നെ ഉദ്ധവും കോണ്‍ഗ്രസും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്ത് വരികയും ചെയ്തിരുന്നു.
ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങി എന്നതിനപ്പുറം മറാത്താ മണ്ണില്‍ ഉദ്ധവിനും മകന്‍ ആദിത്യ താക്കറേയ്‌ക്കും യാതൊരു സ്വാധീനവും ഇല്ലെന്ന് കൂടി തെളിയിക്കപ്പെടുകയാണ്. അന്‍പതിലധികം സീറ്റുകളില്‍ ഷിന്‍ഡേയുടെയും ഉദ്ധവ് താക്കറെയുടെയും സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരുന്നു. ഷിന്‍ഡേ വിഭാഗം നടത്തിയ മുന്നേറ്റം വരുംനാളുകളില്‍ ഉദ്ധവിനും മകനും കൂടുതല്‍ തിരിച്ചടിയുണ്ടാക്കും എന്നുറപ്പായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക