മനില: ഫിലിപ്പീൻസ് പ്രസിഡന്റിനെതിരെ വധഭീഷണിയുമായി വൈസ് പ്രസിഡന്റ്. താൻ വധിക്കപ്പെട്ടാൽ പ്രസിഡന്റ് ഫെർഡിനന്റ് മാർകോസ് ജൂനിയറും കൊല്ലപ്പെടുമെന്നാണ് വൈസ് പ്രസിഡന്റ് സാറ ഡുറ്റർട്ടെയുടെ മുന്നറിയിപ്പ്. ഇതിനായി താൻ ഒരു കൊലയാളിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സാറ വെളിപ്പെടുത്തി. പ്രസിഡന്റിനെയും ഭാര്യയേയും ജനപ്രതിനിധി സഭാ സ്പീക്കറേയും കൊലപ്പെടുത്താനാണ് താൻ കൊലയാളിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് എന്നാണ് സാറ വാർത്താസമ്മേളനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞത്.
സാറയുടെ പരാമർശം ഫിലിപ്പിൻസിൽ വൻ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. പൊലീസും അന്വേഷണം ആരംഭിച്ചു.ഫിലിപ്പീൻസിൽ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പ്രത്യേകമാണ് തിരഞ്ഞെടുക്കുന്നത്.
എതിരാളികളായ രാഷ്‌ട്രീയ കുടുംബങ്ങളിൽപ്പെട്ടവരാണ് നിലവിൽ ഈ പദവികൾ വഹിക്കുന്നത്. മുൻ സ്വേച്ഛാധിപതി ഫെർഡിനന്റ് മാർകോസിന്റെ മകനാണ് മാർകോസ് ജൂനിയർ. മുൻ പ്രസിഡന്റ് റൊഡ്രിഗോ ഡുറ്റർട്ടെയുടെ മകളാണ് സാറ. കഴിഞ്ഞ ഏതാനും മാസങ്ങളായി സാറയും മാർകോസ് ജൂനിയറും തമ്മിൽ കടുത്ത ഭിന്നതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: