Entertainment

സിനിമയുടെ വിസ്മയലോകത്ത്  പേയാടിന്റെ ശ്രീ തിരക്കിലാണ്

Published by

സിനിമയുടെ വിസ്മയലോകത്ത് തിരക്കുള്ള താരമാവുകയാണ് പേയാട് ഭജനമഠം ചിത്തിര വീട്ടില്‍ ശ്രീരംഗ് എന്ന എട്ടാംക്ലാസുകാരന്‍. ആറാമത്തെ വയസില്‍ ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ‘അപ്പു’ എന്ന ഷോര്‍ട് ഫിലിം ചെയ്താണ് ശ്രീരംഗ് അഭിനയ ലോകത്തെത്തുന്നത്. പിന്നീട് നിരവധി ടെലിവിഷന്‍ സീരിയലുകളിലും 25 ല്‍ അധികം പരസ്യ ചിത്രങ്ങളിലും പ്രതിഭ തെളിയിച്ചു.

ഏഴാം വയസില്‍ ഫെസ്റ്റിവല്‍ മൂവിയായ ഇന്‍ലന്‍ഡില്‍ അഭിനയിച്ചു. നമോ, കാപ്പ, പാപ്പച്ചന്‍ ഒളിവിലാണ്, മാരിവില്ലിന്‍ ഗോപുരങ്ങള്‍, ഹണ്ട്, കഥ ഇന്നുവരെ, എആര്‍എം തുടങ്ങിയവയാണ് റിലീസ് ആയ സിനിമകള്‍. ഇതില്‍ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത എആര്‍എമ്മിലെ ടോവിനോയുടെ കുട്ടിക്കാലവും, ചിത്രത്തിലെ ‘അങ്ങുവാന കോണിലെ…’ എന്ന പാട്ടുസീനിലെ അഭിനയവും ശ്രീരംഗിനെ പ്രേക്ഷക പ്രിയനാക്കി.

വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ശ്രീക്കുട്ടനായി അഭിനയിച്ചിരിക്കുന്നത് ശ്രീരംഗാണ്. അജുവര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവരും ശ്രീക്കുട്ടന്റെ സുഹൃത്തുക്കളായെത്തുന്ന ഒരുകൂട്ടം കുട്ടികളുമാണ് താരങ്ങള്‍. വരാഹം, ഐഡന്റിറ്റി, ഔസേപ്പിന്റെ ഒസ്യത്ത്, നാലരസംഘം, അനോമി, പൊങ്കാല തുടങ്ങിയവയാണ് ഇനി വാരാനിരിക്കുന്ന സിനിമകള്‍. ഇതുവരെ അഭിനയിച്ച 16 സിനിമകളിലും ക്യാരക്ടര്‍ വേഷങ്ങള്‍ തന്നെ ചെയ്യാന്‍ കഴിഞ്ഞു എന്നത് ഭാഗ്യമായി ശ്രീരംഗ് കരുതുന്നു. പേയാടിന്റ അഭിമാനമായ ശ്രീരംഗ് ഒരുപിടി ചിത്രങ്ങളില്‍ അഭിനയിക്കാനും ധാരണയായി.

വീട്ടിലാര്‍ക്കും സിനിമാ പശ്ചാത്തലമില്ല. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷൈന്‍-ലിഷ ദമ്പതികളുടെ മകനായ ശ്രീരംഗ്. ഏഴു വയസുകാരനായ അനുജന്‍ ശ്രീകാര്‍ത്തിയും ബാലതാരമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by