ന്യൂദല്‍ഹി: ഹരിയാനയ്‌ക്ക് പിന്നാലെ മഹാരാഷ്‌ട്രയിലും തിരിച്ചടികള്‍ നേരിട്ടതോടെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഒറ്റയടിക്ക് പത്തുവര്‍ഷം പിന്നോട്ട് പോ
യി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള അവസ്ഥയിലേക്കാണ് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ വീഴ്ച. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ വലിയ മുന്നേറ്റം കാഴ്ച വെച്ചെന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ അവസ്ഥ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നതായി മഹാരാഷ്‌ട്രയിലെ മഹായുതി സഖ്യത്തിന്റെ ഉജ്വല വിജയം മാറി.
അവിശ്വസനീയമായ മുന്നേറ്റമാണ് ബിജെപിയും സഖ്യകക്ഷികളായ ശിവസേനയും എന്‍സിപിയും മഹാരാഷ്‌ട്രയില്‍ കാഴ്ചവെച്ചത്. ആകെയുള്ള 288 സീറ്റുകളില്‍ 231 ഇടത്തും സഖ്യം വിജയിച്ചു. മഹാരാഷ്‌ട്രയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. ഏകനാഥ് ഷിന്‍ഡെയെയും അജിത് പവാറിനെയും ബിജെപി ക്യാമ്പിലെത്തിച്ച് ദേവേന്ദ്ര ഫട്നാവിസും ബിജെപിയും നടത്തിയ രാഷ്‌ട്രീയ നീക്കത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലം കണ്ടുവെന്ന് വ്യക്തം. ലോക്സഭയില്‍ ഈ സഖ്യം തിരിച്ചടി നേരിട്ടെങ്കിലും പരാജയം സംഭവിച്ച മേഖലകള്‍ കണ്ടുപിടിച്ച് തിരുത്തിയതും താഴേത്തട്ടിലുള്ള പ്രവര്‍ത്തനം കൃത്യമായി നിര്‍വഹിച്ചതുമാണ് മഹായുതി സഖ്യത്തിന്റെ വിജയ കാരണം. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ രണ്ട് അതികായന്മാരുടെ ദയനീയമായ അവസ്ഥയ്‌ക്കും തെരഞ്ഞെടുപ്പു ഫലം വഴിവെച്ചു. ബാല്‍ താക്കറെയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്‌ക്കും എന്‍സിപി തലവനും മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറിനും മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ ഇതിന് മേല്‍ തിരിച്ചടി ലഭിക്കാനില്ലാത്ത അവസ്ഥ. ഉദ്ധവിന്റെ ശിവസേന ഇരുപത് സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ശരദ് പവാറിന്റെ എന്‍സിപി കേവലം പത്തുസീറ്റുകളിലേക്ക് മാത്രമാണ് വിജയിച്ചത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥ ശിവസേന ഉയര്‍ന്നുവരുന്ന കാഴ്ചകള്‍ക്കും മഹാരാഷ്‌ട്ര സാക്ഷ്യം വഹിച്ചു. 57 സീറ്റുകള്‍ ഷിന്‍ഡെയ്‌ക്ക് വിജയിക്കാനായി. ലോക്സഭയില്‍ ദയനീയമായി തിരിച്ചടി നേരിട്ട അജിത് പവാറിന് 41 സീറ്റുകളിലെ മിന്നും വിജയമാണ് നിയമസഭാ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്.
ഝാര്‍ഖണ്ഡിലാവട്ടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് ഭരണകക്ഷിയായ ജെഎംഎം ആണ്. 81 അംഗ അസംബ്ലിയില്‍ അവര്‍ക്ക് 34 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 21 സീറ്റുകളോടെ ബിജെപി മുഖ്യപ്രതിപക്ഷമായി. ജെഎംഎമ്മിന്റെ പിന്തുണയോടെ 16 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. മഹാരാഷ്‌ട്രയിലും ഝാര്‍ഖണ്ഡിലുമായി 350ലേറെ നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നപ്പോള്‍ വെറും 30 ഇടത്തു മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.
മുഖ്യപ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് പത്തുശതമാനം സ്ഥലത്തു
പോലും വിജയിക്കാനാവാത്ത സ്ഥിതി. എന്നാല്‍ ബിജെപിയാവട്ടെ 154 മണ്ഡലങ്ങളില്‍ വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന 48 നിയമസഭാ മണ്ഡലങ്ങളില്‍ 22 ഇടത്ത് വിജയിക്കാ
നും ബിജെപിക്കായി.
സഖ്യകക്ഷികളുടെ കൂടി കണക്കിലെടുത്താല്‍ വിജയശതമാനം ഇനിയും ഉയരും. ദേശീയ തലത്തില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും വലിയ ആത്മവിശ്വാസം ലഭിച്ച തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് സമാപനം കുറിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ദല്‍ഹി, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ട ഊര്‍ജ്ജവും ബിജെപിക്കും മോദി സര്‍ക്കാരിനും നല്‍കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിധികള്‍ക്കായി.
രാഹുലിന്റെ നേതൃത്വം പരാജയമെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായതോടെ വയനാട്ടില്‍ നിന്ന് വിജയിച്ച് ലോക്സഭയിലേക്കെത്തുന്ന പ്രിയങ്കാ ഗാന്ധിയെക്കൂടി മുന്നില്‍ നിര്‍ത്തിയാവും ഇനിയുള്ള രാഷ്‌ട്രീയ നാടകങ്ങള്‍ എന്ന മാറ്റം മാത്രമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് ഫലം വരുത്താന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക